ശൈഖ് മുഹമ്മദിന്റെ പദ്ധതിക്ക് ശൈഖ് ഖലീഫയുടെ പിന്തുണ

Posted on: July 28, 2013 8:39 pm | Last updated: July 28, 2013 at 8:39 pm

അബുദാബി: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം റമസാന്‍ 19 എമിറേറ്റ്‌സ് ഹ്യുമനിറ്റേറിയന്‍ വര്‍ക്ക് ഡേയായി പ്രഖ്യാപിച്ചതിനെ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍ സ്വാഗതം ചെയ്തു.
ഇതൊരു മഹത്തായ സംരംഭമാണെന്നും വ്യക്തികളും സര്‍ക്കാറും സര്‍ക്കാതേര സംഘടനകളും അകമഴിഞ്ഞ പിന്തുണ നല്‍കണമെന്നും ശൈഖ് ഖലീഫ പറഞ്ഞു. ഇതിനെ പിന്തുണക്കാന്‍ റാലികളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തണം. ഇത് എമിറേറ്റിന്റെ ദേശീയ മുഖമുദ്രയായി മാറണം. മാനവിക സന്നദ്ധ സേവനം എന്നത് ശൈഖ് സായിദ് വിത്തിട്ട വൃക്ഷമാണ്. അദ്ദേഹത്തിന്റെ മക്കളും ചെറുമക്കളും ഒക്കെ ആ കാലടിപാതകള്‍ പിന്തുടരും. ഈ മഹത്തായ റമസാന്‍ മാസത്തില്‍ രാജ്യത്തോടും മനുഷ്യത്വത്തോടുമുള്ള കൂറും സാഹോദര്യവും പ്രകടിപ്പിക്കണം. 10 ലക്ഷം കുട്ടികള്‍ക്ക് വസ്ത്രമെത്തിക്കുന്നതിനു പുറമെ ദരിദ്ര കുടുംബങ്ങള്‍ക്കും അനാഥര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ലഭ്യമാക്കാനും ശ്രമിക്കണം. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും പ്രജകളുടെ മാന്യമായ ജീവിതത്തിനുമായി ഈ റമസാന്‍ മാസത്തില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നുവെന്നും ശൈഖ് ഖലീഫ പറഞ്ഞു.