കുനിയില്‍ ഇരട്ടക്കൊലക്കേസ്; പോലീസിന്റെ പക്കല്‍ നിര്‍ണായക തെളിവുകള്‍

Posted on: July 27, 2013 10:15 am | Last updated: July 27, 2013 at 10:15 am

അരീക്കോട്: ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടിയ കുനിയില്‍ ഇരട്ടക്കൊലക്കേസിലെ പതിനഞ്ചാം പ്രതി കുനിയില്‍ കോലോത്തുംതൊടി മുജീബ് റഹ്മാനില്‍ നിന്ന് പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കൊളക്കാടന്‍ സഹോദരന്‍മാരായ അബൂബക്കര്‍, ആസാദ് എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ മുഖ്യസൂത്രധാരനായ മുജീബിനെ ഇക്കഴിഞ്ഞ 19 നാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 10 ന് നടന്ന കൊലക്കു മുമ്പേ മുജീബ് ഖത്തറിലേക്ക് കടന്നിരുന്നു.
കൊലക്ക് മുമ്പ് വയനാട്ടില്‍ പോയി ആയുധങ്ങളള്‍ വാങ്ങിക്കൊണ്ടു വന്ന് പത്തു ദിവസത്തിനകമാണ് മുജീബ് വിദേശത്തേക്കു കടന്നതെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 15 നാണ് ആയുധങ്ങള്‍ വാങ്ങിയത്. മേലേപ്പറമ്പിലും ഷറഫുദ്ദീന്റെ വീട്ടിലും സ്വന്തം വീട്ടിലും നടന്ന ആസൂത്രണ യോഗങ്ങളില്‍ മുജീബ് പങ്കെടുത്തിട്ടുണ്ട്.
ഇരട്ടക്കൊലക്കേസിലെ എഫ് ഐ ആറില്‍ ആറാം പ്രതി ചേര്‍ക്കപ്പെട്ട പികെ ബഷീര്‍ എം എല്‍ എക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം മുജീബിനെ ചോദ്യം ചെയ്താല്‍ പുറത്ത് വരുമെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ മുജീബിന്റെ ഫോണ്‍ കാള്‍ ഡീറ്റെയില്‍സ് പരിശോധിക്കുകയാണ് പോലീസ് പ്രധാനമായും ചെയ്തത്. അതീഖ് റഹ്മാന്‍ കൊല്ലപ്പെടുന്ന 2012 ജനുവരി അഞ്ചിനു മുമ്പും ശേഷവുമുള്ള രണ്ടു ഭാഗമായിട്ടാണ് ഫോണ്‍ കാളുകള്‍ പരിശോധിച്ചത്. എംഎല്‍എ യുമായും പിഎമാരായ ഇക്ബാല്‍, ഇര്‍ഷാദ്, ഡ്രൈവര്‍ ഫിറോസ് എന്നിവരുമായുള്ള മുജീബിന്റെ ഫോണ്‍ ബന്ധങ്ങള്‍ വിശദമായി പരിശോധിച്ചതായി പോലീസ് പറഞ്ഞു. എം എല്‍എയുമായി അതീഖ് കൊല്ലപ്പെട്ട ജനുവരി അഞ്ചിന് മുമ്പ് എട്ട് തവണയും ശേഷം 15 തവണയുമാണ് ബന്ധപ്പെട്ടിട്ടുള്ളത്. അതീഖ് കൊല്ലപ്പെട്ടതിനു ശേഷം കൊളക്കാടന്‍ നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വധശ്രമത്തിന് മുജീബിന്റെ പേരില്‍ കേസെടുത്തിരുന്നു. ഇതേ കുറിച്ച് പരാതി പറയാനാണ് ജനുവരി അഞ്ചിനു ശേഷം എം എല്‍എ യെ വിളിച്ചെതെന്നാണ് മുജീബിന്റെ വിശദീകരണം. എം എല്‍ എയെ മാത്രമല്ല വേറെയും നേതാക്കളെ ഇക്കാര്യത്തിനു വേണ്ടി വിളിച്ചിട്ടുണ്ടെന്ന് മുജീബ് പറഞ്ഞു.
