തെലുങ്കാന: കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; രാജി ഭീഷണിയുമായി മന്ത്രിമാര്‍

Posted on: July 28, 2013 1:57 am | Last updated: July 28, 2013 at 1:57 am

telangana-mapന്യൂഡല്‍ഹി/ ഹൈദരാബാദ്: ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തത്വത്തില്‍ തീരുമാനം കൈക്കൊണ്ടതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി. കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാജി ഭീഷണി മുഴക്കിയതാണ് കേന്ദ്ര നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്. തീരദേശ ആന്ധ്ര, റായലസീമ മേഖലകളില്‍ നിന്നുള്ള കോണ്‍ഗ്രസ് മന്ത്രിമാരും എം പിമാരും രാജിവെക്കുമെന്ന് അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിട്ടുണ്ട്. തീരദേശ ആന്ധ്രയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ എം എം പള്ളം രാജു, കെ എസ് റാവു, ചിരഞ്ജീവി, ഡി പുരന്ദരേശ്വരി, എം പിമാരായ ബാപി രാജു, ആനന്ദരാമി റെഡ്ഢി എന്നിവരാണ് രാജി ഭീഷണി മുഴക്കിയത്. നേതാക്കള്‍ പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി.
തെലുങ്കാന രൂപവത്കരിക്കുന്നതിലുള്ള എതിര്‍പ്പ് പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താത്പര്യങ്ങള്‍ക്ക് എതിരാണ് സംസ്ഥാന രൂപവത്കരണ തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാണ് തെലുങ്കാന രൂപവത്കരിക്കുന്നതില്‍ ധാരണയായത്.
ആന്ധ്രയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്, ഗുലാം നബി ആസാദ് എന്നിവര്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി, പി സി സി അധ്യക്ഷന്‍ സത്യനാരായണ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ച. ആഗസ്റ്റ് ആദ്യ വാരത്തില്‍ സംസ്ഥാന വിഭജന കാര്യത്തില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്.
അതേസമയം, ഐക്യ ആന്ധ്രയെ പിന്തുണക്കുന്നവര്‍ റായലസീമ, തീരദേശ ആന്ധ്ര എന്നിവിടങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ടവരാണ് തെരുവിലിറങ്ങിയത്.