സുല്‍ത്താന്‍ ബത്തേരിയില്‍ ബ്ലേഡ് മാഫിയ കൈക്കലാക്കിയ ഭൂമി പൗര സമിതി തിരിച്ചുപിടിച്ചു

Posted on: July 28, 2013 6:46 am | Last updated: July 28, 2013 at 6:46 am

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ബ്ലേഡ് മാഫിയയുടെ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത ഷാജിയുടെ പക്കല്‍നിന്നും പണമിടപാടുകാരന്‍ കൈക്കലാക്കിയെന്ന് ആരോപിക്കുന്ന ഭൂമി പൗരസമിതി തിരിച്ചുപിടിച്ച് അവകാശം സ്ഥാപിച്ചു. ഇന്നലെ രാവിലെ 11.30ഓടെ പ്രകടനമായെത്തിയ നാട്ടുകാര്‍ പോലിസ് വലയം ഭേദിച്ചാണ് ഭൂമിയില്‍ പ്രവേശിച്ച് അവകാശം സ്ഥാപിച്ചത്. തുടര്‍ന്ന് ഭൂമി അളന്ന് അതിര്‍ത്തി തിരിച്ച വേലിക്കല്ലുകളും നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. സമരക്കാര്‍ തോട്ടത്തിലെ റബ്ബര്‍ വെട്ടി പാലെടുത്തു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് സമരത്തില്‍ പങ്കെടുത്തത്. ഈ ഭൂമിയില്‍നിന്നുള്ള ആദായം ഇനി ഷാജിയുടെ കുടുംബം എടുക്കുമെന്ന് ആക് ഷന്‍ കമ്മിറ്റി അറിയിച്ചു.
സമരത്തിന് മുന്നോടിയായി അമ്മായിപ്പാലത്ത് പ്രതിഷേധയോഗവും സംഘടിപ്പിച്ചു. രക്ഷാധികാരി സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്തു.
ഷാജിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ സ്വകാര്യ പണമിടപാടുകാരന്‍ റോബര്‍ട്ടിനെ പിടികൂടുന്നതില്‍ പോലിസ് അനാസ്ഥകാട്ടുകയാണെന്നും ഇയാളെ പിടികൂടാത്ത സാഹചര്യത്തില്‍ അടുത്ത ദിവസം സി.ഐ. ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ബുധനാഴ്ചയാണ് ഷാജി ജീവനൊടുക്കിയത്. ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പോലിസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും പറഞ്ഞിരുന്നു.
സുല്‍ത്താന്‍ ബത്തേരിയിലെ വീഡിയോ കടയുടമ റോബര്‍ട്ടുമായുള്ള സാമ്പത്തിക ഇടപാടാണ് ഷാജിയുടെ മരണത്തില്‍ കലാശിച്ചത്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബ്ലേഡുകാരന്റെ മാരുതി കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷാജി മരിക്കുന്ന ദിവസവും പണത്തിന് വേണ്ടി റോബര്‍ട്ട് സംഘമായി എത്തി ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥലം വിറ്റപ്പോള്‍ 15.5 ലക്ഷം രൂപ ഷാജിയുടെ കൈയില്‍ നിന്നു വാങ്ങിയതായും ഇതില്‍ 5.5 ലക്ഷം രൂപ നിര്‍ബന്ധിച്ച് വാങ്ങിയതാണെന്നും ഷാജി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. ഈ പണം തിരിച്ചുവാങ്ങണമെന്നും കത്തില്‍ പറഞ്ഞിരുന്നു.
സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ കൂടാതെ നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിച്ച ചെക്കും മുദ്രപ്പത്രവും ബ്ലേഡ് മാഫിയ കൈപ്പറ്റിയതായാണ് ബന്ധുക്കള്‍ പറയുന്നത്. 5.60 ലക്ഷം കൂടി വേണമെന്ന് പറഞ്ഞായിരുന്നു പലിശക്കാരന്റെ ഭീഷണി. ഷാജിയുടെ കൈയില്‍ നിന്നു പലപ്പോഴായി വാങ്ങിയ ഭൂമിയുടെ രേഖകള്‍ കുടുംബത്തിന് തിരിച്ചുനല്‍കണം. ബ്ലേഡ് മാഫിയ കൈക്കലാക്കിയ ഒരേക്കര്‍ റബര്‍ത്തോട്ടം ഷാജിയുടെ കുടുംബത്തിന് നിയമപരാമായി നല്‍കണം.
ഈ കുടുംബത്തിന് ബ്ലേഡ് മാഫിയ മതിയായ നഷ്ടപരിഹാരവും നല്‍കണം. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും റോബര്‍ട്ടിനെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിയാത്തത് പ്രസതിഷേധാര്‍ഹമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരുമെന്നും നേതാക്കള്‍ അറിയിച്ചു.