ശൈഖ് സായിദ്: ജീവകാരുണ്യത്തിന്റെ മഹാപ്രകാശം

Posted on: July 27, 2013 8:08 pm | Last updated: July 27, 2013 at 8:16 pm

8238836342_7583f45e86_z

യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ് യാന്റെ ചരമവാര്‍ഷികമാണ് നാളെ. ഹിജ്‌റ കലണ്ടര്‍ പ്രകാരം, റമസാന്‍ 19നാണ് ജീവകാരുണ്യത്തിന്റെയും പ്രജാ സ്‌നേഹത്തിന്റെയും മഹാ പ്രകാശം പൊലിഞ്ഞത്. എന്നാല്‍, ആ പ്രകാശം പ്രസരിപ്പിച്ച വെളിച്ചം യു എ ഇയിലെ സ്വദേശി, വിദേശികള്‍ക്കിടയില്‍ ലോകാവസാനം വരെ കെടാതെ നില്‍ക്കും.
ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം 2004 നവംബര്‍ രണ്ടിനാണ് ചരമദിനം. എന്നാല്‍, റമസാന്‍ 19നാണ്, ശൈഖ് സായിദിന്റെ സ്മരണയെ ജ്വലിപ്പിക്കുന്ന ഏറ്റവും ബൃഹത്തായ ജീവകാരുണ്യ പരിപാടികള്‍ യു എ ഇ സംഘടിപ്പിക്കുന്നത്. ‘ഇമാറാത്തി ഹ്യുമാനിറ്റേറിയന്‍ വര്‍ക് ഡേ’യില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ക്യാബിനറ്റ് മന്ത്രി മുഹമ്മ അല്‍ ഗര്‍വാനി അഭ്യര്‍ഥിച്ചു.
നിലവില്‍, ലോകത്തിന്റെ കണ്ണീരൊപ്പാന്‍ സഹായം എത്തിക്കുന്നതില്‍ 19-ാം സ്ഥാനം യു എ ഇക്കുണ്ട്. യു എ ഇയെക്കാള്‍ സമ്പന്നമായ, വൈപുല്യമുള്ള രാജ്യങ്ങള്‍ അനവധിയുള്ള സ്ഥിതിയില്‍ 19-ാം സ്ഥനം വലിയ നേട്ടം. നാളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1,500 ഓളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറും. രാഷ്ട്രീയ കാലുഷ്യം കൊണ്ട് പ്രയാസം അനുഭവിക്കുന്ന ഈജിപ്തിലേക്കാണ് പ്രധാനമായും സഹായം എത്തിക്കുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മബ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച, 10 ലക്ഷം കുട്ടികള്‍ക്ക് വസ്ത്രം പദ്ധതി വേറെ.
മൂന്നര പതിറ്റാണ്ടിനിടയില്‍ യു എ ഇ 25,500 കോടി ദിര്‍ഹത്തിന്റെ സഹായം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചിട്ടുണ്ട്. വായ്പകളും ഗ്രാന്റുകളും ഉള്‍പ്പെടെയാണിത്. കലാപങ്ങള്‍ കാരണം നിരാലംബരായ സിറിയന്‍, ലബനന്‍ ജനതക്കു സഹായം തുടരുന്നു.
ഇത്തംരം ജീവകാരുണ്യങ്ങള്‍ക്ക് മാര്‍ഗദര്‍ശി യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ് യാനാണ്. ലോകത്ത് സാമൂഹിക ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്ന, മനുഷ്യരുടെ തേങ്ങലുകള്‍ ശൈഖ് സായിദിന്റെ കരളയിച്ചിരുന്നു. എണ്ണ വരുമാനത്തിന്റെ വലിയ പങ്ക് ദാനം ചെയ്യാന്‍ തുടങ്ങിയത് അങ്ങിനെയാണ്.

ശൈഖ് സായിദ് സ്ഥാപിച്ച അടിത്തറയാണ് യു എ ഇയുടെ പ്രയാണത്തിന് ഹേതു. ഒരേ സംസ്‌കാരം പേറുമ്പോഴും ട്രൂഷ്യല്‍ സ്‌റ്റേറ്റുകളുടെ കീഴില്‍ വേറിട്ടുനിന്നിരുന്ന ജനതയെ ഒന്നിപ്പിക്കാന്‍ ശൈഖ് സായിദ് മുന്‍കൈയെടുക്കുകയാണ് ആദ്യം ചെയ്തത്. അന്നത്തെ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ അകമഴിഞ്ഞ പിന്തുണ ശൈഖ് സായിദിന് ലഭിച്ചു.

