സത്യത്തിനിന്നും ശരശയ്യ

Posted on: July 30, 2013 6:14 am | Last updated: July 29, 2013 at 11:21 pm

rapeയാഥാര്‍ഥ്യങ്ങള്‍ മറച്ചുവെക്കാനുള്ള സാങ്കേതികവിദ്യയാണ് എവിടെയും പഠിപ്പിക്കുന്നത്. സത്യം പറയുന്നത് ആപത്കരമായ ഒരു പ്രവൃത്തിയായി മാറിക്കഴിഞ്ഞു. നാം സത്യത്തെ അടിച്ചമര്‍ത്തുന്നു. അതോടെ നാം വ്യാജന്മാരായിത്തീരുന്നു. വ്യാജനെ സമൂഹം വിലമതിക്കുന്നു. വ്യാജന്മാരെ ഗുരുക്കന്മാരായും സാമൂഹിക നേതാക്കന്മാരായും കൊണ്ടാടുന്നു. എല്ലാവരും അവരെ പിന്‍പറ്റുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് തന്നെ നിങ്ങളെ അറിയാതാകുന്നു. സ്വയം അറിയേണ്ടത് ഏറ്റവും ലളിതമായിരിക്കേണ്ടതാണ്. ഇപ്പോഴത് ഏറ്റവും കഠിനമായിരിക്കുന്നു

ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്നത് കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളാണ്. ബാലപീഡനം, ബലാത്സംഗം, കൊള്ള, കൊല, കവര്‍ച്ച, തട്ടിപ്പ്, വഞ്ചന ഇവയെല്ലാം പതിവായിരിക്കുന്നു. അത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും ജനങ്ങള്‍ക്ക് നല്‍കുന്നതിലും സ്വീകരിക്കപ്പെടുന്ന മാധ്യമരീതികളില്‍ പോലും കുറ്റവാസനകള്‍ കാണപ്പെടുന്നു. കുറ്റവാളികളിലും ഇരകളിലും നാനാജാതി മതസ്ഥരുമുണ്ട്. മതനിരപേക്ഷതക്കിവിടെ പോറലേല്‍ക്കുന്നേയില്ല. ദേശ ഭാഷാ ഭിന്നതകളോ ഭരണപ്രതിപക്ഷ വ്യത്യാസമോ തീരെയില്ല. മദ്യപനോ വ്യഭിചാരിയോ പീഡകനോ വഞ്ചകനോ ആരുടെയും ജാതി ചോദിക്കാറുമില്ല. ജാതികളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ക്കു മാത്രമാണ് മതനിരപേക്ഷതയില്ലാത്തത്. അവര്‍ പോലും മതേതര മുഖംമൂടി ചിലപ്പോള്‍ അണിയാറുണ്ട്. കൂടിവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊരുതാന്‍ പൊതുവെ പാര്‍ട്ടികള്‍ വരാറില്ല.

