അപകീര്‍ത്തി കേസ്: വി കെ സിംഗിനോട് കോടതിയുടെ രോഷ പ്രകടനം

Posted on: July 28, 2013 2:00 am | Last updated: July 28, 2013 at 2:00 am

V-K-singh-picന്യൂഡല്‍ഹി: അപകീര്‍ത്തി കേസ് നേരിടുന്ന മുന്‍ സൈനിക മേധാവി വി കെ സിംഗിനോട് കോടതിയുടെ രോഷപ്രകടനം. കേസിലെ വാദം കേള്‍ക്കലിനിടെ വി കെ സിംഗിന്റെ അഭിഭാഷകന്‍ ‘രക്ഷപ്പെടുത്താന്‍’ ആവശ്യപ്പെട്ടതാണ് വിമര്‍ശത്തിന് ഇടയാക്കിയത്.
‘ഇത്തരത്തില്‍ എന്നോട് പറയരുത്. എനിക്ക് വേണമെങ്കില്‍ നടപടിയെടുക്കാം. കോടതിയില്‍ ഇങ്ങനെ പറയരുത്. ഈ വിഷയത്തില്‍ ഞാനൊന്നും പറയുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അത് എന്നെ മുതലെടുക്കാനുള്ള അനുമതിയല്ല. എന്റെ കരുണയെ മുതലെടുക്കരുത്.’ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ജയ് തരേജ, വി കെ സിംഗിന്റെ അഭിഭാഷകനോട് പറഞ്ഞു. അഭിഭാഷകന്‍ വിശ്വജീത് സിംഗ് ഇങ്ങനെ പെരുമാറിയാല്‍ ‘ഉദാരത’ കാണിക്കാനാകില്ലെന്ന് കോടതിയില്‍ ഹാജരായ വി കെ സിംഗിനോട് ജഡ്ജി പറഞ്ഞു. കോടതി പുറപ്പെടുവിച്ച വാറണ്ടുകളെ തുടര്‍ന്നാണ് വി കെ സിംഗ് ഹാജരായത്. ‘ഈ കേസില്‍ ഞാന്‍ വളരെ ഉദാരമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് സാധാരണ കേസാണ്. പക്ഷെ ഇതാണോ നിങ്ങളുടെ അഭിഭാഷകന്റെ സ്വഭാവം? കഴിഞ്ഞ തവണ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഉദാരത കാണിക്കാനാകില്ലേയെന്ന് ഞാന്‍ ഭയപ്പെടുകയാണ്.’ ജഡ്ജി തരേജ പറഞ്ഞു.
കേസില്‍ വി കെ സിംഗിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും മറ്റ് നാല് പേരെ ഒഴിവാക്കിയതിനെതിരെയും ലഫ്. ജനറല്‍ (റിട്ട.) തേജീന്ദര്‍ സിംഗിന്റെ അഭിഭാഷകന്‍ രണ്ട് ഹരജികള്‍ സമര്‍പ്പിച്ചു. തേജീന്ദര്‍ സിംഗാണ് വി കെ സിംഗിനെതിരെ അപകീര്‍ത്തി കേസ് കൊടുത്തത്. അതേസമയം, ഈ ദിവസം വി കെ സിംഗിനെതിരായി ഉത്തരവ് നല്‍കാനാകില്ലെന്ന് ഈ ഹരജികള്‍ പരിഗണിച്ച് കോടതി അറിയിച്ചു. അടുത്ത മാസം 21ന് ഇവ വീണ്ടും പരിഗണിക്കും. അന്ന് വി കെ സിംഗിന്റെ വാദങ്ങള്‍ കേള്‍ക്കുമെന്നും കോടതി പറഞ്ഞു.
വി കെ സിംഗ്, വൈസ് ആര്‍മി ചീഫ് എസ് കെ സിംഗ്, ലഫ്.. ജനറല്‍ ബി എസ് ഠാക്കൂര്‍ (മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍), മേജര്‍ ജനറല്‍ എസ് എല്‍ നരസിംഹന്‍, കേണല്‍ ഹിട്ടന്‍ സോനെ എന്നിവര്‍ക്കെതിരെയാണ് തേജീന്ദര്‍ സിംഗ് കേസ് കൊടുത്തത്. 600 ട്രക്കുകളുടെ ഇടപാട് നടക്കാനായി അന്നത്തെ കരസേനാ മേധാവി വി കെ സിംഗിന് താന്‍ 14 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കാണിച്ച് സൈന്യം വാര്‍ത്താക്കുറിപ്പ് ഇറക്കിയതിനെ തുടര്‍ന്നാണ് തേജീന്ദര്‍ കേസ് കൊടുത്തത്.