കുഞ്ഞുങ്ങളുറങ്ങാത്ത വീട്

Posted on: July 26, 2013 6:00 am | Last updated: July 26, 2013 at 12:27 am

Indian-school-children-006ആ അച്ഛനും അമ്മയും കാണിച്ചുകൂട്ടിയ ക്രൂരതകള്‍ വന്നു പറയാന്‍ ഇന്ന് ദേവി എന്ന പതിമൂന്നുകാരിയില്ല. 2013 ഏപ്രില്‍ 12നാണ് ആ പെണ്‍കുട്ടി ശരീരം മുഴുവന്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവേ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കണ്ണടച്ചത്. അധികമാരുമറിഞ്ഞില്ല ദേവിയുടെ ദാരുണാന്ത്യം. വാര്‍ത്തകളിലും നിറഞ്ഞില്ല ആ മുഖചിത്രം. തൊടുപുഴ കോലാനി പാറക്കടവ് ചേരി കോളനിയിലെ ശെല്‍വന്റെ മകള്‍ ദേവിയെ അമ്മ നേരത്തെ ഉപേക്ഷിച്ചുപോയി. അച്ഛന്‍ ശെല്‍വം പുതിയ വിവാഹം കഴിച്ചു പൊറുതി തുടങ്ങി. അതോടെ തുടങ്ങുകയായിരുന്നു ആ ബാലികയുടെ ദുരിതം. ഒടുവില്‍ മുത്തശ്ശി കൂട്ടികൊണ്ടുവന്നു. അത് ജീവിതത്തിലേക്കാകുമെന്ന് അവള്‍ പ്രതീക്ഷിച്ചു. പക്ഷേ, മരണത്തിലേക്ക് ചവിട്ടിത്താഴ്ത്താനായിരുന്നുവെന്ന് ആ കുഞ്ഞുണ്ടോ അറിയുന്നു ?
പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകള്‍ സഹിക്കവയ്യാതെ കോഴിക്കോട് നടക്കാവ് ബിലാത്തികുളത്തെ ആറ് വയസ്സുകാരി അദിതി താണ്ടിയ ക്രൂരതകളുടെ ദൂരം പറഞ്ഞു തരാന്‍ ആ കുരുന്നും ഇനി വരില്ല. എന്നാല്‍ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ നിന്ന് തൊടുപുഴയിലെ ശഫീക്കെങ്കിലും ജീവിതത്തിലേക്കുണരണേ എന്ന പ്രാര്‍ഥനയിലാണ് കേരളം മുഴുവന്‍. ഇന്ന് ശഫീക്ക്. ഇന്നലെ അദിതി, അതിനു മുമ്പ് ദേവി, അതിനും അപ്പുറത്ത് നമ്മളറിയുന്ന ഒരാളുണ്ട.് ആരോമല്‍. നമ്മളറിയാതെ കണ്ണടച്ചവര്‍ നൂറുകണക്കിന് വേറെയുമുണ്ട്. ഒരു കണക്കെടുപ്പിലും പെടാത്തവര്‍. ഒരു വാര്‍ത്താ കോളത്തിലും നിറയാത്തവര്‍.
