Connect with us

Wayanad

പിലാക്കാവ് മണിയന്‍കുന്നില്‍ കാട്ടുകൊമ്പന്‍ മണിക്കൂറുകള്‍ ഭീതി വിതച്ചു

Published

|

Last Updated

മാനന്തവാടി: നാട്ടിലിറങ്ങിയ കാട്ടാന മണിക്കൂറുകളോളം ഭീതിപരത്തി. മാനന്തവാടി പഞ്ചായത്തിലെ പിലാക്കാവ് മണിയന്‍കുന്ന് പ്രദേശത്ത് മാസങ്ങളായി പരാക്രമം നടത്തുന്ന ഒറ്റയാനാണ് ശനിയാഴ്ച പുലര്‍ച്ചയെും നാട്ടിലിറങ്ങിയത്. ആനയെ ഓടിക്കുന്നതിനിടയില്‍ ഫോറസ്റ്റ് ഗാര്‍ഡിന് വീണ് പരിക്കേറ്റു. മണിയന്‍കുന്ന് കുരിശുംമൂട്ടില്‍ ജോണ്‍സന്റെ വീടിന് സമീപത്താണ് ഇന്നലെ രാവിലെ ആനയെത്തിയത്. ഇവിടെനിന്നും ആനയെ വനത്തിലേക്ക് ഓടിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കാട്ടാന നിലയുറപ്പിച്ചതറിഞ്ഞ് ആളുകള്‍കൂടി. ഇതോടെ കൊമ്പന്‍ സമീപത്തെ പറമ്പിലേക്ക് നീങ്ങുകയും പ്ലാവിന്‍ ചുവട്ടില്‍ നില്‍ക്കുകയും ചെയ്തു. എട്ടുമണിയോടെ വനപാലകര്‍ സ്ഥലതെത്തി. ആളുകളെ അകറ്റി പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ തുരത്താന്‍ ശ്രമിച്ചു. ഇതിനിടെയാണ് ആന തുരത്താന്‍ ശ്രമിച്ചവര്‍ക്കുനേരെ തിരിഞ്ഞത്. തിരിഞ്ഞോടുന്നതിനിടയില്‍ ഗാര്‍ഡ് എം സി ബാബുവിന്(35) വീണ് പരിക്കേറ്റു. തോള് എല്ലിന് പൊട്ടലുണ്ട്. പിന്നീട് 10.30 ഓടെ ആനയെ വനാതിര്‍ത്തിയില്‍ എത്തിച്ചു. എലിഫന്റ് സ്‌ക്വഡും പൊലീസും സ്ഥലതെത്തി.
വാച്ചര്‍മാരുടെ സഹായത്തോടെ ഉച്ചയോടെ ആനയെ വൈദ്യുതവേലിക്കുള്ളിലാക്കി. ഇവിടെനിന്നും വീണ്ടും പുറത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും ഫോറസ്റ്റകാരുടെ നേതൃത്വത്തില്‍ വനത്തിനുഴളിലേക്ക് ഓടിച്ചു. പിന്നീട് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയ സ്ഥലതെത്തി ആനയെ നിരീക്ഷിച്ചു. മയക്കുവെടിവെക്കാനുള്ള സാധ്യത സംബന്ധിച്ച് പഠിക്കാനായിരുന്നു ഇദ്ദേഹമെത്തിയത്. കൊമ്പന്‍ അവശനാണെന്നും മയക്കുവെടിവെക്കാനാവില്ലെന്നുമായിരുന്നു ഡോക്ടറുടെ നിഗമനം.
മാസങ്ങളായി കൊമ്പന്‍ പിലാക്കാവ്, മണിയന്‍കുന്ന്, പഞ്ചാരക്കൊല്ലി പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. നേരത്തെ രാത്രികാലങ്ങളില്‍ നാട്ടിലിറങ്ങിയിരുന്ന ആന ഇപ്പോള്‍ പകലും കൃഷിയിടത്തിലിറങ്ങുകയാണ്. വന്‍കൃഷിനാശമാണ് വരുത്തിയിട്ടുള്ളത്. വീട്ടുമുറ്റത്തുവരെ ആന എത്തിതുടങ്ങിയതോടെ ഒരാഴ്ചമുമ്പ് നാട്ടുകാര്‍ ഡിഎഫ്ഒയെ ഉപരോധിച്ചു. ആനശല്ല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്ന സമരം. തുടര്‍ന്ന് വൈദ്യുതവേലി അറ്റകുറ്റപണികള്‍ ആരംഭിച്ചു. കൂടുതല്‍ വാച്ചര്‍മാരേയും നിയമിച്ചു. കഴിഞ്ഞദിവസങ്ങളിലെല്ലാം ആന നാട്ടിലിറങ്ങിയിരുന്നു. മസാങ്ങളായി പ്രദേശവാസികള്‍ ആനപ്പേടിയിലാണ്.