മോഡിക്കെതിരെ ഒബാമക്കയച്ച കത്ത് ആധികാരികമാണെന്ന് തെളിഞ്ഞു

Posted on: July 29, 2013 7:10 am | Last updated: July 29, 2013 at 7:10 am

letterവാഷിംഗ്ടണ്‍/ ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ നല്‍കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് എം പിമാര്‍ അയച്ച കത്തിലെ ഒപ്പുകള്‍ യഥാര്‍ഥവും ആധികാരികവുമാണെന്ന് അമേരിക്കയില്‍ നടത്തിയ ഫോറന്‍സിക് പിരശോധനയില്‍ തെളിഞ്ഞു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക് വിദഗ്ധന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൂന്ന് പേജ് വരുന്ന കത്തിലെ രാജ്യസഭാ അംഗങ്ങളുടെ ഒപ്പുകള്‍ ഒരു പരിപാടിയില്‍ വെച്ച് ഇട്ടതാണ്. പേന കൊണ്ട് ഇട്ട ഒപ്പുകള്‍ ഫോറന്‍സിക് മാനദണ്ഡങ്ങള്‍ പ്രകാരം ആധികാരികമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്‌സഭാംഗങ്ങളുടെ പേരിലുള്ള കത്തും ഇപ്രകാരമാണ്. രണ്ട് കത്തുകളുടെയും ഫോറന്‍സിക് പരിശോധന നടത്തിയത് അംഗീകൃത ഫോറന്‍സിക് വിദഗ്ധനായ നാനെറ്റെ എം ബാര്‍ടോ ആണ്. രാജ്യസഭാംഗങ്ങള്‍ ഒപ്പിട്ട കത്ത് കഴിഞ്ഞ വര്‍ഷം നവംബര്‍ 26നും ലോക്‌സഭാംഗങ്ങള്‍ ഒപ്പിട്ട കത്ത് ഡിസംബര്‍ അഞ്ചിനുമാണ് അയച്ചത്. ഈ കത്തുകള്‍ ഈയടുത്ത് വീണ്ടും ഫാക്‌സ് ചെയ്യുകയായിരുന്നു. വംശഹത്യക്കെതിരെയുള്ള കൂട്ടായ്മ (സി എ ജി) ആണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. 40 ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളുടെ കൂട്ടായ്മയാണ് സി എ ജി. കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് സീതാറം യെച്ചൂരി (സി പി എം), എം പി അച്യുതന്‍ (സി പി ഐ), കെ പി രാമലിംഗം (ഡി എം കെ) എന്നിവര്‍ അവകാശപ്പെട്ടതോടെയാണ് കത്തിന്റെ ആധികാരികതയില്‍ സംശയം ഉടലെടുത്തത്. പാര്‍ലിമെന്റിലെ സ്വതന്ത്ര അംഗമായ മുഹമ്മദ് അദീബാണ് കത്തയക്കലിന് മുന്‍കൈ എടുത്തത്.