Kozhikode
വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരത്തിന് വനിതകളും

താമരശ്ശേരി: ദക്ഷിണേന്ത്യയില്‍ ആദ്യമായി നടക്കുന്ന വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരത്തില്‍ പങ്കെടുക്കാനായി കോടഞ്ചേരിയില്‍ നടക്കുന്ന പരിശീലനത്തില്‍ വനിതാ കയാക്കര്‍മാരും. ഏറെ അപകടം പിടിച്ചതും സ്ത്രീകള്‍ കടന്നുവരാന്‍ ഭയക്കുന്നതുമായ ജല സാഹസിക മത്സരത്തില്‍ പങ്കെടുക്കാന്‍ വിദേശി ഉള്‍പ്പെടെ രണ്ട് വനിതകളാണ് കോടഞ്ചേരിയില്‍ പരിശീലനം നേടുന്നത്.
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെല്‍വിയും ബംഗളുരുവില്‍നിന്നുള്ള വിഭയുമാണ് കുത്തിയൊലിക്കുന്ന വെള്ളത്തില്‍ കൂസലില്ലാതെ പോരാടുന്നത്. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ആഗസ്ത് 23 മുതല്‍ 25 വരെ തുഷാരിഗിരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് മത്സരം അരങ്ങേറുക. പാശ്ചാത്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരം ദക്ഷിണേന്ത്യയില്‍തന്നെ ഇതാദ്യമാണ്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സതേണ്‍ റിവര്‍ റണ്ണേഴ്‌സ് കയാക്കിംഗ് ക്ലബാണ് കോടഞ്ചേരിയില്‍ സാഹസിക ജല കായിക മത്സരം ഒരുക്കാനായി രംഗത്തെത്തിയത്. ക്ലബിന്റെ പരിശീലകനും പ്രസിദ്ധ ഇറ്റാലിയന്‍ കയാക്കറുമായ ജോക്കപ്പോ നോര്‍ദറയാണ് ഇന്റര്‍നെറ്റ് വഴി ചാലിപ്പുഴയും ഇരുവഞ്ഞിപ്പുഴയും മത്സരത്തിനായി തിരഞ്ഞെടുത്തത്.
വെള്ളരിപ്പാറ മലമുകളില്‍നിന്ന് ഉത്ഭവിക്കുന്ന ഇരുവഞ്ഞിപ്പുഴയിലും പുലിക്കയം ചാലിപ്പുഴയിലും ഇപ്പോള്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള കയാക്കര്‍മാരുടെ പരിശീലനം നടന്നുവരികയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കയാക്കര്‍മാരെ കൂടാതെ യു കെ, യു എസ് എ, ഇറ്റലി, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി മുപ്പതോളം പേരാണ് പരിശീലനം നടത്തുന്നത്. പരിശീലനത്തിനും മത്സരത്തിനും പറ്റിയ സ്ഥലമാണ് കോടഞ്ചേരിയെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കയാര്‍ക്കര്‍മാര്‍ ഇവിടെയെത്തുമെന്നും ബാഗളൂരുവില്‍നിന്നുള്ള വിപിന്‍ മാത്യു പറഞ്ഞു. പരിസ്ഥിതിക്ക് യാതോരു പോറലും ഏല്‍പ്പിക്കാത്തതും കേരളത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തതുമായ കയാക്കിംഗുമായി വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടഞ്ചേരിയിലെത്തുന്നതോടെ ഇക്കോ ടൂറിസം മേഖലയായ തുഷാരഗിരിക്ക് ലോക ടൂറിസം ഭൂപടത്തില്‍ മികച്ച സ്ഥാനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.