ഈ ധാര്‍മികത അന്നെവിടെയായിരുന്നു?

Posted on: July 27, 2013 12:35 am | Last updated: July 27, 2013 at 12:37 am

കോടതിപരാമര്‍ശങ്ങളെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും പുതിയ വാദഗതികളുമായിട്ടാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രംഗത്തുവന്നിരിക്കുന്നത്. ‘മുഖ്യമന്ത്രി രാജിവെക്കണം’ എന്ന ഏക അജന്‍ഡയിലേക്ക് സോളാര്‍ സമരം വഴുതിമാറിയിരിക്കുന്നു. എന്തിനു വേണ്ടി? അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം അസത്യങ്ങള്‍ പ്രചരിപ്പിക്കാനാണ് ചില ദൃശ്യമാധ്യമങ്ങള്‍ പോലും ശ്രമിക്കുന്നത്.
ചരിത്രവും വസ്തുതകളും വേട്ടയാടുകയാണെങ്കില്‍, ആദ്യം പൊട്ടുന്നത് വി എസ് എന്ന ഊതിവീര്‍പ്പിച്ച ബലൂണ്‍ തന്നെയായിരിക്കും. വിജിലന്‍സ് അന്വേഷണം റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകന്‍ അരുണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, അതു തള്ളിക്കൊണ്ട് ജഡ്ജി 2011 സെപ്തംബര്‍ 30നു പുറപ്പെടുവിച്ച വിധിയില്‍ പറയുന്നത് ഇപ്രകാരം- ”…the former Chief Minister absolved himself and his office from the scope of the enquiry recommended by himself.’
പ്രതിപക്ഷ നേതാവിനെതിരെയും പിണറായി വിജയനെതിരെയും മുന്‍ സര്‍ക്കാരിനെതിരെയും കോടതിയില്‍ നിന്ന് എത്രയോ രൂക്ഷമായ പരാമര്‍ശങ്ങളും വിധികളും ഉണ്ടായിരിക്കുന്നു. ലാവ്‌ലിന്‍ കേസില്‍ സി ബി ഐ അന്വേഷണത്തെ ഭയക്കുന്നതെന്ത് എന്നു 2007 ജനുവരി മൂന്നിനാണ് ഹൈക്കോടതി ചോദിച്ചത്. എല്ലാം ‘ക്ലീന്‍ ക്ലീന്‍’ എന്നു പറയുമ്പോഴും സി ബി ഐ അന്വേഷണം എന്നു കേള്‍ക്കുമ്പോള്‍, സര്‍ക്കാര്‍ പേടിക്കുന്നതെന്തിനാണെന്നാണ് ചീഫ് ജസ്റ്റിസ് വി കെ ബാലി, ജസ്റ്റിസ് ജെ ബി കോശി എന്നിവര്‍ അന്നു ചോദിച്ചത്. ലാവ്‌ലിന്‍ കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സിന്റെ ശ്രമം കണ്ണില്‍ പൊടിയിടാനാണെന്നു ഹൈക്കോടതി പരാമര്‍ശിച്ചത് 2007 ജനുവരി 16. സ്വാശ്രയ കേസ് പരിഗണിച്ചപ്പോള്‍, ജസ്റ്റിസുമാരായ ബി എന്‍ അഗര്‍വാള്‍, പി പി നവൗലേക്കര്‍ എന്നിവരുടെ ബഞ്ച് ചോദിച്ചത്, കേരളത്തിലേത് എന്തു തരം സര്‍ക്കാറാണെന്ന്! തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ അണുബാധമൂലം 39 നവജാതശിശുക്കള്‍ മരിച്ചപ്പോള്‍, ആരോഗ്യമന്ത്രി പി കെ ശ്രീമതിയെ ഏഴാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ട്രെയിന്‍ തടഞ്ഞ കേസില്‍ വൈദ്യുതി മന്ത്രി എ കെ ബാലനെ ഒറ്റപ്പാലം കോടതി രണ്ട് വര്‍ഷം തടവിനു ശിക്ഷിച്ചു. എന്നിട്ടു രാജിവച്ചോ? ഇപ്പോള്‍ ധാര്‍മികത പ്രസംഗിക്കുന്നവരുടെ നീതിബോധം അന്ന് എവിടെയായിരുന്നു?
ഒരു മന്ത്രിയെന്ന നിലയില്‍ എനിക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊക്കെ കിട്ടുന്ന ശമ്പളം ഏതാണ്ട് 47,000 രൂപയാണ്. കൂടാതെ യാത്രാബത്തയും ക്ഷാമബത്തയുമുണ്ട്. ഇതല്ലാതെ മറ്റു വരുമാനമില്ലാത്ത വി എസ്, മണിക്കൂറിനു ലക്ഷക്കണക്കിനു രൂപ ഈടാക്കുന്ന അഭിഭാഷകരെ വെച്ച് സ്വന്തം നിലയില്‍ നിരവധി കേസുകള്‍ നടത്തുന്നുണ്ട്. ആരാണീ ചെലവ് വഹിക്കുന്നത്?