പൊതുജനം വല്ലപ്പോഴും ഗതികേടുകൊണ്ട് പൊട്ടിത്തെറിച്ചിട്ടുണ്ട്. ഡല്‍ഹിമാനഭംഗം പോലുള്ള സംഭവങ്ങളില്‍ അത് കാണാം. എന്തെങ്കിലും ലാഭമുണ്ടാക്കാന്‍ കഴിയില്ലെങ്കില്‍ വിവരമുളള കേരളീയര്‍ അതിനും മെനക്കെടാറില്ല. കുറ്റകൃത്യങ്ങളുടെ ആഗോളവത്കരണവും ഉദാരവത്കരണവും നേരത്തെ നടപ്പിലായി. ഹര്‍ത്താലും ബന്ദുമൊക്കെ ആഹ്വാനം ചെയ്യുന്നവര്‍ ഈ പ്രശ്‌നങ്ങളെ കാണാറില്ല. ഈ സമരരീതികളും സമൂഹത്തോട് ചെയ്യുന്ന മറ്റു കുറ്റങ്ങളാണ്. ഒറ്റക്കു ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ചില ദ്രോഹങ്ങള്‍ കൂട്ടായി ചെയ്യാന്‍ അതിലൂടെ സൗകര്യം കിട്ടുന്നു. യുദ്ധങ്ങള്‍ അതിന്റെ പരിഷ്‌കൃതരീതി മാത്രം. കൂട്ടക്കൊലകള്‍ക്ക് ഒരു കോടതിയും ശിക്ഷ വിധിക്കാറില്ല. കോടതികളുടെയും നിയമപുസ്തകങ്ങളുടെയും വൃത്തപരിധിയില്‍ അവ ഉള്‍ക്കൊള്ളുകയില്ല. ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, മാവോ തുടങ്ങിയവരേയും അവരുടെ പ്രേതവാഹകരായ മോഡിമാരെയും ആരും ശിക്ഷിക്കാറില്ല. ശിക്ഷാസമ്പ്രദായങ്ങളില്‍പ്പോലും അനീതിയെന്ന കുറ്റം നിലനില്‍ക്കുന്നു. കുറ്റകൃത്യങ്ങള്‍ സാര്‍വദേശീയതലത്തിലോ സംസ്ഥാന, പ്രാദേശികതലങ്ങളിലോ നടത്തുന്നവരുണ്ട്. എങ്കിലും വര്‍ഗീയകലാപങ്ങളിലൊഴികെ ജാതി നോക്കാറില്ല.
പക്ഷേ നല്ല കാര്യങ്ങള്‍ക്കു മുതിരുമ്പോഴെല്ലാം ജാതിമതപരിഗണന കടന്നുവരുന്നു. വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം, ഭക്ഷണം, ഭൂമി എന്നിവ നല്‍കുമ്പോഴും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന നേരത്തും ആരും മതേതരവാദികളല്ല. അവിടെ ജാതി ചോദിക്കപ്പെടുന്നു. അവിടെ കാപട്യം പടികടന്നെത്തുന്നു. നമ്മുടെ സമൂഹം തന്നെ വ്യാജന്മാര്‍ക്ക് ഭൂരിപക്ഷമുള്ളതായിക്കൊണ്ടിരിക്കുകയാണ്. നമ്മളെ വാര്‍ത്തെടുത്തത് തന്നെ വ്യാജന്മാരായിരിക്കാനാണ്, കപടനാക്കാനാണ്.
യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെക്കാനുള്ള സാങ്കേതികവിദ്യയാണ് എവിടെയും പഠിപ്പിക്കുന്നത്. സത്യം പറയുന്നത് ആപത്കരമായ ഒരു പ്രവൃത്തിയായി മാറിക്കഴിഞ്ഞു. നാം സത്യത്തെ അടിച്ചമര്‍ത്തുന്നു. അതോടെ നാം വ്യാജന്മാരായിത്തീരുന്നു. വ്യാജനെ സമൂഹം വിലമതിക്കുന്നു. വ്യാജന്മാരെ ഗുരുക്കന്മാരായും സാമൂഹിക നേതാക്കന്മാരായും കൊണ്ടാടുന്നു. എല്ലാവരും അവരെ പിന്‍പറ്റുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് തന്നെ നിങ്ങളെ അറിയാതാകുന്നു. സ്വയം അറിയേണ്ടത് ഏറ്റവും ലളിതമായിരിക്കേണ്ടതാണ്. ഇപ്പോഴത് ഏറ്റവും