യു എ ഇ രൂപവത്കൃതമായ ശേഷം ശൈഖ് സായിദ് ഈ രാജ്യത്തിനു വേണ്ടി വിശ്രമമില്ലാതെ അധ്വാനിച്ചു. അടിസ്ഥാന സൗകര്യ വികസനമായിരുന്നു പ്രധാന വെല്ലുവളി. മികച്ച റോഡുകളും പാലങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും യു എ ഇക്ക് അനിവാര്യമായിരുന്നു. എണ്ണ വരുമാനം ഉണ്ടെങ്കിലും മനുഷ്യവിഭവശേഷി ഇല്ലായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിദഗ്ധരെയും അവിദഗ്ധരെയും യു എ ഇയിലെത്തിക്കാന്‍ വാതില്‍ തുറന്നു. ശൈഖ് സായിദ് ഉള്ളപ്പോള്‍ വിദേശികള്‍ക്ക് ആശങ്കപ്പെടേണ്ടതില്ലായിരുന്നു. ആരുടെയും നന്മയെയും അധ്വാനത്തെയും അംഗീകരിക്കാന്‍ ശൈഖ് സായിദ് തയാറായിരുന്നു.
ലുലു ഗ്രൂപ്പ് അടക്കം വിദേശികളുടെ വന്‍കിട വാണിജ്യസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ യാതൊരു മടിയും കാട്ടിയില്ല. ശൈഖ് സായിദിന്റെ രക്ഷാകവചവും പ്രോത്സാഹനവും ഇല്ലായിരുന്നുവെങ്കില്‍ ലുലുവിന് ഇത്രയധികം ഉയരാന്‍ കഴിയുകയില്ലായിരുന്നുവെന്ന് എം ഡി. എം എ യൂസുഫലി അഭിമുഖങ്ങളില്‍ ഓര്‍ക്കാറുണ്ട്.
‘ലോകം കണ്ട ഭരണാധികാരികളില്‍ ഏറ്റവും കാരുണ്യമുള്ളയാളാണ് ശൈഖ് സായിദെന്ന് നിസംശയം പറയാനാകും. സ്വദേശിയെന്നോ വിദേശിയെന്നോ വേര്‍തിരിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ എന്നെപ്പോലെയുള്ളവര്‍ക്കും പ്രവേശനമുണ്ടായിരുന്നു. എന്തും തുറന്നു പറയാന്‍ അവസരം തന്നിരുന്നു. ആ ഓര്‍മകള്‍ക്ക് മരണമില്ല’-എം എ യൂസുഫലി ഒരിക്കല്‍ പറഞ്ഞു.
ശൈഖ് സായിദിനോടുള്ള ബഹുമാന സൂചകമായി യു എ ഇ എക്‌സ്‌ചേഞ്ച് ഒരു പുസ്തകം ഇറക്കിയിട്ടുണ്ട്. അബുദാബിയില്‍ ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരുന്ന ജലീല്‍ രാമന്തളിയാണ് പുസ്തകം രചിച്ചത്.
പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട്, അര്‍ഥമില്ലാത്ത അഭിനന്ദനങ്ങള്‍ നേടാന്‍ ഒരിക്കലും ശ്രമിക്കാതെ പ്രവര്‍ത്തന പഥത്തില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത ധിഷണാശാലി. മുപ്പതും നാല്‍പ്പതും വര്‍ഷം അബുദാബിയില്‍ ജീവിച്ചിട്ടും അദ്ദേഹത്തെ നേരില്‍ കണ്ടവര്‍ ചുരുക്കം. പ്രകടന പരതയുടെ ശബ്ദഘോഷങ്ങളില്‍ നിന്നും സൂക്ഷ്മമായ അകലം പാലിച്ചു. എത്രമാത്രം അര്‍ഥവത്തായിരുന്നു അതെന്ന് ഓര്‍ക്കുക.
