എല്‍ ഡി സി പുതിയ വിജ്ഞാപനം: തീരുമാനം നാളെ

Posted on: July 28, 2013 2:16 am | Last updated: July 28, 2013 at 2:16 am

pscതിരുവനന്തപുരം: സംസ്ഥാന സര്‍വീസിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ എഴുതുന്ന എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം സംബന്ധിച്ച തീരുമാനം നാളെയുണ്ടാകും. യോഗ്യത എസ് എസ് എല്‍ സിയാക്കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിലും നാളെ തീരുമാനം വരും. എല്‍ ഡി ക്ലര്‍ക്കിന്റെ യോഗ്യത എസ ്എസ് എല്‍ സിയായി പുനര്‍നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം നാളെ ചേരുന്ന കമ്മീഷന്‍ ചര്‍ച്ച ചെയ്യുന്നത്. യോഗ്യത പ്ലസ്ടു ആക്കാനുള്ള തീരുമാനം പിന്‍വലിച്ച് പുതിയ ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എല്‍ ഡി സി തസ്തികയിലേക്ക് പി എസ് സി കഴിഞ്ഞ മാസം വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍, യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജ്ഞാപനം റദ്ദാക്കി വിഷയത്തില്‍ സര്‍ക്കാറിനോട് അഭിപ്രായം തേടുകയായിരുന്നു. ഇതനുസരിച്ചാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
പരീക്ഷയിലെ ചോദ്യങ്ങള്‍ മുന്‍ വര്‍ഷത്തേതുപോലെ മലയാളത്തിലായിരിക്കും. ഭാഷാന്യൂനപക്ഷങ്ങള്‍ക്കു തമിഴിലും കന്നഡയിലും ചോദ്യങ്ങളുണ്ടാകും. എസ് എസ് എല്‍ സിയായിരുന്നു നേരത്തെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന്റെ അടിസ്ഥാന യോഗ്യത. 2011 ജൂലൈ ഒന്നിന് ചില തസ്തികകളിലെ യോഗ്യത പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയപ്പോള്‍ എല്‍ ഡി സിയുടെ യോഗ്യത ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തി.
യോഗ്യത ഉയര്‍ത്തുമ്പോള്‍ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യണമായിരുന്നു. പക്ഷേ, പല സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിന് സമയമേറെ വേണ്ടിവരുമെന്നതിനാലാണ് തത്കാലം യോഗ്യതയില്‍ മാറ്റം വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്.