Connect with us

Gulf

പ്രവാചകരുടെ ഔദ്യോഗിക മുദ്ര രൂപകല്‍പ്പന ചെയ്ത സ്വര്‍ണ നാണയം ലേലത്തിന്

Published

|

Last Updated

ദുബൈ: പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ ഔദ്യോഗിക മുദ്ര രൂപകല്‍പ്പന ചെയ്ത സ്വര്‍ണ നാണയം ലേലത്തിന്. ദുബൈ അറ്റ്‌ലാന്റിസ് ഹോട്ടലില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ചരമദിനമായ റമസാന്‍ 19 (ഞായര്‍) നാണ് ലേലം.

എമിറേറ്റ്‌സ് ട്രേഡേഴ്‌സ് അസോസിയേഷനാണ് ലേലം സംഘടിപ്പിക്കുന്നത്. പ്രവാചകരുടെ മുദ്രക്ക് പുറമെ ലാഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ മുസ്‌ലിംകള്‍ ആദരിക്കുന്ന മത ചിഹ്നങ്ങളും ആലേഖനം ചെയ്ത വിവിധ തൂക്കത്തിലുള്ള സ്വര്‍ണം, വെള്ളി നാണയങ്ങളും ലേലത്തിനുണ്ട്.
പ്രവചകര്‍ മുഹമ്മദ് നബി (സ) ഔദ്യോഗിക മുദ്രയായി ഉപയോഗിച്ചിരുന്ന മോതിരത്തില്‍ കൊത്തിവെച്ച മുഹമ്മദ് റസൂലുല്ലാഹ് എന്ന അറബി മുദ്രണം ചെയ്ത 4.25 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ നാണയമാണ് ലേലത്തിനു വെക്കുക.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ചരമദിനം ദേശീയ മാനവികദിനമായി രാജ്യത്ത് ആചരിച്ചുവരുന്നുണ്ട്. റമസാന്‍ 19നാണ് ശൈഖ് സായിദിന്റെ ചരമദിനം. രാഷ്ട്രപിതാവിന്റെ ചരമദിനത്തില്‍ സംഘടിപ്പിക്കുന്ന ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
നാണയങ്ങള്‍ക്കു പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള അറിയപ്പെട്ട കാലിഗ്രാഫി വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്ത ഫലകങ്ങളും ലേലത്തിനുണ്ടാകും. രാഷ്ട്രപിതാവിന്റെ കവിതകള്‍ ആകര്‍ഷകമായി കൊത്തിവെച്ച ഫലകങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കും. ശൈഖ് സായിദിന്റെ കവിതകള്‍ ആലേഖനം ചെയ്ത അബായകളും ലേലത്തിനു മാറ്റുകൂട്ടും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും നേരിട്ടു നടത്തുന്ന ശൈഖ് സായിദ് അനുസ്മരണ പരിപാടികള്‍ നടന്നുവരുന്നു. ഖുര്‍ആന്‍ പാരായണ സദസുകളും പ്രാര്‍ഥനാ സംഗമങ്ങളും ഇതില്‍പ്പെടും.

Latest