എന്താണ് സോളാര്‍ കേസില്‍ മുഖ്യമന്ത്രി ചെയ്ത കുറ്റം? ഉമ്മന്‍ ചാണ്ടിക്കു പങ്കുണ്ടെന്ന വിദൂര സൂചനയെങ്കിലും ഉണ്ടോ? ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയതുതന്നെ, അധികാര കേന്ദ്രങ്ങളോട് അടുത്തുനിന്ന ചിലര്‍ അദ്ദേഹത്തിന്റെ തുറന്ന സമീപനത്തെ ദുരുപയോഗം ചെയ്തിരിക്കാം എന്നാണ്. കേരളത്തിന്റ ചരിത്രത്തില്‍ ഇതുപോലെ ആരോപണങ്ങളില്‍ കുടുക്കി ഒരു പൊതുപ്രവര്‍ത്തകനെ അപമാനിക്കാനുള്ള ശ്രമം ഉണ്ടായിട്ടില്ല. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിരവധി ആരോപണങ്ങളും അവയുടെ നിജസ്ഥിതിയും ഇപ്രകാരം.
(1) ടീം സോളാറിന്റെ പദ്ധതി, എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തണം എന്നു ശിപാര്‍ശ ചെയ്ത് മുഖ്യമന്ത്രി കത്ത് നല്‍കി.
•അങ്ങനെയൊരു കത്ത് നല്‍കിയിട്ടില്ല. എന്നാല്‍, മുഖ്യമന്ത്രിയുടെ വ്യാജ കത്ത് ഉണ്ടാക്കിയതിന് തമ്മനം സ്വദേശി ഫ്രെനിയെ പോലീസ് അറസ്റ്റ് ചെയ്തു.
(2) മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയപ്പോള്‍, അതീവ സുരക്ഷയുള്ള വിജ്ഞാന്‍ ഭവനില്‍വച്ച് സരിതയെ മുഖ്യമന്ത്രി കണ്ടു.
2012 ഡിസംബര്‍ 27ന് വിജ്ഞാന്‍ ഭവനില്‍ നടന്ന സമ്മേളനം കഴിഞ്ഞയുടനെ മുഖ്യമന്ത്രി തിരുവനന്തപുരത്തിനുള്ള വിമാനം കയറാനുള്ള തിരക്കിലായിരുന്നു. കാര്‍ വരാനുള്ള ഇടവേളയില്‍ വിജ്ഞാന്‍ ഭവന് പുറത്തുവച്ച് മാധ്യമ പ്രവര്‍ത്തകരെ അല്‍പ്പനേരം കണ്ടു. ഇത്രയും പേരുടെ സമീപം വെച്ച് മുഖ്യമന്ത്രി സരിതയെ കണ്ടെങ്കില്‍ അതിനു സാക്ഷികള്‍ ഉണ്ടാകണമല്ലോ. എന്നാല്‍, മുഖ്യമന്ത്രി കേരള ഹൗസില്‍ വെച്ച് സുപ്രീം കേടതിയിലെ സര്‍ക്കാര്‍ അഭിഭാഷക ബീന മാധവനുമായി വയനാട്ടിലെ രാത്രികാല സഞ്ചാരവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് ചര്‍ച്ച നടത്തുന്ന ദൃശ്യം കാണിച്ച്, സരിതയാണെന്ന മട്ടില്‍ പ്രചരിപ്പിച്ചതു മാധ്യമധര്‍മമാണോ?
(3) ക്ലിഫ് ഹൗസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും തട്ടിപ്പ് കമ്പനികളുടെ സോളാര്‍ പാനലുകള്‍ വെച്ചു.
ക്ലിഫ് ഹൗസില്‍ 10 സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത് അനെര്‍ട്ടാണ്. ഗുഡ്ഗാവിലെ യു എം ഗ്രീന്‍ ലൈറ്റിംഗ് കമ്പനിയാണ് അനെര്‍ട്ടിന് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. കേന്ദ്ര സര്‍ക്കാറിന്റെ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ ഊര്‍ജ മന്ത്രാലയം അംഗീകരിച്ച കമ്പനിയാണിത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി, അഞ്ച് വര്‍ഷത്തെ വാറണ്ടിയോടെയാണ് സാധനങ്ങള്‍ വാങ്ങിയത്. വാറണ്ടി കാലാവധിക്കു ശേഷം മാത്രം മുഴുവന്‍ തുകയും നല്‍കിയാല്‍ മതി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിച്ചത് സര്‍ക്കാര്‍ ഏജന്‍സിയായ സി-ഡിറ്റ് ആണ്. സൗരോര്‍ജ പദ്ധതിയുടെ പ്രചാരണത്തിന് സി-ഡിറ്റ് ആരംഭിച്ച സൂര്യകേരളം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു കിലോവാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിത്.
4) മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ്ബിലൂടെയുള്ള ദൃശ്യങ്ങളും സി സി ടി വി ദൃശ്യങ്ങളും പുറത്തുവിട്ടാല്‍ വസ്തുതകള്‍ പുറത്തുവരും.
മുഖ്യമന്ത്രിയുടെ ചേംബറിലും ഓഫീസിലുമുള്ളത് വെബ്ബിലൂടെയുള്ള സജീവ സംപ്രേഷണം മാത്രമാണ്. സി സി ടി വിയുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിനു പുറത്ത് കോറിഡോറില്‍ മാത്രമാണ്. സുതാര്യതയുടെ ഭാഗമായി ഓഫീസ് തത്സമയം വെബ്ബിലൂടെ സംപ്രേഷണം ചെയ്യുന്നു. ഇതു റിക്കാര്‍ഡ് ചെയ്യാറില്ല. സിഡിറ്റിനാണ് ചുമതല.
സുരക്ഷാ നടപടിയുടെ ഭാഗമായി സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ച സി സി ടി വിയില്‍ 24 ക്യാമറകളാണ് ഉള്ളത്. ഇവയില്‍ 16 എണ്ണം ഡിജിറ്റല്‍ വീഡിയോ റെക്കാര്‍ഡിംഗും 8 നെറ്റ്‌വര്‍ക്ക് വീഡിയോ റിക്കാര്‍ഡിംഗും ആണ്. ആദ്യത്തെതില്‍ 14 ദിവസവും രണ്ടാമത്തേതില്‍ എട്ട് ദിവസവും റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കാനാകും. അതിനുള്ള സ്‌പെയ്‌സ് മാത്രമേ ഉള്ളു. ഇതില്‍ ഒരു ക്യാമറ മാത്രമാണ് മുഖ്യമന്ത്രിയുട ഓഫീസിനു മുന്നിലുള്ള കോറിഡോറിലുള്ളത്.
•സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ടെക്‌നോപാര്‍ക്ക് മുന്‍ സി ഇ ഒ ജി വിജയരാഘവന്‍, ഡോ. അച്യുത് ശങ്കര്‍ എന്നിവരും സി പി എം നിയോഗിക്കുന്ന വിദഗ്ധനും ഉള്‍പ്പെടുന്ന സമിതിയെ വെക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ സമിതിയില്‍ അംഗത്വം സ്വീകരിച്ച് പരിശോധനയിലൂടെ സത്യം കണ്ടെത്തുന്നതിനു പകരം ഒഴിഞ്ഞുമാറാന്‍ സി പി എം സെക്രട്ടറി പിണറായി വിജയന്‍ തീരുമാനിച്ചത് ഒളിച്ചോട്ടമല്ലേ?
5) കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി സുദീര്‍ഘമായ ചര്‍ച്ച നടത്തി.
എം ഐ ഷാനവാസ് എം പിയുടെ അഭ്യര്‍ഥന പ്രകാരമാണ് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് ബിജു രാധാകൃഷ്ണനെ കണ്ടത്. ഒരു പത്രസ്ഥാപനത്തിലെ ജീവനക്കാരനോടൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടത്. അപ്പോള്‍ ബിജു കൊലക്കേസ് പ്രതിയായിരുന്നില്ല. കഴിഞ്ഞ മെയ് 25നാണ് കൊലക്കേസ് പ്രതിയാക്കപ്പെട്ടത്. അയാള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് സോളാര്‍ കേസുമായി ബന്ധമില്ലാത്തതിനാലാണ് മുഖ്യമന്ത്രി അവ പരസ്യപ്പെടുത്താത്തത്.
7) ചാണ്ടി ഉമ്മന്‍, മുന്‍മന്ത്രി ഗണേഷ് കുമാര്‍, സരിത എസ് നായര്‍ എന്നിവര്‍ക്ക് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ഭൂമിയുണ്ട്.
ഇവരുടെ പേരില്‍ ഭൂമിയില്ലെന്ന് ബാലരാമപുരം സബ്‌രജിസ്ട്രാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
8) സ്റ്റാര്‍ ഫ്‌ളേക്ക് എന്ന അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യയിലെ നടത്തിപ്പുകാരനാണ് ചാണ്ടി ഉമ്മന്‍.
തികച്ചും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. സത്യം പുറത്തുവരട്ടെ.
