Connect with us

Wayanad

പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും ജില്ലാ ആശുപത്രി പ്രവര്‍ത്തനം അവതാളത്തില്‍

Published

|

Last Updated

മാനന്തവാടി: പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യ വകുപ്പ് അധികൃതര്‍ നിസ്സംഗമായി നില്‍ക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാറില്ല, മരുന്നില്ല. രോഗികള്‍ക്ക് ഒട്ടും കുറവുമില്ല.
ജില്ലയിലെ ആദിവാസികളടക്കമുള്ള രോഗികള്‍, അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലെ പാട്ടവയല്‍, ദേവര്‍ഷോല, കര്‍ണ്ണാടകയിലെ കുട്ട, ബൈരക്കുപ്പ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള രോഗികള്‍ ചികിത്സക്ക്ആശ്രയിക്കുന്നത് മാനന്തവാടി ജില്ലാ ആശുപത്രിയെയാണ്. സമീപ ജില്ലകളിലെ തൊട്ടില്‍പ്പാലം, പൂതന്‍പാറ, കാവിലംപാറ, കേളകം, കൊട്ടിയൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള രോഗികളും ചികിത്സ തേടിയെത്തുന്നത് ഇവിടെയാണ്. 2000 മാണ്ടില്‍ നിര്‍മാര്‍ജ്ജനം ചെയ്തു എന്നവകാശപ്പെട്ട കുഷ്ടരോഗത്തിന് ഇന്ന് 12 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം 368 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം ഏഴുമാസം കൊണ്ട് 729 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. 26 പേര്‍ക്ക് ഡെങ്കിപ്പനി, അഞ്ച് പേര്‍ക്ക് കോളറ, എട്ട് പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. ഇത്തരം രോഗ ലക്ഷണങ്ങളുമായി എത്തുന്ന നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്.
ആശുപത്രിയില്‍ ആത്യന്താപേക്ഷിതമായ വെന്റിലേറ്ററുകള്‍ എല്ലാം നിര്‍ജ്ജീവം. മൂന്ന് വെന്റിലേറ്ററുകള്‍ ഉള്ളതില്‍ മൂന്നും ഉപയോഗ ശൂന്യമായി കിടക്കുകയാണ്. വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ശ്വാസ കോശ രോഗങ്ങളുമായി എത്തുന്നവര്‍ ബുദ്ധിമുട്ടിലാണ്. ആദിവാസികളടക്കമുള്ളവരുടെ ശിശുമരണ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നു. ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിനുള്ള വീല്‍ ചെയറുകളോ , സ്ട്രക്ക്ച്ചറുകളോ ഇവിടെയില്ല. ആശുപത്രിയിലെ വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്യുന്നവര്‍ ഒരു കട്ടിലില്‍ തന്നെ രണ്ടും, മൂന്നും പേര്‍ ഞെങ്ങി ഞെരുങ്ങിക്കിടക്കുകയാണ്. 80% ത്തോളം ജീവന്‍ രക്ഷാമരുന്നുകളും ഇവിടെ ലഭ്യമല്ല. ജില്ലാ ആശുപത്രിയുടെ രേഖകളില്‍ അഞ്ചോളം ആംബുലന്‍സുകള്‍ ഉണ്ടെങ്കിലും രണ്ട് ആംബുലന്‍സുകള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ഐസുലേഷന്‍ വാര്‍ഡടക്കം കാലപഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ജില്ലാ ആശുപത്രിയിലെ” ബെഡ്ഡ് സ്ട്രംങ്ങ്ത്ത്” അഞ്ഞൂറായി ഉയര്‍ത്തിയിരുന്നു. എന്നിട്ടും ആവശ്യത്തിന് ഡോക്ടര്‍മാരെയോ, സ്റ്റാഫുകളേയോ നിയമിച്ചിട്ടില്ല. 40 ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ വേണ്ടപ്പോള്‍ പതിനെട്ടോളം ഡോക്ടര്‍ മാത്രമാണുള്ളത്. 100 സ്റ്റാഫ് നേഴസുമാരും 25 ഹെഡ് നേഴ്‌സുമാരും വേണ്ട സ്ഥാനത്ത് 61 സ്റ്റാഫ് നേഴ്‌സുമാരും 15 ഹെഡ് നേഴ്‌സുമാരുമാണ് ഉള്ളത്. പതിനൊന്നോളം സ്റ്റാഫ് നേഴ്‌സുമാരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ല. പകര്‍ച്ചപനി പടര്‍ന്നു പിടിക്കുന്ന സമയത്ത് എന്‍ആര്‍എച്ച്എം ലെ താത്ക്കാലിക നേഴസുമാരുടെ സഹായം തേടുകയാണ് ഇവിടെ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കോളറ പടര്‍ന്നു പിടിച്ച സമയത്ത് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് കോളറ മേഖല സന്ദര്‍ശിക്കുകയും അന്യ സംസ്ഥാനത്ത് നിന്ന് അടക്കം ഡോക്ടര്‍മാരെ കൊണ്ട് വന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പറഞ്ഞെങ്കിലും എല്ലാം പാഴ്‌വാക്കായി. മാനന്തവാടി മണ്ഡലത്തിന് സ്വന്തമായി മന്ത്രിയും, എംഎല്‍എയുമൊക്കെയുണ്ടായിട്ടും ജില്ലാ ആശുപത്രിയിലെ ശോചനീയാവസ്ഥക്ക് ഒരു കുറവുമില്ല.