Connect with us

International

104 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിക്കും

Published

|

Last Updated

ടെല്‍അവീവ്: ഫലസ്തീനുമായുള്ള സമാധാന കരാര്‍ പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ ജയിലുകളില്‍ കഴിയുന്ന 104 ഫലസ്തീന്‍ പൗരന്‍മാരെ ഉടന്‍ മോചിപ്പിക്കുമെന്ന് ഇസ്‌റാഈല്‍. തടവുകാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 13 അംഗങ്ങളും മോചനത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഏഴ് പേര്‍ പ്രതികൂലമായും വോട്ട് രേഖപ്പെടുത്തിയതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. അതേസമയം, ഫലസ്തീനുമായുള്ള സമാധാന ചര്‍ച്ചയില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ ഹിതപരിശോധനക്ക് ശേഷമേ നടപ്പിലാക്കുകയുള്ളൂവെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഫലസ്തീനുമായുള്ള സമാധാന ചര്‍ച്ചക്ക് ഇസ്‌റാഈല്‍ സന്നദ്ധമായത്. ചര്‍ച്ചക്ക് മുന്നോടിയായി തടവുകാരെ മോചിപ്പിക്കണമെന്ന് ഫലസ്തീന്‍ വ്യക്തമാക്കിയിരുന്നു. സമാധാന ചര്‍ച്ച നാളെ വാഷിംഗ്ടണില്‍ ആരംഭിക്കും.
അതേസമയം, ഇസ്‌റാഈലുമായി ചര്‍ച്ചക്ക് സന്നദ്ധമായതില്‍ ഫലസ്തീനില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ലിബറേഷന്‍ (പി എഫ് എല്‍) ന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം. അനധികൃത കുടിയേറ്റം അവസാനിപ്പിക്കാതെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ അര്‍ഥമില്ലെന്ന് പി എഫ് എല്‍ നേതാക്കള്‍ വ്യക്തമാക്കി.

Latest