Connect with us

National

കോണ്‍ഗ്രസുമായി ഒരു വിധത്തിലും സഹകരിക്കില്ല: ശരത് യാദവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ഒരു വിധത്തിലും സഹകരിക്കില്ലെന്ന് ജനതാദള്‍(യു) പ്രസിഡന്റ് ശരത് യാദവ്. കോണ്‍ഗ്രസിതര ശക്തികള്‍ തകരുന്നതിന് മുഖ്യകാരണം ബി ജെ പിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അരുകിലേക്ക് മാറ്റിനിര്‍ത്തപ്പെടുമ്പോഴെല്ലാം ബി ജെ പി അയോധ്യ രാമക്ഷേത്രം, ഭരണഘടനയിലെ 370 ാം വകുപ്പ് തുടങ്ങിയ അവരുടെ വര്‍ഗീയ അജന്‍ഡ പുറത്തെടുത്ത് കോണ്‍ഗ്രസിനെ സഹായിക്കാറാണ് പതിവ്. ഇത്തരം അജന്‍ഡകള്‍ പുറത്തെടുക്കാതെ തിരഞ്ഞെടുപ്പിനെ നേരിട്ട 1977,1989 വര്‍ഷങ്ങളിലെല്ലാം കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനെതിരെയുള്ള എതിരാളികളുടെ കൂട്ടായ്മക്ക് തടസ്സം നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബി ജെ പിയില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അപ്പോഴെല്ലാം അവര്‍ ഉയര്‍ത്തിക്കാട്ടിയത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെയായിരുന്നു. ബി ജെ പി അധികാരത്തിലെത്തിയില്ലെങ്കിലും ആര്‍ എസ് എസ് അവരുടെ തീവ്ര ഹിന്ദുത്വ നിലപാടുമായി മുന്നോട്ടുപോകും. കോണ്‍ഗ്രസുമായും ഒരു തരത്തിലും സഹകരിക്കില്ല. കോണ്‍ഗ്രസിന് തങ്ങളുടെ മേല്‍ മൃദു സമീപനമാണെന്ന നിലപാടും തെറ്റാണ്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നേടാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഭക്ഷ്യ സുരക്ഷാ ബില്‍.
മൂന്നാം ബദല്‍ നിലവില്‍ വരികയാണെങ്കില്‍ തന്നെ ഇത് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ സംഭവിക്കൂ. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അഡ്വാനി പ്രധാനമന്ത്രിയാകണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ഇത് വെറും മാധ്യമപ്രചാരണം മാത്രമാണെന്നും ശരത് യാദവ് അഭിമുഖത്തില്‍ വ്യക്തമാക്കി.