കഠിനമായിരിക്കുന്നു. നിങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിന് സമൂഹം ഒരു മാതൃക തന്നിരിക്കുന്നു. അതും നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. എന്താകണം എന്നതിനെക്കുറിച്ചാണ് നിങ്ങള്‍ സദാ ചിന്തിക്കുന്നത്. ആരാണ് നിങ്ങള്‍ എന്നത് പോലും മറന്നുപോയിരിക്കുന്നു. സോക്രട്ടീസിനെ വിഷം കൊടുത്തു കൊല്ലാന്‍ വിധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ഞാന്‍ വിഷം കുടിക്കാന്‍ തയ്യാറാണ്. ഇന്നോ നാളെയോ അതു വേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ സത്യം പറയുന്നത് നിര്‍ത്താന്‍ എനിക്കാകില്ല. ജീവിച്ചിരിക്കുകയാണെങ്കില്‍ അവസാനശ്വാസം വരെ ഞാനതു പറഞ്ഞുകൊണ്ടിരിക്കും. മരണത്തിന്റെ ഉത്തരവാദം ഏറ്റെടുക്കാന്‍ എനിക്ക് ഭയമില്ല. ഇതുവരെ ഞാന്‍ ജീവിച്ചത് സ്വന്തം ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കും സ്വത്വബോധത്തിനും അനുസൃതമായാണ്. അതേവിധം മരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നുണയിലും ചതിയിലും മതിഭ്രമത്തിലും ഒരു സമൂഹത്തില്‍ സത്യത്തെക്കുറിച്ച് സംസാരിക്കുക എന്നതിനര്‍ഥം മരണം ചോദിച്ചുവാങ്ങുക എന്നതുതന്നെയാണ്. ഞാന്‍ മരിക്കണമെന്ന് തീരുമാനിച്ച ഈ പാവം ജനതയെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. എന്റെ മരണത്തിന് ഉത്തരവാദി ഞാന്‍ മാത്രമാണ് ‘.
ഇന്നത്തെ ലോകം കപടമാണ്. സോക്രട്ടീസുമാര്‍ തീരെ ഇല്ലാത്തതിനാല്‍ ആരേയും നമുക്ക് അക്കാരണത്താല്‍ കൊല്ലേണ്ടിവരാറില്ല. ലോകം തന്നെ ഒരു ആഗോള ആത്മഹത്യയുടെ വക്കിലാണ്. ഇന്ന് ഭൂമിയെ തന്നെ 700 തവണ ചുട്ടെരിക്കാനാവശ്യമായത്ര ആണവായുധങ്ങള്‍ കുന്നുകൂട്ടി വെച്ചിട്ടുണ്ട്. ലോകത്തിന്റെ രാഷ്ട്രീയ നേതൃത്വം നമ്മെ അവിടേക്കാണ് നയിക്കുന്നത്. നിക്ഷിപ്ത താത്പര്യക്കാരോട് പോരിന് പോകുന്നത് ആപത്കരമായതിനാല്‍ എല്ലാവരും മൗനികളായി എല്ലാം അനുസരിക്കുന്നു. നിങ്ങള്‍ ഹൃദയം തുറന്നു ചിരിക്കുന്നത് കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല. എല്ലാവരും അഭിനയിക്കുകയാണ്. ചിരി വരുത്തുകയാണ്. സത്യത്തെ അടിച്ചമര്‍ത്തുകയാണ്. ലോകത്തിനാവശ്യം നമ്മള്‍ നല്ല മനുഷ്യനാകുകയല്ല, കാര്യക്ഷമതയുള്ള യന്ത്രമാകുകയാണ്. നമ്മുടെ ആത്മീയ സ്വത്വം നശിപ്പിച്ച് യാന്ത്രികമായ ഒരു അസ്തിത്വം അത് നമുക്ക് നല്‍കുന്നു. കുഞ്ഞുങ്ങളെപ്പോലും സ്വതന്ത്രരായി നിഷ്‌കളങ്കതയില്‍ വളരാന്‍ നാം അനുവദിക്കാറില്ല.
