Connect with us

Sports

ബി സി സി ഐ ചോദ്യം ചെയ്യപ്പെടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയ്ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് ബിസിസിഐ പുറത്തുവിട്ടതിനെതിരേ കേന്ദ്ര കായികമന്ത്രാലയം അതൃപ്തി രേഖപ്പെടുത്തി.
മെയ്യപ്പനെതിരായ ആരോപണത്തില്‍ പോലീസ് അന്വേഷണം കഴിയുന്നതിനു മുന്‍പ് ബിസിസിഐ എടുത്തുചാടി ഒരു നിഗമനത്തില്‍ എത്തരുതായിരുന്നുവെന്ന് കേന്ദ്ര കായിക സെക്രട്ടറി പി.കെ ദേബ് കുറ്റപ്പെടുത്തി. ഇവരെ കുറ്റവിമുക്തരാക്കാനുള്ള അധികാരം ബിസിസിഐയ്ക്കുണ്ട്.എന്നാല്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ടി. ജയറാം ചൗട്ടയും ആര്‍. ബാലസുബ്രഹ്മണ്യനും അടങ്ങുന്ന സമിതിയെയാണ് ബിസിസിഐ ഒത്തുകളി വിവാദം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്.
അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മെയ്യപ്പനും രാജ് കുന്ദ്രയ്ക്കുമെതിരേ തെളിവുകള്‍ ഇല്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് നിരഞ്ജന്‍ ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമ തീരുമാനം ഐ പി എല്‍ ഗവേണിംഗ് കൗണ്‍സിലാണ് കൈക്കൊള്ളുക. ആഗസ്റ്റ് രണ്ടിനാണ് കൗണ്‍സില്‍ ചേരുന്നത്.രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കാര്യത്തിലും ആഗസ്റ്റ് രണ്ടിലെ യോഗം തീരുമാനമെടുക്കും. വാതുവെപ്പില്‍ പങ്കെടുത്തുവെന്ന് ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്ലിന് മുമ്പാകെ മൊഴി നല്‍കിയ വ്യക്തിയാണ് രാജ്കുന്ദ്ര. രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്ന് രാജ് കുന്ദ്രയെ ഒഴിവാക്കുമെന്ന് ബി സി സി ഐ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, അന്വേഷണ സമിതിയുടെ ക്ലീന്‍ ചിറ്റിന്റെ അടിസ്ഥാനത്തില്‍ ആ തീരുമാനത്തില്‍ നിന്ന് ബി സി സി ഐ പിന്‍മാറുമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലും രാജ് കുന്ദ്രയെ സംരക്ഷിക്കാനുള്ള ശ്രമമായിരിക്കും.

meyyappanമെയ്യപ്പനെതിരെ തെളിവുണ്ടെന്ന് മുംബൈ ക്രൈംബ്രാഞ്ച്

ന്യൂഡല്‍ഹി: ബി സി സി ഐ അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒ ഗുരുനാഥ് മെയ്യപ്പന്‍ ഐ പി എല്‍ വാതുവെപ്പിലേര്‍പ്പെട്ടതിന് വ്യക്തമായ തെളിവുണ്ടെന്ന് മുംബൈ ക്രൈം ബ്രാഞ്ച്.
ആരോപണ വിധേയരായവര്‍ക്കെതിരെ ബി സി സി ഐക്ക് ലഭിച്ച വിവരങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാന്‍ മുംബൈ പോലീസ് കുറിപ്പ് കൈമാറിയെങ്കിലും പ്രതികരണം ലഭിച്ചില്ല.
എന്നാല്‍, ഐ പി എല്‍ വാതുവെപ്പ് അന്വേഷണത്തില്‍ മുംബൈ പോലീസിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്ന സമീപനമാണ് ബി സി സി ഐ വരും ദിവസങ്ങളില്‍ കൈക്കൊള്ളുകയെന്ന് ചില സ്രോതസുകള്‍ വെളിപ്പെടുത്തുന്നു.
ഡല്‍ഹി പോലീസിന്റെ അന്വേഷണപരിധിയിലുള്ള ശ്രീശാന്ത് ഉള്‍പ്പടെയുള്ള കളിക്കാരിലേക്ക് കേസ് ഒതുക്കാനാണ് ബി സി സി ഐ പദ്ധതി. ഏതാനും വാതുവെപ്പ് സംഘത്തിനെ കൂടി പ്രതിചേര്‍ത്ത്, ദാവൂദ് ഇബ്രാഹിമിനെയും ബന്ധപ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കമാണ് ഡല്‍ഹി പോലീസിന്റെ ഭാഗത്ത് നിന്നുള്ളതെന്ന വിമര്‍ശവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ബി സി സി ഐ നിയമ വ്യവസ്ഥക്കും മുകളിലോ?
ന്യൂഡല്‍ഹി: മുംബൈ പോലീസും ഡല്‍ഹി പോലിസും പറയുന്നത് ഐ പി എല്‍ വാതുവെപ്പ് കേസില്‍ അന്വേഷണം തുടരുകയാണെന്നാണ്. പക്ഷേ, ബി സി സി ഐ അന്വേഷണ സമിതി ആരോപണവിധേയരായ പ്രമുഖര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നു. ബി സി സി ഐ ഇന്ത്യന്‍ നിയമവ്യവസ്ഥക്കും മുകളിലാണോ ? ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ കീര്‍ത്തി ആസാദിന്റെതാണ് വിമര്‍ശസ്വരത്തിലുള്ള ചോദ്യം. ഒഫിഷ്യലുകളെ രക്ഷപ്പെടുത്തി കളിക്കാരെ മാത്രം ശിക്ഷിക്കാനുള്ള നീക്കത്തെയും ആസാദ് കുറ്റപ്പെടുത്തി.
ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പനും വാതുവെപ്പില്‍ പങ്കെടുത്തിട്ടില്ലെന്ന് ബി സി സി ഐയുടെ രണ്ടംഗ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമ കൂടിയായ ശ്രീനിവാസന്റെ മരുമകനാണ് ഗുരുനാഥ് മെയ്യപ്പന്‍. രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയും കുറ്റക്കാരനല്ലെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ടെഴുതി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ബി സി സി ഐ ഐ പിഎ ല്‍ ടീമുടകളെ സംരക്ഷിക്കാന്‍ ശ്രമിച്ചതെന്തിനാണെന്ന് കീര്‍ത്തി ആസാദ് ചോദിക്കുന്നു.
വിവരാവകാശ നിയമത്തിന് കീഴില്‍ വരുകയാണ് ബി സി സി ഐ ചെയ്യേണ്ടത്. തങ്ങളുടെ വരുമാനം വെളിപ്പെടുത്താന്‍ അവര്‍ എന്തിനാണ് മടിക്കുന്നത്.

 

---- facebook comment plugin here -----

Latest