Connect with us

Gulf

മാനവികതയുടെ തകര്‍ച്ചക്ക് കാരണം മൂല്യനിരാസം: അബ്ദുസ്സമദ് സമദാനി

Published

|

Last Updated

ദുബൈ: മാനവിക മൂല്യങ്ങള്‍ നേരിടുന്ന ഇടിവാണ് ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളിയെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം പി അബ്ദുസ്സമദ ് സമദാനി പറഞ്ഞു. ലോകവും മനുഷ്യരും അത്ഭുതകരമായ പുരോഗതിയും വികാസവും കൈവരിക്കുമ്പോഴും മൂല്യനിരാസത്തിന്റെ അതിപ്രസരം കൂടിവരികയാണ്.
ഭൗതികതയുടെ കടന്നുകയറ്റം ആധുനിക ജീവിതത്തിന്റെ മുഖമുദ്രയായതോടെ മനുഷ്യന്‍ സമ്പത്തിന്റെ ഇരയും ഉപാധിയും ഉപകരണവുമായിത്തീര്‍ന്നു. സ്ത്രീകളും കുട്ടികളും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളും അനുഭവിക്കുന്ന ക്രൂരതകളും ചൂഷണങ്ങളും വര്‍ധിക്കുന്നത് ഈ മൂല്യനിരാസത്തിന്റെ ഫലമാണെന്നും സമദാനി പറഞ്ഞു. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പ്രഭാഷണ പരമ്പരയില്‍ “മാനവികതയുടെ പ്രവാചകന്‍” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സമദാനി.വിശുദ്ധ പ്രവാചകന്‍ (സ) മാനവരാശിക്ക് നല്‍കിയ സന്ദേശത്തിലും മാതൃകയിലും ഏറ്റവും പ്രകടമായിട്ടുള്ള മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ അനുധാവനം ചെയ്യേണ്ടതുണ്ട്.
പവിത്രമായ മാനുഷിക ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ കുടുംബത്തെയും സമൂഹത്തെയും ലോകത്തെ തന്നെയും സ്വാസ്ഥ്യത്തിലും സമാധാനത്തിലും നിലനിര്‍ത്താന്‍ ആവശ്യമായ മൂല്യബോധമാണ് പ്രവാചകര്‍ പ്രദാനം ചെയ്തത്. ജീവനെ ആദരിക്കാനും മനുഷ്യനെ സ്‌നേഹിക്കാനും പഠിപ്പിച്ച മഹാന്‍ വംശവെറിയും വര്‍ഗീയ ചേരിതിരിവുകളും ഇല്ലാതാക്കി. ആത്മീയവും ഭൗതികവുമായ എല്ലാ തീവ്ര, ഭീകരവാദങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ മനുഷ്യരുടെ ഏകത്വവും സമത്വവും ഇനിയും വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ആരിഫ് അബ്ദുല്‍കരീം ജുല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. ദുബൈ ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രതിനിധി ദാറുല്‍ഹുദയിലെ ഖലീല്‍ റഹ്മാന്‍ ഖിറാഅത്ത് നടത്തി. ദുബൈ കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. യു എ ഇ. കെ എം സി സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ ് ഹാമിദ ് കോയമ്മ തങ്ങള്‍, യു എ ഇ. കെ എം സി സി അഡ്വ. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, ഡോ. ഇസ്മാഈല്‍ സേട്ട് സംബന്ധിച്ചു. ദുബൈ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ കെ ഇബ്രാഹിം സംസാരിച്ചു.

 

 

Latest