വീട് തകര്‍ന്നു; വൃദ്ധയും മകനും അന്തിയുറങ്ങത് പീടിക വരാന്തയില്‍

Posted on: July 29, 2013 8:13 am | Last updated: July 29, 2013 at 8:13 am

എടപ്പാള്‍: ലക്ഷംവീട് കോളനിയിലെ വീട് തകര്‍ന്നതിനെ തുടര്‍ന്ന് വൃദ്ധയും മകനും കിടന്നുറങ്ങുന്നത് പീടിക വരാന്തയില്‍.
എടപ്പാള്‍ പഞ്ചായത്തിലെ പൊന്‍കുന്ന് ലക്ഷം വീട് കോളനിയിലെ വള്ളിപ്പെറ്റ കുഞ്ഞുകുട്ടി(70)യുടെ വീടാണ് ശനിയാഴ്ച രാത്രിയിലെ ശക്തമായ മഴയില്‍ തകര്‍ന്ന് വീണത്. ഈ ലക്ഷം വീട് കോളനിയില്‍ പത്ത് ഇരട്ട വീടുകളാണ് ഉള്ളത്. ഏറെ ശോച്യാവസ്ഥയിലായ ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കി പുനര്‍ നിര്‍മിച്ച് നല്‍കണമെന്ന കോളനി നിവാസികളുടെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
കുട്ടിയുടെ വീട് ഒരാഴ്ച മുമ്പ് ഭാഗികമായി തകര്‍ന്നിരുന്നു. ശനിയാഴ്ച രാത്രിയിലുണ്ടായ മഴയില്‍ വീട് പൂര്‍ണമായും തകരുകയായിരുന്നു. വീട് തകര്‍ന്നതോടെ കുഞ്ഞുകുട്ടിയും ഏക മകനും തൊട്ടടുത്ത ഒരു പീടിക തിണ്ണയിലാണ് താമസിക്കുന്നത്.
ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കി പുനര്‍ നിര്‍മിച്ചു നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിനായി വാര്‍ഡംഗം കെ രാജീവ് മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. പഞ്ചായത്തിലെ പെരുമ്പറമ്പിലുള്ള ലക്ഷം വീട് കോളനിയിലെ ഇരട്ട വീടുകളും ഏത് നിമിഷവും തകരുമെന്ന ഭീഷണിയിലാണ്.