Connect with us

Wayanad

വിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി

Published

|

Last Updated

കല്‍പറ്റ: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ അഗ്രികള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയും സംയുക്തമായി കേന്ദ്രകൃഷി മന്ത്രാലയത്തിന്റെയും സംസ്ഥാന കൃഷിവകുപ്പിന്റേയും സഹകരണത്തോടെ നടപ്പിലാക്കുന്ന വിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി. ജൂലൈ 31 വരെ പദ്ധതിയില്‍ ചേരാം. പ്രീമിയം തുകയുടെ 50 ശതമാനം മാത്രമെ കര്‍ഷകന് അടക്കേണ്ടി വരുന്നുള്ളു. ശേഷിച്ച തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡി നല്‍കും. കൃഷിഭൂമിയുടെ വിസ്തൃതി സംബന്ധിച്ച് നിബന്ധനകളില്ല. ചെറുകിടകര്‍ഷകര്‍ക്കും പദ്ധതിയില്‍ ചേരാം. കൃഷിസ്ഥലത്തിന്റെ നികുതിയടച്ച രസീത്, പട്ടാക്കരാര്‍ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയോടെയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ആദ്യമായാണ് കാലാവസ്ഥ വ്യതിയാനം അടിസ്ഥാനമാക്കി സംസ്ഥാനത്ത് വിള ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി കാലാവസ്ഥ നിരീക്ഷണസംവിധാനങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷികവിളകളെ കാലാവസ്ഥാവ്യതിയാനം ബാധിക്കുന്നത് മനസിലാക്കാനും നഷ്ടസാധ്യത വിലയിരുത്താനും സംവിധാനം സഹായിക്കും. നെല്ല്,. വാഴ, കുരുമുളക്, മഞ്ഞള്‍, തെങ്ങ്, ഏലം, കമുക്, ഇഞ്ചി എന്നീ വിളകള്‍ക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ അതാത് കൃഷിഭവനില്‍ നിന്നും അടുത്തുള്ള യുണൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്പനി ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. കര്‍ഷകര്‍ അടക്കേണ്ട പ്രീമിയം (എക്കര്‍ കണക്കിന്) നെല്ല്-350, കമുക്-1080, കുരുമുളക്-960, ഇഞ്ചി-2400, മഞ്ഞള്‍-1440, ഏലം-960, തെങ്ങ്-840, വാഴ-2400 എന്നിങ്ങനെയാണ്. 2011ലാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് സര്‍ക്കാര്‍ സഹകരണത്തോടെ ഇന്‍ഷൂറന്‍സ് പദ്ധതി കേരളത്തില്‍ ആരംഭിച്ചത്. വിശദവിവരങ്ങള്‍ക്ക് 9447141251, 04936 202662, 9447809822, 9400057164, 9447123101, 04936 220032 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പത്രസമ്മേളനത്തില്‍ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് അസി. മാനേജര്‍ കെ വി ഫിലിപ്പ്, സുല്‍ത്താന്‍ബത്തേരി മാനേജര്‍ എം സജീവന്‍ എന്നിവര്‍ പങ്കെടുത്തു.