ലുലു ഹൈപര്‍മാര്‍ക്കറ്റ് ഇബ്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: July 28, 2013 8:08 pm | Last updated: July 28, 2013 at 8:08 pm

luluഇബ്രി: ലുലു ഹൈപര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ 106 ാമത് ശാഖ ഒമാനിലെ ഇബ്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ നടന്ന പ്രൗഢമായ ചടങ്ങില്‍ അല്‍ ദാഖിറ ഗവര്‍ണര്‍ ശൈഖ് സൈഫ് ബിന്‍ ഹിമൈര്‍ അല്‍ മാലിക് അല്‍ ശുഹിയാണ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 150,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഒമാന്റെ ഉള്‍നാടന്‍ നഗരമായ ഇബ്രിയില്‍ ഷോപിംഗ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ഗവര്‍ണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എം കെ ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി, മുതിര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ സംബന്ധിച്ചു.
ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയോടൊപ്പം ടെലികോം, മൊബൈല്‍ കൗണ്ടര്‍, ഫാര്‍മസി, മണി എക്‌സ്‌ചേഞ്ച്, ഫാഷന്‍ ആക്‌സസറീസ്, ഒപ്റ്റിക്കല്‍സ് തുടങ്ങി 15 ഔട്ട്‌ലെറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കും. ഒമാന്‍ ജനതയോടുള്ള പ്രതിബദ്ധതയുടെകൂടി ഭാഗമായാണ് ലുലുവിന്റെ 106 ാമത് ശാഖ രാജ്യത്ത് തുറക്കാനായതെന്നും കൂടുതല്‍ ജനങ്ങള്‍ക്ക് മിതമായ വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷണുണ്ടെന്നും എം എ യൂസുഫലി പറഞ്ഞു. ഉദ്ഘാടന വേളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അടുത്തേക്ക് അങ്ങോട്ടു ചെന്ന് സേവനം നല്‍കുക എന്ന ശൈലിയാണ് ലുലു സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇബ്രിയിലെ ജനങ്ങള്‍ക്ക് സവിശേഷമായ അനുഭവമായിരിക്കും ലുലു സമ്മാനിക്കുകയെന്ന് റീജ്യണല്‍ ഡയറക്ടര്‍ ആനന്ദ് എ വി പറഞ്ഞു. ലോകോത്തര ബ്രാന്‍ഡുകളുള്‍പെടെ ഉത്പന്നങ്ങള്‍ പ്രത്യേക ഓഫറുകളിലും മിതമായ വിലയിലും ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. എല്ലാം ഒരു കുടക്കീഴില്‍ സജ്ജമാക്കിയതിലൂടെ ഇബ്രി നിവാസികള്‍ക്ക് ഏക കേന്ദ്രത്തില്‍നിന്നും സമ്പൂര്‍ണ ഷോപിംഗ് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാണ് ലുലു പ്രവര്‍ത്തനമാരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
45,000 വ്യത്യസ്ത ഉത്പന്നങ്ങളാണ് ഇബ്രി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തയാറാക്കിയിരിക്കുന്നത്. സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനൊപ്പം പ്രദേശത്തെ വാണിജ്യ വികസനത്തിനുകൂടി സഹായകമായാണ് ലുലു ഇബ്രിയില്‍ തുറക്കുന്നത്. പ്രാദേശിക വിഭവങ്ങള്‍ വില്‍പനക്കെത്തിക്കുന്നതിലും ലുലു പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. മിഡില്‍ ഈസ്റ്റില്‍ 100 ശാഖകള്‍ പിന്നിട്ട ലുലുവിനെ യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് റീട്ടെയില്‍ മേഖലയലെ മികച്ച റീട്ടെയില്‍ ശൃംഖലയായി തിരഞ്ഞെടുത്തിരുന്നു. ഒമാന്‍ വാണിജ്യ മന്ത്രാലയത്തിന്റെ കസ്റ്റമര്‍ സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡും ലുലുവിനു ലഭിച്ചു. മതിയായ പാര്‍കിംഗ് സൗകര്യം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഫുഡ് കോര്‍ട്ട്, മണി എക്‌സ്‌ചേഞ്ച് തുടങ്ങിയ സൗകര്യങ്ങളും ഹൈപര്‍മാര്‍ക്കറ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.