ഗ്രാമീണ മേഖലയില്‍ ടെലിഫോണ്‍ ശൃംഖല ശക്തിപ്പെടുത്താന്‍ നീക്കിവെച്ച കോടികള്‍ പാഴായി

Posted on: July 29, 2013 7:22 am | Last updated: July 29, 2013 at 7:22 am

phoneന്യൂഡല്‍ഹി: ഗ്രാമീണ മേഖലയില്‍ ടെലിഫോണ്‍ ശൃംഖല ശക്തിപ്പെടുത്താനായി നീക്കിവെച്ച 27,950 കോടി രൂപ പാഴായി. രാജ്യത്തെ 638,596 ഗ്രാമങ്ങളില്‍ പത്ത് വര്‍ഷത്തേക്ക് നീക്കിവെച്ച തുകയാണ് വിനിയോഗിക്കാതെ പാഴായത്. യൂനിവേഴ്‌സല്‍ സര്‍വീസ് ഒബ്‌ലിഗേഷന്‍ ഫണ്ട്(യു എസ് ഒ എഫ്)ല്‍ പ്പെടുത്തി 2002-03 കാലത്ത് പാര്‍ലിമെന്റ് അംഗീകരിച്ച 50,682.95 കോടി രൂപയുടെ പദ്ധതിയിലാണ് ഇത്രയും ഭീമമായ തുക പാഴായത്.
ചെലവഴിക്കാത്ത 27,949.1 കോടി രൂപയില്‍ 20,000 കോടി രൂപ ദേശീയ ഒപ്റ്റിക് ഫൈബര്‍ ശൃംഖല പദ്ധതിക്കും 3,046 കോടി രൂപ ഇടതുപക്ഷ തീവ്രവാദബാധിത സംസ്ഥാനങ്ങളില്‍ 2,199 ടവറുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കു വേണ്ടിയുമാണ് വകയിരുത്തിയിരുന്നത്.
മൊത്തം ദേശീയ വരുമാനത്തിന്റെ(ജി ഡി പി) 0.25 വരുന്ന പദ്ധതിയാണ് ഇത്തരത്തില്‍ ഫലപ്രാപ്തിയിലെത്താതെ പോയതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ഏതാനും വര്‍ഷങ്ങളായി മൊബൈല്‍ വ്യവസായം വളരെ വലിയ വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളെ ഇതുവഴി ബന്ധിപ്പിക്കുന്നു. പദ്ധതി തുക ഈ മേഖലക്ക് തന്നെ ലഭിക്കുകയായിരുന്നുവെങ്കില്‍ വലിയ തോതിലുള്ള വികസനത്തിന് ഉപയോഗിക്കാമായിരുന്നുവെന്ന് ഗ്രൂപ്പ് സ്‌പെഷ്യല്‍ മൊബൈല്‍ അസോസിയേഷന്‍ (ജി എസ് എം എ) മേധാവി ഗബ്രിയേല്‍ സോളമന്‍ അഭിപ്രായപ്പെടുന്നു. നിരവധി രാജ്യങ്ങള്‍ ഇത്തരത്തില്‍ ഫണ്ടുകള്‍ ചെലവഴിക്കാതിരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.