Connect with us

Palakkad

അട്ടപ്പാടിയില്‍ ആദിവാസി ഭൂമി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റു

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ആദിവാസി ഭൂമി കെ എസ് ഐ ഡി സി സ്വകാര്യകമ്പനിക്ക് മറിച്ചുവിറ്റു.
ഗ്രാനൈറ്റ് ഖനനത്തിനായി ഏറ്റെടുത്ത പത്തേക്കര്‍ ഭൂമിയാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കൈമാറിയത്. പാട്ടത്തിനെന്ന പേരില്‍ ഏറ്റെടുത്ത ഭൂമി കമ്പനിക്ക് കൈമാറിയതിനെതിരെ ആദിവാസികള്‍ റവന്യൂമന്ത്രിക്ക് പരാതി നല്‍കി. ഭൂമിയില്‍ നിന്നും ഇറങ്ങണമെന്നാവശ്യപ്പെട്ട് കമ്പനി പ്രതിനിധികള്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.
അട്ടപ്പാടി പാടവയല്‍ വില്ലേജില്‍ ധാന്യം ആദിവാസി ഊരിലെ പത്തേക്കര്‍ ഭൂമിയാണ് സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തിരുവനന്തപുരം വെസ്റ്റ് കോസ്റ്റ് ഗ്രാനൈറ്റ് കമ്പനിക്ക് മറിച്ചുവിറ്റത്. 1991 ല്‍ ഗ്രാനൈറ്റ് ഖനനത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണിത്.
അഞ്ചുവര്‍ഷത്തിന് പാട്ടത്തിനെന്ന പേരില്‍ ആദിവാസികളില്‍ നിന്നും ഏറ്റെടുത്ത ഭൂമിയില്‍ 22 വര്‍ഷമായിട്ടും പദ്ധതി തുടങ്ങിയിരുന്നില്ല. അടുത്തിടെ കമ്പനി പ്രതിനിധികള്‍ ഇവിടെയുളള ആദിവാസി കുടുംബങ്ങളോട് ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നപ്പോഴാണ് കെ എസ് ഐ ഡി സി തങ്ങളുടെ ഭൂമി വിറ്റകാര്യം ആദിവാസികള്‍ അറിയുന്നത്.
ഗ്രാനൈറ്റ് ഖനനം നടത്തിയശേഷം ഭൂമി വിട്ടുനല്‍കാമെന്ന് സര്‍ക്കാര്‍ ആദിവസികള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. 1,51,989 രൂപ നല്‍കിയാണ് ഭൂമി ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഒട്ടേറെ പേര്‍ക്ക് ഇനിയും പണം കിട്ടാനുണ്ടെന്ന് ഊരുകാര്‍ പറയുന്നു.
1986 ജനുവരി 24ന് ശേഷമുള്ള ആദിവാസി ഭൂമി കൈമാറ്റങ്ങള്‍ അസാധുവാണെന്നിരിക്കെ, കെ എസ്—ഐ ഡി സിയുടെ ഭൂമി വില്‍പ്പനക്ക് പിന്നില്‍ വന്‍ തട്ടിപ്പാണ് നടന്നിട്ടുള്ളത്.