വെറും കഥയാണ്, സ്വര്‍ഗത്തിലുള്ള കന്യാമറിയത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആഗ്രഹിച്ച മിസ്സ്. ഗിന്‍സ്ബര്‍ഗിന്റെ കഥ. കാവല്‍ക്കാരനായ ചിത്രഗുപ്തന്‍ അതിന് അനുവാദം നല്‍കുകയും ചെയ്തത്രെ! സ്വര്‍ഗത്തിന്റെ ഒരു മൂലയില്‍ വെച്ച് അവര്‍ രണ്ട് പേരും തമ്മില്‍ കണ്ടു. മിസ്സ്. ഗിന്‍സ്ബര്‍ഗ് ചോദിച്ചു, ‘കാലങ്ങളായി കോടിക്കണക്കിന് മനുഷ്യര്‍ ദൈവമായി ആരാധിക്കുന്ന മിടുക്കനായ ഒരു മകന്റെ അമ്മയായതില്‍ എന്തു തോന്നുന്നു?’. മറിയം പറഞ്ഞു ‘തുറന്നു പറയാലോ മിസ്സ്. ഗിന്‍ബര്‍ഗ്, ഞങ്ങളുടെ ആഗ്രഹം അവനെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു’.
സമൂഹം നമ്മെ വളര്‍ത്തിയതും കാപട്യം കാണിക്കാന്‍ മിടുക്കുള്ളവരാക്കിയാണ്. നാം ഓരോരുത്തരും അവനവനായിത്തീരാനല്ല പരിശീലിക്കപ്പെട്ടത്. ആരെയും സ്വതന്ത്രരായി വളരാന്‍ ലോകം അനുവദിക്കാറില്ല. അങ്ങനെയുള്ള വളര്‍ച്ചയെ സമൂഹം ഭയപ്പെടുന്നു. ഒരു റോസ്, റോസ് തന്നെയാണ്. അതിന് താമരയാകാന്‍ കഴിയുകയില്ല. ആകാന്‍ ശ്രമിക്കുകയും അരുത്. സമൂഹം അതിനാണ് ശ്രമിക്കുന്നത്. അതിനാല്‍ എന്നും സംഘര്‍ഷമാണ്. കുറ്റവും ശിക്ഷയും തുടങ്ങി ജീവിതത്തിലെ സകലതിനും സമൂഹം കപടമാതൃകകള്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. നിഷ്‌കളങ്കരായി ജനിക്കുന്ന ഓരോ കുഞ്ഞിനെയും നാം ഭയപ്പെടുന്നു. അതില്‍ നിന്നും രക്ഷപ്പെടാന്‍ സമൂഹം അതിന്റെ എല്ലാ കാപട്യവും വഞ്ചനയും സ്വഭാവവും ജീവിതരീതികളും ആ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കുന്നു. ഈ ജീര്‍ണിച്ച സമൂഹത്തിന് യോജിച്ച വിധത്തില്‍ അവന്‍ വളരാന്‍ തുടങ്ങുകയും തന്റെ സ്വന്തമായ സത്യസന്ധതയും നിഷ്‌കളങ്കതയും ദൈവം അവനില്‍ വരദാനമായി വെച്ച എണ്ണമറ്റ കഴിവുകളും സ്‌നേഹവും കരുണയും എല്ലാം അവന്‍ സമൂഹത്തിന്റെ സമ്മര്‍ദത്താല്‍ ഉപേക്ഷിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്താല്‍ അവനെ നാം അംഗീകരിക്കാന്‍ തുടങ്ങുന്നു, പ്രോത്സാഹിപ്പിക്കുന്നു. നല്ല കുട്ടിയെന്ന് വിളിക്കുന്നു. നമ്മുടെ അഭിരുചികളെല്ലാം അത്തരത്തിലാണ്. നാം സ്വയം തീര്‍ത്ത ഒരു ദൂഷിതവലയത്തിലാണ് ജീവിക്കുന്നത്.