ഒരിക്കല്‍പ്പോലും നേരില്‍ കണ്ടിട്ടില്ലാത്തവരും അദ്ദേഹത്തെ മാനസകൊട്ടാരത്തില്‍ ഉന്നതിയില്‍ പ്രതിഷ്ഠിച്ചു. ആശ്വാസത്തിന്റെ താങ്ങായി, വാത്സല്യത്തിന്റെ തലാടലായി, അദൃശ്യമായ അഭയമായി, കാലം അത്യപൂര്‍വം കാട്ടിത്തരുന്ന അതൃപ്പങ്ങളില്‍ ഒന്നായി… എന്നാണ് ജലീല്‍ രാമന്തളി വിലയിരുത്തുന്നത്.
മുത്തുവാരിയും മീന്‍പിടിച്ചും ഒട്ടകങ്ങളെ വളര്‍ത്തിയും കഴിഞ്ഞിരുന്ന ജനതക്ക് ആധുനിക ലോകത്തിന്റെ കിളിവാതില്‍ പണിതത് ശൈഖ് സായിദാണ്. വിവിധ പ്രവിശ്യകളില്‍ ഭരണാധികാരിയായിരിക്കുമ്പോഴും മരുഭൂമിയിലൂടെ നിരന്തരം സഞ്ചരിച്ചതിന്റെയും മറ്റു രാജ്യങ്ങളുടെ വളര്‍ച്ചയെ കണ്ണുതുറന്ന് നോക്കിയതിന്റെയും ഫലമായി ശൈഖ് സായിദ് മഹാജ്ഞാനിയായി മാറിയിരുന്നു. 1946ല്‍ അബുദാബി ഭരിച്ച ശൈഖ് ശഖ്ബൂത്തിന്റെ പ്രതിനിധിയായി അല്‍ ഐന്‍ പ്രവിശ്യയിലാണ് ആദ്യം ഭരണാധികാരം ഏറ്റത്. അന്ന് അബുദാബിയോ അല്‍ ഐനോ എണ്ണ സമ്പന്നമായിരുന്നില്ല.
1958ലാണ് അബുദാബിയില്‍ എണ്ണ കണ്ടെത്തുന്നത്. അതോടെ, ശൈഖ് സായിദിന്റെ വിശാല സ്വപ്‌നങ്ങള്‍ പൂവണിയാനുള്ള ഉപാധിയായി.
എനിക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. നമ്മുടെ നാടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍. പുരോഗതി കൈവരിച്ച നാടുകളെപ്പോലെ, എന്റെ നാടും ഉയരണം. കനവുകള്‍ സാക്ഷാത്കരിക്കാനുള്ള ആയുധം എന്റെ കൈയിലില്ലായിരുന്നു. എങ്കിലും എനിക്ക് ഉറപ്പുണ്ടായിരുന്ന. ഒരിക്കല്‍ അഭിലാഷങ്ങള്‍ പൂവണിയുമെന്ന്-ശൈഖ് സായിദ് പറഞ്ഞു.
1971ല്‍ യു എ ഇ രൂപവത്കരിക്കാന്‍ ശൈഖ് സായിദ് മുന്നിട്ടിറങ്ങിയത് കുറേക്കൂടി വിശാലമായ വികസന പരിപ്രേക്ഷ്യത്തിന്റെ ഭാഗമായാണ്. അറബ് ജനതയുടെ മുന്നേറ്റമാണ് ശൈഖ് സായിദ് അതിലൂടെ സ്വപ്‌നം കണ്ടത്. ശൈഖ് സായിദിന്റെ വിയോഗവാര്‍ത്ത യു എ ഇ ജനതക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല.
അദ്ദേഹം വിഭാവനം ചെയ്ത ഗ്രാന്‍ഡ് മസ്ജിദിലേക്ക്, ഭൗതിക ശരീരം കൊണ്ടുപോകുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ കിലോമീറ്ററുകള്‍ താണ്ടി ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു. ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ലായിരുന്നു ആ ബഹുമാന പ്രകടനം. ഒരോരുത്തരുടെയും മനസില്‍ ശൈഖ് സായിദ് സ്‌നേഹത്തിന്റെ ഇരിപ്പിടം അത്രമാത്രം ഉറപ്പിച്ചിരുന്നു.