ആരോമലിനെ മറന്നുവോ? ഇല്ല അത്രവേഗം മറക്കാനായിട്ടില്ല. ജന്മം നല്‍കിയ പിതാവും രണ്ടാനമ്മയും ആറ് മാസം പട്ടിക്കൂട്ടില്‍ ചങ്ങലക്കിട്ട് ലാളിച്ചു ആരോമലിനെ. നെടുങ്കണ്ടം മാവടിയിലെ വീട്ടു വരാന്തയില്‍ നിന്ന് 2007 ഒക്‌ടോബര്‍ 19നാണ് നാട്ടുകാര്‍ അവനെ രക്ഷിച്ചത്. ശരീരം മുഴുവന്‍ ചാട്ടവാറിന്റെ അടിയേറ്റ് ചോര വാര്‍ന്നിരുന്നു ആ കുരുന്നു ശരീരം. പിതാവ് കൊച്ചുപുരക്കല്‍ ബെന്നിയും രണ്ടാനമ്മ മഞ്ജുവുമായിരുന്നു ആ ക്രൂരതയുടെ തിരക്കഥ നടപ്പാക്കി നിര്‍വൃതി അടഞ്ഞിരുന്നത്. ഇന്ന് രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളില്‍ മൂന്നാം തരം വിദ്യാര്‍ഥിയാണ് ആരോമല്‍. അന്നത്തെ സംഭവത്തിന് ശേഷം അവന്‍ അച്ഛനേയോ രണ്ടാനമ്മയേയോ കണ്ടിട്ടില്ല. അവനെ കാണാനോ വിവരങ്ങള്‍ ആരായാനോ അവര്‍ വന്നിട്ടുമില്ല. ആരോമലിന് അവരെ കാണണമെന്നുമില്ല.
അടുത്ത കാലത്ത് കേരളം പുലരുന്നത് ശുഭകരമായ വാര്‍ത്തകള്‍ കണ്ടേയല്ല. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ ഗ്രാഫില്‍ കേരളം അതിവേഗം ബഹുദൂരം സഞ്ചരിക്കുമ്പോഴും അവര്‍ സ്വന്തം ഗൃഹത്തിലെങ്കിലും സുരക്ഷിതരാകുമല്ലോ എന്ന സമാധാനമുണ്ടായിരുന്നു. എന്നാല്‍ അവിടെയും സുരക്ഷിതമല്ലെന്നുള്ള വാര്‍ത്തകള്‍ എവിടെയാണ് നമ്മെ കൊണ്ടെത്തിക്കുക?
കുട്ടികള്‍ സ്വന്തം വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നുമെല്ലാം വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്കിരയാകുന്നു. വാത്സല്യത്തിന്റെ തണലില്‍ നിന്ന് കൊലവിളിയുടെ ആക്രോശങ്ങള്‍ ഉയരുന്നു. കാരുണ്യത്തിന്റെ നിറകുടങ്ങളാകേണ്ട മാതൃത്വങ്ങള്‍ ഭദ്രകാളികളെപ്പോലെ ഉറഞ്ഞു തുള്ളുന്നു. നാല് മാസത്തിനിടെ കേരളത്തിലെ അച്ഛനമ്മമാര്‍ കൊന്ന് കൊലവിളിച്ചത് അന്‍പതോളം കുഞ്ഞുങ്ങളെയാണ്. ഇത് പത്രവാര്‍ത്തകളിലെ ചരമ കോളത്തില്‍ നിന്ന് മാത്രം കണ്ടെടുത്തവ. കുടുംബ കലഹങ്ങളും കുഞ്ഞുപ്രശ്‌നങ്ങളും കൂട്ട മരണങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ അവരൊന്നും ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കിലിടം നേടിയിട്ടില്ല. എന്നാല്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം മുമ്പില്ലാത്തവിധം കൂടിയിട്ടുണ്ട്. വീടുകളില്‍ നിന്ന് ഇവര്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ ഒറ്റപ്പെട്ട സംഭവമേയല്ല. തൊണ്ണൂറ്റി ഒമ്പത് ശതമാനവും പുറത്തറിയുന്നില്ല. വാര്‍ത്തകളാകുമ്പോള്‍ മാത്രമേ ഇവയൊക്കെ ചര്‍ച്ചയാകുന്നുള്ളൂ വെന്ന് ഡി വൈ എസ് പിയായിരുന്ന എന്‍ സുഭാഷ് ബാബു പറയുന്നു.