എം എല്‍ എയുടെ സഹായികളുടെ നമ്പറുകളിലേക്ക് നേരത്തെ വിളിച്ചത് 25-30 പ്രാവശ്യമായിരുന്നെങ്കില്‍ ശേഷം 45-50 പ്രാവശ്യമാണെന്ന് പോലീസ് പറഞ്ഞു. ജനുവരി അഞ്ചിനു ശേഷം ആയിരത്തില്‍ കൂടുതല്‍ തവണ കൂട്ടുപ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. അതീഖ് കൊല്ലപ്പെടുന്നതിന് മുമ്പ് പരിചയം പോലുമില്ലാത്ത ഉമ്മറിനെ സംഭവത്തിനു ശേഷം ഇരൂനൂറിലധികം പ്രാവശ്യം ബന്ധപ്പെട്ടു. അതീഖ് കൊല്ലപ്പെടുന്നതിന്റെ ആറ് മാസം മുമ്പുള്ള കാലയളവില്‍ കൂട്ടുപ്രതിയാ ശറഫുദ്ദീനുമായി ബന്ധപ്പെട്ടന്നത് 4 തവണയായിരുന്നെങ്കില്‍ 550 തവണയാണ് കൊലക്കു ശേഷം ബന്ധപ്പെട്ടത്. ഷാനിസ് എന്ന ചെറുമണിയുമായി 250 തവണ ബന്ധപ്പെട്ടു. തിരിച്ചടിയുണ്ടായായാല്‍ കൊളക്കാടന്‍മാര്‍ ആദ്യം ലക്ഷ്യമിടുക തന്നെയായിരിക്കുമെന്നു പേടിച്ചതു കൊണ്ടാണ് വിദേശത്തേക്ക് കടന്നെന്ന് മുജീബ് പോലീസിനോട് പറഞ്ഞു. അതീഖ്‌റഹ്മാന്‍ കൊലക്കേസില്‍ 164 പ്രകാരം കോടതിയില്‍ മൊഴി നല്‍കിയ പ്രധാന സാക്ഷിയാണ് മുജീബ്. സംഭവത്തില്‍ മുജീബിന് ഗുരുതരമായി വെട്ടേറ്റിരുന്നു. അതീഖിനെ രക്ഷിക്കാന്‍ കഴിയാത്ത കൂട്ടുകാരുടെ പ്രതിരോധത്തില്‍ വിശ്വസിച്ച് നാട്ടില്‍ കഴിയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അതീഖ് കൊല്ലപ്പെടുന്ന ദിവസം അവിടെയുണ്ടായിരുന്ന മുപ്പതോളം വരുന്ന കൂട്ടുകാര്‍ ഒരുമിച്ച് നിന്നിരുന്നെങ്കില്‍ അതീഖ് കൊല്ലപ്പെടുമായിരുന്നില്ലെന്ന് മുജീബ് പോലീസിനോട് പറഞ്ഞു. മുജീബിന്റെ നേതൃത്വത്തില്‍ പോരാട്ടം നടത്തണമെന്നാഹ്വാനം ചെയ്തു കൊണ്ടുള്ള മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയുടെ പ്രസംഗത്തെക്കുറിച്ച് അറിയില്ലെന്നാണ് മുജീബ് വ്യക്തമാക്കിയിട്ടുള്ളത്. പ്രസംഗത്തില്‍ പറയുന്നതു പോലുള്ള ഒരു പോരാട്ടം നടത്തുന്ന കാര്യത്തെക്കുറിച്ച് തന്നോട് ആരും പറഞ്ഞിരുന്നില്ല. കാസര്‍കോട് ഡി വൈ എസ്പി പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.