Connect with us

National

ജലവിഭവങ്ങളുടെ രേഖകള്‍ കൈമാറാന്‍ സര്‍ക്കാര്‍ സമ്മതിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ജലവിഭവങ്ങള്‍ സംബന്ധിച്ച രേഖകള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി രേഖകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. രേഖകളുടെ ആവശ്യം സമിതിയുടെ മുമ്പാകെ ബോധ്യപ്പെടുത്തിയ ശേഷമേ അവ നല്‍കുകയുള്ളൂ. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുറമെ വിദേശികള്‍ക്കും ജലവിഭവ രേഖകള്‍ക്ക് വേണ്ടി അപേക്ഷിക്കാം. രേഖകള്‍ വാണിജ്യാവശ്യത്തിനല്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് സൗജന്യമായി വിവരങ്ങള്‍ ലഭ്യമാകും. എന്നാല്‍, വാണിജ്യാവശ്യത്തിന് വേണ്ടി അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഒരു വര്‍ഷം ഒരു സൈറ്റിന് എഴുപത്തയ്യായിരം രൂപ അടക്കേണ്ടി വരും. പ്രത്യേക ആവശ്യത്തിന് വേണ്ടി നല്‍കുന്ന ഈ രേഖകള്‍ കൈമാറാന്‍ പാടില്ല.
2013ലെ ഹൈഡ്രോ മെറ്ററോളജിക്കല്‍ ഡാറ്റ ഡിസ്സെമിനേഷന്‍ നയ പ്രകാരം ജലവിഭവ രേഖകള്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളിലോ പുസ്തകങ്ങളിലോ പുനഃപ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നുണ്ട്. വിശകലനത്തിന്റെ ഫലമോ അനുമാനങ്ങളോ മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂവെന്ന് കേന്ദ്ര ജലവിഭവ മന്ത്രാലയ അധികൃതര്‍ പറയുന്നു.
കര്‍ശനമായ ഉപാധികളോടെയേ ജലവിഭവ രേഖകള്‍ നല്‍കാവൂവെന്ന് നയം വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര ജല കമ്മീഷനിലെ (സി ഡബ്ല്യു സി) ചീഫ് എന്‍ജിനീയര്‍ മുഖേനയാണ് രേഖകള്‍ക്കായി ബന്ധപ്പെടേണ്ടത്. അപേക്ഷകന്റെ വിശ്വാസ്യത ഉദ്യോഗസ്ഥര്‍ പരിശോധിക്കും. പിന്നീട് അന്തിമ തീരുമാനം കൈക്കൊള്ളേണ്ട ക്ലാസിഫൈഡ് ഡാറ്റ റിലീസ് കമ്മിറ്റിക്ക് ഉദ്യോഗസ്ഥന്‍ ശിപാര്‍ശ ചെയ്യും. ജലവിഭവ മന്ത്രാലയത്തിലെ നാല് പ്രതിനിധികളും വിദേശകാര്യ മന്ത്രാലയത്തിലെ ഒരാളും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ജലവിഭവ രേഖകള്‍ ആവശ്യപ്പെടുന്നവര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിവരങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്.
രാജ്യത്തെ ജലവിഭവങ്ങളെ മൂന്ന് മേഖലകളായാണ് വിഭജിച്ചത്. സിന്ധു നദീതടവും മറ്റ് ഉപനദികളുമാണ് ഒന്നാമത്തെ മേഖല. ഗംഗ- ബ്രഹ്മപുത്ര- മേഘ്‌ന നദീതടങ്ങളും മറ്റ് നദികളും പോഷക നദികളും രണ്ടാമത്തെ മേഖലയിലും ആദ്യത്തെ രണ്ട് വിഭാഗത്തിലും പെടാത്ത നദികളും പോഷക നദികളും മൂന്നാമത്തെ മേഖലയിലും ഉള്‍പ്പെടും. ആദ്യ രണ്ട് മേഖലയിലുള്ളവയാണ് ക്ലാസിഫൈഡ് വിഭാഗത്തില്‍ വരുന്നത്.

---- facebook comment plugin here -----

Latest