9) ക്വാറി ഉടമ ശ്രീധരന്‍ നായര്‍ സരിതയോടൊപ്പം മുഖ്യമന്ത്രിയെ ഓഫീസില്‍ വന്നു കാണുകയും ടീം സോളാറിനുവേണ്ടി ശിപാര്‍ശ നടത്തുകയും ചെയ്തു.
ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ വന്നു കണ്ടപ്പോള്‍ ക്വാറി ഉടമകളുടെ സംഘടനയുടെ പ്രതിനിധികളാണ് കൂടെ ഉണ്ടായിരുന്നത്. ക്വാറിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. 2012 ജൂലൈ ഒന്‍പതിനു ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കാണുന്നതിനു മുമ്പ്, ജൂണ്‍ 25നു തന്നെ സോളാര്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ട് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു. മുഖ്യന്ത്രിയെ കണ്ടതിനു ശേഷമാണ് സാമ്പത്തിക ഇടപാട് നടന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നതിന് കൂടുതല്‍ എന്തു തെളിവാണു വേണ്ടത്?
13) പി ആര്‍ ഡി ഡയറക്ടര്‍ എ ഫിറോസിനെ യു ഡി എഫ് സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രൊമോട്ട് ചെയ്തു.
ഗ്രാന്‍ഡ് ടെക് ബില്‍ഡേഴ്‌സ് ഉടമ സലീം നല്‍കിയ പരാതിയില്‍ 2009ല്‍ സരിതയും ബിജു രാധാകൃഷ്ണനും അറസ്റ്റിലായി. തുടര്‍ന്ന് നടത്തിയ അനേ്വഷണത്തില്‍ ഫിറോസിന് കേസില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തി. ഇതിനിടെ ഇടതു സര്‍ക്കാര്‍ ഇലക്ട്രോണിക്‌സ് മീഡിയ ഡിവിഷന്‍ രൂപവത്കരിച്ച് A D P R എന്ന പോസ്റ്റ് ഉണ്ടാക്കി 2010 ജൂണില്‍ ഫിറോസിനെ പ്രൊമോട്ട് ചെയ്തു നിയമിച്ചു. 2010 നവംബറില്‍ ഫിറോസിനെതിരെ നടപടിക്ക് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പൊതുഭരണ സെക്രട്ടറിക്ക് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് ഫിറോസിന്റെ ഫയല്‍ മുക്കുകയും യു ഡി എഫ് സര്‍ക്കാര്‍ ഫയല്‍ കണ്ടെത്തുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.
13) മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുത്ത കുരുവിളയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ആന്‍ഡ്രൂസ് എന്ന മുഖ്യമന്ത്രിയുടെ ബന്ധുവും ഡല്‍ജിത് എന്ന പേഴ്‌സനല്‍ സ്റ്റാഫംഗവും മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് കുരുവിളയെ പറ്റിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ അങ്ങനെയൊരു ബന്ധുവോ പേഴ്‌സനല്‍ സ്റ്റാഫോ തനിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉടനെ പരാതി ഡി ജി പിക്കു കൈമാറി. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചിലരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഈ കേസില്‍ തെളിവ് നല്‍കാന്‍ കുരുവിളയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയാറായില്ല. അതേസമയം, പ്രതിയാക്കപ്പെട്ടവര്‍ കുരുവിളക്കെതിരേ വിശദമായ തെളിവുകള്‍ നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ കുരുവിളയെ അറസ്റ്റ് ചെയ്യുകയും ബംഗളൂരുവില്‍ മണി ചെയിന്‍ തട്ടിപ്പുകേസില്‍ പ്രതിയാണെന്നു കണ്ടെത്തുകയും ചെയ്തു.
പത്ത് കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പാണ് സോളാര്‍ ഇടപാടില്‍ ഇതുവരെ കണ്ടെത്തിയത്. ഇതില്‍ ഏഴര കോടി യു ഡി എഫിന്റെ കാലത്തും രണ്ടരക്കോടി എല്‍ ഡി എഫിന്റെ കാലത്തുമാണ്. 14 കേസുകളാണ് ഇടതുകാലത്ത് ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്ഷേപം ചില ഫോണ്‍ കോളുകളും ഒരു ജീവനക്കാരന്‍ നടത്തിയ സാമ്പത്തിക ഇടപാടുമാണ്. ഇവരെ സ്റ്റാഫില്‍ നിന്നു പുറത്താക്കുകയും ഒരാള്‍ ജയിലില്‍ കഴിയുകയുമാണ്. എ ഡി ജി പിയുടെ നേതൃത്വത്തില്‍ ഏറ്റവും മികച്ച പോലീസ് അന്വേഷണം നടന്നുവരുന്നു. സത്യത്തെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. പക്ഷേ, അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ മാധ്യമ വിചാരണ നടത്താനുമുള്ള ശ്രമങ്ങളെ ജനങ്ങള്‍ തള്ളിക്കളയും. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി തളരില്ല.