സംസ്ഥാനത്തെ 57 ശതമാനം കുഞ്ഞുങ്ങളുടെയും മരണം അസ്വാഭാവിക മരണങ്ങളാണെന്നാണ് എറണാകുളത്തെ ആത്മഹത്യാ പ്രതിരോധ സമിതിയായ മൈത്രിയുടെ സെക്രട്ടറി പി ഒ ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നത്. 18 വയസ്സില്‍ താഴെയുള്ള 250 കുട്ടികളുടെ മരണത്തെ കുറിച്ച് അദ്ദേഹം നടത്തിയ പഠനത്തിലാണ് 57 ശതമാനവും ദുരൂഹതയുണര്‍ത്തുന്നതാണെന്ന് കണ്ടെത്തിയത്. ആത്മഹത്യ എന്ന് വിളിക്കപ്പെടുന്ന ഭൂരിഭാഗം കുട്ടികളുടെയും മരണങ്ങള്‍ കൊലപാതകങ്ങളായിരുന്നു. അവയില്‍ പലതിലും പ്രതികള്‍ രക്ഷിതാക്കളോ ബന്ധുക്കളോ ആണെന്നും ജോര്‍ജ് പറയുന്നു. തൂങ്ങിമരണം, മുങ്ങിമരണം, പൊള്ളലേറ്റു മരണം ഇവയിലായിരുന്നു ഇത്തരം കേസുകള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പോലും അത്തരത്തിലുള്ള ഒരു സംഭവം നമ്മുടെ മുമ്പിലേക്ക് വായനക്ക് വന്നു. ബൈക്ക് വെള്ളക്കെട്ടിലേക്ക് മറിച്ചിട്ട് ഭാര്യയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും കൊലക്ക് കൊടുത്ത ആ വാര്‍ത്ത അരീക്കോടു നിന്നാണ് കേട്ടത്. വാവൂര്‍ കോന്തൊടിക മുഹമ്മദ് ശരീഫാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇയാള്‍ക്ക് മറ്റൊരു വിവാഹം കഴിക്കുന്നതിനു വേണ്ടി നടപ്പാക്കിയ തിരക്കഥയില്‍ എന്തിനായിരുന്നു രണ്ടും നാലും വയസ്സുള്ള പൈതങ്ങളെക്കൂടി ഉള്‍പ്പെടുത്തിയത്?
നാല് വര്‍ഷം മുമ്പ് തൃശൂര്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പൊള്ളലേറ്റ് ചികിത്സക്കെത്തിയ 54 ശതമാനം കേസുകളും ആത്മഹത്യകളായിരുന്നില്ല. നേരത്തെ പ്ലാന്‍ ചെയ്ത് നടപ്പാക്കിയ കൊലപാതകങ്ങളായിരുന്നുവെന്നും പി ഒ ജോര്‍ജ് സമര്‍ഥിക്കുന്നു. കാരണങ്ങള്‍ പലതാകാം. എങ്കിലും ഇതൊക്കെയാണ് കേരളമെങ്കില്‍ അത് ഭീകരമാണ്. നമ്മുടെ കുട്ടികളുടെ ഭാവി ആശങ്കകളുടെതാണ്. പക്ഷേ, എന്നിട്ടും അതൊന്നും ചര്‍ച്ചകളേയല്ല. അസുഖമറിഞ്ഞുള്ള ചികിത്സയും തുടങ്ങിയിട്ടില്ല. ഒറ്റ ദിവസത്തെ പത്രവാര്‍ത്തകളില്‍ മാത്രം സ്ഥാനം പിടിച്ച കുഞ്ഞുങ്ങളോടുള്ള ക്രൂരതകളെക്കുറിച്ച് ശ്രദ്ധിക്കുക.
