ഇസ്‌റാഈല്‍ – ഫലസ്തീന്‍ സമാധാന ചര്‍ച്ച ഇന്ന്

Posted on: July 30, 2013 12:17 am | Last updated: July 30, 2013 at 12:17 am

ജറുസലം: ഇസ്‌റാഈല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ച ഇന്ന്. മൂന്ന് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നത്. യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ മധ്യസ്ഥതയിലാണ് രണ്ട് ദിവസത്തെ ചര്‍ച്ച നടക്കുക. കൈയടക്കിയ സ്ഥലങ്ങളിലെ അധികാരത്തര്‍ക്കത്തിന്റെ പേരില്‍ 2010ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നിലച്ചത്. പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷത്തിന് അറുതി വരുത്താന്‍ മുമ്പ് നടന്ന ശ്രമങ്ങള്‍ ജറുസലത്തിന്റെയും ഫലസ്തീന്‍ അഭയാര്‍ഥികളുടെയും വിഷയത്തില്‍തട്ടി ലക്ഷ്യം കാണാതെ പോകുകയായിരുന്നു.

എന്നാല്‍, അമേരിക്ക അയച്ച കത്തില്‍ ഏത് വിഷയമാണ് ചര്‍ച്ചക്കെടുക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എങ്കിലും അടിസ്ഥാന പ്രശ്‌നങ്ങളായ അതിര്‍ത്തിത്തര്‍ക്കം സുരക്ഷ എന്നീ കാര്യങ്ങളിലൂന്നിയായിരിക്കും ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതിന് മുമ്പ് അതിര്‍ത്തികള്‍ സംബന്ധിച്ച് 1967ലെ ഫോര്‍മുല അംഗീകരിക്കണമെന്ന ഫലസ്തീനിന്റെ ആവശ്യം ഇസ്‌റാഈല്‍ അംഗീകരിച്ചിരുന്നില്ല.