പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും: ബ്രദര്‍ഹുഡ്

Posted on: July 30, 2013 12:12 am | Last updated: July 30, 2013 at 12:12 am

കൈറോ: ഈജിപ്ഷ്യന്‍ സൈന്യത്തിന്റെയും ഇടക്കാല സര്‍ക്കാറിന്റെയും മുന്നറിയിപ്പ് വകവെക്കാതെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാന്‍ ബ്രദര്‍ഹുഡ് നേതാക്കള്‍ തീരുമാനിച്ചു. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ വിട്ടയച്ച് അധികാരം തിരിച്ചുനല്‍കുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും ലക്ഷക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്നും ബ്രദര്‍ഹുഡ് വക്താക്കള്‍ അറിയിച്ചു.
ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിലെ സുരക്ഷാ കേന്ദ്രങ്ങള്‍ക്കും സൈനിക ആസ്ഥാനങ്ങള്‍ക്കും നേരെ ആക്രമണം നടത്താനാണ് ബ്രദര്‍ഹുഡ് തീരുമാനം. സൈന്യത്തെ അനുകൂലിച്ച് രാജ്യവ്യാപകമായി മുര്‍സിവിരുദ്ധര്‍ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബ്രദര്‍ഹുഡിന്റെ ആഹ്വാനമെന്നത് ശ്രദ്ധേയമാണ്. പ്രക്ഷോഭങ്ങള്‍ അക്രമാസക്തമാകുകയാണെങ്കില്‍ ശക്തമായി നേരിടുമെന്ന് സൈനിക മേധാവികള്‍ അറിയിച്ചിട്ടുണ്ട്. കൈറോയില്‍ മുര്‍സി വിരുദ്ധരും ബ്രദര്‍ഹുഡ് പ്രക്ഷോഭകരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില്‍ കൈറോ വീണ്ടും രക്തക്കളമാകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് രാജ്യത്തുണ്ടായ പ്രക്ഷോഭം ശക്തമായ ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. ഇതില്‍ 72 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണ സംഖ്യ ഇരുനൂറ് കവിഞ്ഞിട്ടുണ്ടെന്ന് ബ്രദര്‍ഹുഡ് വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ, ഈജിപ്തിലെ പുതിയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ യു വിദേശകാര്യ മേധാവി കാതറിന്‍ ആഷ്തണ്‍ കൈറോയിലെത്തി. പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാഷ്ട്രങ്ങളടക്കമുള്ള വിദേശ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
കൈറോയിലെത്തിയ ആഷ്തണ്‍ ഈജിപ്ത് ഇടക്കാല പ്രസിഡന്റ് അദ്‌ലി മന്‍സൂറുമായും മുഹമ്മദ് അല്‍ ബറാദിയും തമ്മില്‍ ചര്‍ച്ച നടത്തിയെന്ന് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. സര്‍ക്കാര്‍, സൈനിക നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മുര്‍സി അനുകൂലികളായ ബ്രദര്‍ഹുഡ് നേതാക്കളുമായും മുര്‍സിവിരുദ്ധരായ തംറദിന്റെ നേതാക്കളുമായും ആഷ്തണ്‍ ചര്‍ച്ച നടത്തിയേക്കുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ മെന റിപ്പോര്‍ട്ട് ചെയ്തു.