എല്ലാവരിലും, ഒളിച്ചിരിക്കുന്ന ഒരു വ്യാജനും ഒരു കുറ്റവാളിയുമുണ്ട്. അത് മറച്ചുവെക്കാനാണ് നാം മുഖംമൂടി ധരിക്കുന്നത്. മുഖംമൂടിയില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സമൂഹത്തിലാണ് നാം കഴിഞ്ഞുകൂടുന്നത്. ഏതു വിധത്തിലുള്ള മുഖംമൂടിയും നമ്മുടെ അങ്ങാടികളില്‍ വാങ്ങാന്‍ കിട്ടും. വിവാഹച്ചടങ്ങില്‍, മരിച്ച വീടുകളില്‍, യാത്രാ വേളകളില്‍, സ്വന്തം വീട്ടില്‍, സ്‌കൂളില്‍, തിരഞ്ഞെടുപ്പില്‍, പള്ളിയില്‍, അമ്പലത്തില്‍, ഭരണത്തില്‍, പ്രതിപക്ഷത്ത്, അങ്ങാടിയില്‍, ആശുപത്രിയില്‍, ഓഫീസില്‍ എല്ലായിടത്തും വെക്കാന്‍ വേറെ വേറെ മുഖംമൂടികള്‍ നമുക്ക് സമൂഹം പണിഞ്ഞു നല്‍കിയിട്ടുണ്ട്. അതൊന്നും വാങ്ങി അണിയാന്‍ മനസ്സില്ലാത്തവന്‍ സ്വന്തം മുഖം അറിവില്ലായ്മ കാരണം പുറത്തുകാണിക്കാറുണ്ട്. അവന്റെ മുഖം തന്നെ അടിച്ചുപരത്തി സമൂഹം ഒരു പുതിയ മുഖംമൂടിയാക്കി കൊടുക്കുകയാണ് പതിവ്. സത്യത്തിന്റെ മുഖം പുറത്തു കാണിച്ച അത്തരക്കാരെ സമൂഹം വെറുതെവിട്ടതായി അറിയില്ല. മുമ്പൊക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മാത്രം മതിയായിരുന്നു ഈ സാധനം. ഇപ്പോള്‍ എവിടേയും ഇതാവശ്യമാണ.് അപ്പോള്‍ മാത്രമേ സമൂഹത്തിന് നാം സ്വീകാര്യരാകുകയുള്ളൂ.
സ്വയം അറിയാന്‍ ആരും ശ്രമിക്കാത്തത് അതുകൊണ്ട് കാര്യമില്ലെന്ന തോന്നലുള്ളതുകൊണ്ടാണ്. ഒരിക്കല്‍ അറിഞ്ഞുകഴിഞ്ഞാല്‍ മുഖംമൂടികള്‍ വലിച്ചെറിയപ്പെടും. അറിവ് എന്ന് സമൂഹം അര്‍ഥമാക്കുന്നത് ഇതിനെയല്ല. മറ്റുള്ളവര്‍ക്ക് സ്വീകാര്യമായത് മാത്രമാണ് ഇന്ന് അറിവ് ആയി ഗണിക്കപ്പെടുന്നത്. ഇതില്‍ നിന്നൊക്കെ അപൂര്‍വം ചിലര്‍ രക്ഷപ്പെട്ട് ജീവിക്കുന്നുണ്ടാകാം. പക്ഷേ അവര്‍ നന്നായി അതിന്റെ തിക്തഭലം അനുഭവിച്ചുകൊണ്ടിരിക്കുകയാകുമെന്നത് ഉറപ്പാണ്. അഭിനവലോകത്ത് വ്യാജന്മാരല്ലാത്തവര്‍ ആരുണ്ട്? എന്ന ചോദ്യം പോലും പ്രസക്തമാണ്. ഈ ചോദ്യം ഉന്നയിച്ചതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. എങ്ങനെയുണ്ടെന്റെ മുഖംമൂടി?

ALSO READ  വംശവെറി വീണ്ടും ഇരകളെ തേടുന്നു