10 രാജ്യങ്ങളിലായി 100 ഷോറൂമുകള്‍ തുടങ്ങും: ജോയ് ആലുക്കാസ്‌

Posted on: July 27, 2013 7:55 pm | Last updated: July 27, 2013 at 7:55 pm

joyalukkasദുബൈ: 10 രാജ്യങ്ങളിലായി 100 ഷോറൂമുകള്‍ തുടങ്ങുമെന്ന് മധ്യപൂര്‍വ്വദേശത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. നിലവില്‍ ഒമ്പത് രാജ്യങ്ങളിലായി 85 ജ്വല്ലറി ഷോറുമുകളാണ് ജോയ് ആലുക്കാസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജോയ് ആലുക്കാസിന്റെ ബ്രാന്റ് അംബാസഡറും പ്രമുഖ ഗായികയുമായ ശ്രേയ ഗോഷാലിനെ ദുബൈയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ ആലുക്കാസ് കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും കൂടിച്ചേരലിനോട് അനുബന്ധിച്ചാണ് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത്. ഞങ്ങളുടെ കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ വിശ്വസനീയമായ സ്വര്‍ണം വില്‍ക്കുന്നവരെന്ന പേര് സ്ഥാപനത്തിന് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.
കുറഞ്ഞ കാലംകൊണ്ട് ഏറ്റവും അധികം വളര്‍ച്ച നേടാന്‍ സാധിച്ച ലോകത്തിലെ ഏക ഗ്രൂപ്പാണ് ജോയ് ആലുക്കാസെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണ വ്യാപാരത്തിന് പുറമെ മണി എക്‌സ്‌ചേഞ്ച്, മാളുകള്‍, ഫാഷന്‍ ആന്‍ഡ് സില്‍ക്ക്‌സ്, ലക്ഷ്വറി എയര്‍ ചാര്‍ട്ടര്‍, റിയല്‍റ്റി മേഖലയിലും ഗ്രൂപ്പ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.
ലോകത്താകമാനം ഒരു കോടിയോളം ഉപഭോക്താക്കള്‍ ജോയ് ആലുക്കാസില്‍ വിശ്വാസം അര്‍പ്പിക്കുന്നതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ജോയ് ആലുക്കാസ് പറഞ്ഞു. ജനങ്ങളെ മാറുന്ന അഭിരുചികള്‍ക്കൊപ്പം നടത്താന്‍ സാധിക്കുന്നതാണ് സ്ഥാപനത്തിന്റെ നേട്ടം. ഈ വര്‍ഷം ജോയ് ആലുക്കാസ് മണി എക്‌സ്‌ചേഞ്ച് വന്‍ വികസന കുതിച്ചുചാട്ടത്തിനാണ് സാക്ഷിയാവുക. എട്ട് ഔട്ട്‌ലെറ്റുകള്‍ കുവൈത്തില്‍ സ്ഥാപിക്കും. നാലെണ്ണം ഒമാനിലും ഏഴെണ്ണം ഇന്ത്യയിലും രണ്ടെണ്ണം യു എ ഇയിലും തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാലു വര്‍ഷത്തിനകം 100 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഫാഷന്‍ ആന്‍ഡ് സില്‍ക്‌സ് സ്ഥാപനമായ ജോളി സില്‍ക്‌സ് കുവൈത്തിലും ഖത്തറിലും സാന്നിധ്യം വിപുലമാക്കാന്‍ ഒരുങ്ങുകയാണ്. ജോയ് ആലുക്കാസ് ഗോള്‍ഡണ്‍ റിവാര്‍ഡ്‌സ് കാര്‍ഡ്(ജെ ജി ആര്‍) ചെയര്‍മാന്‍ ജോയ് ആലുക്കാസ് ശ്രേയ ഗോഷാലിന് നല്‍കി പ്രകാശനം ചെയ്തു. വിദ്യ ബലന്‍, ആര്‍ മാധവന്‍, സുരേഷ് ഗോപി, അല്ലു അര്‍ജ്ജുന്‍, കിച്ച സുധീപ്, ജയറാം തുടങ്ങിയ പ്രമുഖരും ഗ്രൂപ്പിന്റെ ബ്രാന്റ് അംബാസഡര്‍മാരാണ്. ഐ എസ് ഒ 140012004 ഉം ഐ എസ് ഒ 90012008ഉം സെര്‍ട്ടിഫിക്കറ്റ് നേടിയ ഏക റീട്ടെയില്‍ ജ്വല്ലറി ശൃംഖലയാണ് ജോയ് ആലുക്കാസ് എന്നും അദ്ദേഹം വിശദീകരിച്ചു.
ഗ്രൂപ്പിന്റെ ചെന്നൈ ഷോറൂം ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം എന്ന നിലയില്‍ ലിംക ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. 6,000 ആളുകളാണ് ഗ്രൂപ്പിന് കീഴില്‍ യു കെ, സിംഗപ്പൂര്‍, യു എ ഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, സൗഊദി അറേബ്യ എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നത്.