Connect with us

National

രാജ്‌നാഥിന്റെ യു എസ് സന്ദര്‍ശനത്തിന്റെ നിറം കെടുത്തി 'മോഡി'യും പരിഭാഷയും

Published

|

Last Updated

വാഷിംഗ്ടണ്‍: നരേന്ദ്ര മോഡിയെക്കുറിച്ചുള്ള ചോദ്യങ്ങളും പരിഭാഷയിലെ പ്രശ്‌നങ്ങളും ബി ജെ പി പ്രസിഡന്റ് രാജ്‌നാഥ് സിംഗിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ നിറം കെടുത്തുന്നു. അമേരിക്കന്‍ ഇന്ത്യക്കാരിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രതിച്ഛായ മെച്ചപ്പെടുത്താനായി നടത്തുന്ന സന്ദര്‍ശനം വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. വെള്ള ധോത്തി കുര്‍ത്തയും കടും നീല നെഹ്‌റു ജാക്കറ്റും അണിഞ്ഞ് പ്രസന്ന വദനനായി വാഷിംഗ്ടണിലെ ദേശീയ പ്രസ് ക്ലബില്‍ പത്രസമ്മേളനത്തിനെത്തിയ രാജ്‌നാഥ് സിംഗ് പക്ഷേ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വിയര്‍ത്തു. 

നരെന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി താന്‍ പ്രഖ്യാപിച്ചുവെന്ന തരത്തില്‍ വന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. നരേന്ദ്ര മോഡിയുടെ ഗുണങ്ങളും നേതൃപാടവവും വിശദീകരിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം ഇപ്പോള്‍ പ്രചാരണ സമിതി അധ്യക്ഷനാണ്. അതിനപ്പുറത്തേക്കൊന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മോഡിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രമായി പത്രസമ്മേളനം മാറിയപ്പോള്‍ പലതില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞ് മാറി. വൈറ്റ് ഹൗസില്‍ നിന്ന് വിളിപ്പാടകലെ നടന്ന പത്രസമ്മേളനത്തില്‍ ഹിന്ദിയിലാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. ന്യൂയോര്‍ക്കിലെ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പറഞ്ഞത് പരിഭാഷപ്പെടുത്തിയപ്പോള്‍ വന്‍ പിശകുകള്‍ കടന്ന് കൂടിയെന്ന് അദ്ദേഹം പറഞ്ഞു. മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചതിനെ താന്‍ ചോദ്യം ചെയ്തിട്ടില്ല. അത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണ്. അക്കാര്യം തീരുമാനിക്കേണ്ടത് അമേരിക്കന്‍ ഭരണകൂടമാണ്. അതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും സിംഗ് പറഞ്ഞു.
പിന്നെ അദ്ദേഹം സാമ്പത്തിക പരിഷ്‌കരണങ്ങളോടുള്ള ബി ജെ പിയുടെ മനോഭാവം, വിദേശ നയം തുടങ്ങിയ “സങ്കീര്‍ണമായ” വിഷയങ്ങളിലേക്ക് തിരിഞ്ഞു. അപ്പോള്‍ തൊട്ടടുത്തുള്ള പാര്‍ട്ടി വക്താവ് സുധാന്‍ശു ത്രിവേദിയുടെ ഇംഗ്ലീഷ് സഹായത്തിനായി ആംഗ്യം കാണിച്ചു. ത്രിവേദി സമയമെടുത്ത്, രാജ്‌നാഥ് പറഞ്ഞതില്‍ അപ്പുറം വിശദീകരിച്ചിട്ടും ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസുമായുള്ള വ്യത്യാസം വരച്ച് കാണിക്കാന്‍ സാധിച്ചില്ല.
ക്യാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന “അഫ്ഗാന്‍ സമ്മേളന”ത്തിലും ഭാഷാ പ്രശ്‌നം നിഴലിച്ചു. കോണ്‍ഗ്രസ് അംഗങ്ങളും വിദേശകാര്യ വിദഗ്ധരും പങ്കെടുത്ത ചടങ്ങില്‍ രാജ്‌നാഥ് സിംഗ് ഇഗ്ലീഷില്‍ തയ്യാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നു. പ്രസംഗം കഴിഞ്ഞപ്പോള്‍ ചോദ്യത്തിനുള്ള സമയമായി. പല ചോദ്യങ്ങള്‍ക്കും സിംഗ് ഉത്തരം പറഞ്ഞതില്ല. ഉത്തരം പറഞ്ഞവയാകട്ടേ സദസ്യര്‍ക്ക് മനസ്സിലായതുമില്ല. അതോടെ സംഘാടകര്‍ ഉച്ചഭക്ഷണം വിളമ്പാന്‍ തുടങ്ങി. ഭക്ഷണത്തിരക്കില്‍ സിംഗിന്റെ ഉത്തരങ്ങള്‍ മുങ്ങിപ്പോകുകയായിരുന്നു.
പരിപാടികള്‍ പാളിയതിലുള്ള ഇച്ഛാഭംഗം രാജ്‌നാഥിന്റെ അമേരിക്കന്‍ പര്യടനത്തിന്റെ മുഖ്യ സംഘാടകനും ഓവര്‍സീസ് ഫ്രന്‍ഡ്‌സ് ഓഫ് ബി ജെ പിയുടെ കണ്‍വീനറുമായ വിജയ് ജോളി തുറന്നു പറഞ്ഞെന്നാണ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത തവണ വരുമ്പോള്‍ നന്നായി ഭാഷ അറിയുന്നവരെ കൊണ്ടുവരണമെന്ന് അദ്ദേഹം ഉപദേശിച്ചുവത്രേ.

Latest