പതിനൊന്നുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച പിതാവ് അറസ്റ്റില്‍. തൊടുപുഴ ബംഗ്ലാംകുന്ന് കോളനിയിലെ മനോജാണ് മകള്‍ ഉണ്ണിമായയുടെ ഇടതുകാലില്‍ പൊള്ളലേല്‍പ്പിച്ചത്. മദ്യ ലഹരിയില്‍ 17കാരിയായ മകളുടെ കൈ അടിച്ചൊടിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത് നെടുമങ്ങാട്ടാണ്. കരുപ്പൂര്‍ സ്വദേശി വിജയനാണ് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മര്‍ദിക്കുമ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്ന മകളുടെ കൈ അടിച്ചു തകര്‍ത്തത്. പിതാവിന്റെ മര്‍ദനത്തില്‍ മനം നൊന്ത് ഇളയ മകള്‍ നേരത്തെ ആത്മഹത്യക്ക് ശ്രമച്ചിരുന്നു. എന്നിട്ടും അയാള്‍ പഠിച്ചിട്ടില്ല. അതൊരു വാര്‍ത്തയുമായില്ല. രണ്ട് കുഞ്ഞുങ്ങളെ തീകൊളുത്തി മാതാവ് ജീവനൊടുക്കിയ വാര്‍ത്ത കേട്ടത് നിലമ്പൂര്‍ വടപുറത്തു നിന്നായിരുന്നു. മൂന്ന് വയസ്സും മൂന്ന് ദിവസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളോടായിരുന്നു യുവതി ഈ ക്രൂരത ചെയ്തത്. മാതാവിന്റെ ഒത്താശയോടെ നിരവധിപ്പേരുടെ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത് ജീവിതത്തിലൊരിക്കലും തനിക്കിനി അമ്മയെ കാേണണ്ടെന്നാണ്. തളിപ്പറമ്പില്‍ നിന്നാണ് ഈ പീഡന വര്‍ത്തമാനം കേട്ടത്. എവിടെയും ഇരകള്‍ ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളാണ്. അനാഥരാകുന്നതും അരിഞ്ഞുവീഴ്ത്തുന്നതും പിഞ്ചു കുഞ്ഞുങ്ങളെ തന്നെ. കുട്ടികള്‍ സ്വന്തം വീട്ടില്‍ ലൈംഗിക പീഡനത്തിനിരയായ 346 കേസുകളാണ് രണ്ട് വര്‍ഷത്തിനിടെയുണ്ടായത്. നിയമസഭയില്‍ ആഭ്യന്തരമന്ത്രി അറിയിച്ചതാണീക്കാര്യം. വിദ്യാലയത്തില്‍വെച്ച് അധ്യാപകര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ 67 കേസുകളും. ഇവ പുറത്തുവന്ന കഥകള്‍. മൂടിവെക്കപ്പെട്ടതും ഒതുക്കിത്തീര്‍ത്തതുമായ സംഭവങ്ങള്‍ക്ക് ഇതിനും മുകളിലാണ് സ്ഥാനം. ഇവിടെ മനോരോഗികളുടെ അംഗസംഖ്യ കൂടുന്നു എന്നല്ലേ ഇത് കാണിക്കുന്നത്?
ഇന്ന് പുറത്തുകേട്ട ഷഫീഖിന്റെ നിലവിളി. അതേക്കുറിച്ചോര്‍ത്ത് വിവരിക്കുന്ന സഹോദരന്‍ ശഫിന്‍, ഇന്നലെത്തെ ദുരിതങ്ങള്‍ അയവിറക്കിയ അദിതിയുടെ സഹോദരന്‍ അരുണ്‍, ഇവരെല്ലാം മാതാപിതാക്കളുടെ പീഡനത്തിനിരയായിരുന്നു. ഇന്ന് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അരുണ്‍. പിതൃസഹോദരന്‍ ഗോവിന്ദന്‍ നമ്പൂതിരിയാണ് അരുണിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. പാതിജീവനും കൊണ്ട് ബാക്കിയാകുന്ന കുഞ്ഞുങ്ങളുടെയും മുറിവേറ്റ ബാല്യങ്ങളുടെയും തുടര്‍ ജീവിതത്തിന് എന്ത് സംഭവിക്കും? ഏത് തരത്തിലാണതവരെ ബാധിക്കുക ? സോളാര്‍ ഭൂകമ്പങ്ങള്‍ക്കിടയില്‍ നിന്ന് ഇതേക്കുറിച്ചൊക്കെ ഉറക്കെ ചിന്തിക്കാന്‍ എപ്പോഴാണ് മലയാളികള്‍ക്ക് സമയമൊത്തുവരിക…?