Connect with us

Kerala

ചെമ്പ്രമലയില്‍ പട്ടാളവേഷധാരികള്‍; മാവോയിസ്റ്റുകളെന്ന് സംശയം

Published

|

Last Updated

കല്‍പറ്റ: ചെമ്പ്രമലയില്‍ കണ്ട പട്ടാളവേഷം ധരിച്ച അഞ്ചംഗ സംഘം മാവോയിസ്റ്റുകളാണെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് സംഘം ഇന്നലെ രാത്രി ചെമ്പ്രമലയില്‍ പരിശോധന നടത്തി. തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പതോടെ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തോടെയാണ് ചെമ്പ്രമലയില്‍ പട്ടാള വേഷം ധരിച്ച ്അഞ്ചംഗ സംഘം ടോര്‍ച്ച് തെളിച്ച് നീങ്ങുന്നത് വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കണ്ടത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കല്പറ്റ ഡി വൈ എസ് പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം വനമേഖലയില്‍ തെരച്ചില്‍ നടത്തി. രാത്രി രണ്ടുവരെ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

ചെമ്പ്രമലയില്‍ നിന്ന് സംഘം പോകാന്‍ സാധ്യതയുള്ള തൊള്ളായിരം, കള്ളാടി മേഖലകളില്‍ കൂടുതല്‍ സായുധരായ പോലീസുകാരെ വിന്യസിച്ചു. ചുണ്ടേല്‍ കുന്നമ്പറ്റ മേഖലയിലും പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഈ മേഖലകളില്‍ റോഡിലൂടെയല്ലാതെ ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു.

കര്‍ണാടകയില്‍ നിന്ന് ബ്രഹ്മഗിരി മലനിരകളിലൂടെ മാവോയിസ്റ്റുകള്‍ വയനാട്ടിലെത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തണ്ടര്‍ബോള്‍ട്ട് സംഘമെത്തിയത്. മാവോയിസ്റ്റ് നേതാവായിരുന്ന ചാരു മജുംദാറിന്റെ ചരമദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ മാവോയിസ്റ്റുകള്‍ രക്തസാക്ഷിവാരം ആചരിക്കാറുണ്ട്. ഈ സമയത്ത് പോലീസ് സ്‌റ്റേഷനുകള്‍ക്കുനേരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.