Connect with us

Articles

ഈ കവിതയെ ക്ലാസിന് പുറത്ത് നിര്‍ത്തണോ?

Published

|

Last Updated

കാലിക്കറ്റ് സര്‍വകലാശാല പാഠപുസ്തകത്തിലെ ഇബ്രാഹീം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത “ഓഡ് ടു ദ സീ” സര്‍വകലാശാല പിന്‍വലിച്ചിരിക്കുകയാണ്. റുബായിഷിന് അല്‍ഖാഇദ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് പഠിക്കാന്‍ ഡോ. എം എം ബഷീര്‍ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ ശിപാര്‍ശയനുസരിച്ചാണ് കവിത പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ സര്‍വകലാശാലയുടെ ഈ നടപടി അങ്ങേയറ്റത്തെ വിമര്‍ശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. കവിതയേയും കവിയേയും കൂട്ടിക്കുഴക്കുന്നത് അപരിഷ്‌കൃതമാണെന്ന് ചൂണ്ടിക്കാണിച്ച് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു. സത്യത്തില്‍ ഒരു നിരോധനമേര്‍പ്പെടുത്താന്‍ മാത്രം ഈ കവിതയില്‍ എന്തെങ്കിലുമുണ്ടോ? അങ്ങനെ ക്ലാസ്മുറിക്ക് പുറത്ത് നിര്‍ത്തേണ്ട ഒന്നാണോ ഇത്? ഈ കവിതയില്‍ എന്താണ് പറയുന്നത്.

സിറാജ് ലൈവിന് വേണ്ടി  ബിജു മാത്യൂ തയ്യാറാക്കിയ, “ഓഡ് ടു ദ സീ” എന്ന കവിതയുടെ സ്വതന്ത്ര മൊഴിമാറ്റം. ഒപ്പം കെ ഇ എന്‍ കുഞ്ഞഹമ്മദ്, റഫീഖ് അഹമ്മദ്, യു കെ കുമാരന്‍ എന്നിവരുടെ എഴുത്തും.

 

സമുദ്ര സങ്കീര്‍ത്തനം

മൊഴിമാറ്റം/ബിജു മാത്യു

ഹാ സമുദ്രമേ,
തരികെനിക്ക് പ്രിയരുടെ സന്ദേശങ്ങള്‍

അവിശ്വാസികളുടെ, ഈ
ബന്ധനങ്ങളില്ലാതിരുന്നെങ്കില്‍,
നിന്‍ വിരിമാറിലേക്ക് ഞാന്‍
എന്നേ കുതിച്ചേനെ –
പ്രിയരുടെ സവിധത്തിലണയാന്‍
അല്ലെങ്കില്‍, നിന്റെ വിരിമാറില്‍
സ്വയം നഷ്ടപ്പെടാന്‍

നിന്റെ തീരങ്ങള്‍ വ്യഥയുടേതാണ്,
പാരതന്ത്ര്യത്തിന്റേതും!
വേദനയും അനീതിയും കലുഷമാക്കിയത്;
നിന്റെ കൈപ്പിന്റെ കാഠിന്യം
എന്റെ ക്ഷമ തകര്‍ക്കുന്നു.

മരണതുല്യം നിന്‍ സ്വച്ഛത
വിചിത്രം നിന്റെ തിരമാലകള്‍;
ഒറ്റലാണ് ഒളിഞ്ഞിരിക്കുന്നത്
നിന്റെ ശാന്തിയില്‍
അവിരാമം നിന്‍ നിശബ്ദത
നാവികന്റെ കൊലയാളിയാകും
അവന്‍ ഒടുങ്ങും,
നിന്റെ ആഴങ്ങളില്‍.

സൗമ്യം, അലസം, മൂകം,
ഒന്നുമറിയാതെ
ദേഷ്യത്തോടെ, തിരയടിച്ച്
ശവമഞ്ചങ്ങളും പേറി നീ
യാത്ര തുടരും!

കാറ്റ് നിന്നെ കുപിതനാക്കുമ്പോള്‍
വെളിപ്പെടുന്നു നിന്‍ അനീതി;
കാറ്റ് നിന്നെ നിശബ്ദനാക്കവെ,
വേലിയിറക്കവും
കുഞ്ഞോളങ്ങളും മാത്രം.

ഹാ, സമുദ്രമേ,
മുറിപ്പെടുത്തുന്നുവോ നിന്നെ
ഞങ്ങളുടെ ബന്ധനങ്ങള്‍?
സ്വേച്ഛാപ്രേരിതമല്ല
ഞങ്ങളുടെ ഗമനാഗമനങ്ങള്‍.
നിനക്കറിയുമോ,
ഞങ്ങളുടെ പാപങ്ങള്‍?
നിനക്കറിയുമോ,
വിഷാദങ്ങളിലേക്ക്
വലിച്ചെറിയപ്പെട്ടവരാണ് ഞങ്ങളെന്ന്?

ഹാ സമുദ്രമേ,
അപഹസിക്കുന്നുവോ ഞങ്ങളെ
നീ ഞങ്ങളുടെ ബന്ധനങ്ങളില്‍?
ഞങ്ങളുടെ ശത്രുക്കളുമായി
നീ രഹസ്യധാരണയിലെത്തി,
ക്രൗര്യത്തോടെ ഞങ്ങളെ കാക്കുന്നു;
ഈ പാറകള്‍ നിന്നോട് പറയുന്നില്ലേ
അവരുടെ പാതകങ്ങള്‍?

പരാജിതനാക്കപ്പെട്ട ക്യൂബ
പറയുന്നില്ലേ നിന്നോട്
അതിന്റെ വ്യഥിത കഥകള്‍?

ഒറ്റപ്പെടുത്തി, നീ ഞങ്ങളെ
മൂന്നാണ്ടുകള്‍
എന്താണതില്‍ നിനക്കുളള നേട്ടം?

സമുദ്ര ഹൃദയത്തില്‍
കവിതയുടെ യാനപാത്രങ്ങള്‍,
ജ്വലിക്കുന്ന ഹൃദയത്തില്‍
അഗ്നിനാളത്തിന്റെ ശവമഞ്ചം

കവിമൊഴികള്‍
ഞങ്ങളുടെ ശക്തിയുടെ
ജ്ഞാനസ്‌നാന തൊട്ടികള്‍;

അവന്റെ ശീലുകള്‍
ഞങ്ങളുടെ വ്രണിത ഹൃദയത്തിന്‍ അടിമകള്‍!

കവിതയുടെ മൂലരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇത് സെക്കുലറാകാനുള്ള കുറുക്കുവഴിയോ?

കെ ഇ എന്‍

KENനിലവിലെ എല്ലാ അക്കാഡമിക് മാനദണ്ഡങ്ങളും അട്ടിമറിക്കപ്പെടുന്നതാണ് കവിത പിന്‍വലിച്ച യൂനിവേഴ്‌സിറ്റിയുടെ നടപടി. അക്കാഡമിക രംഗത്തെ പ്രമുഖര്‍ ഒരു കവിതാ സമാഹാരം തയ്യാറാക്കുന്നത് അതിനെ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ്. അങ്ങനെയുള്ള ഒരു കവിതയെ ഒറ്റയടിക്ക് തള്ളിക്കളയാന്‍ എന്ത് ന്യായമാണ് ഉള്ളത്? ആ കവിതയിലെ ഏത് കാവ്യ ഭിംഭമാണ് ജനാധിപത്യ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നത്?. അതിലെ ഏത് വരിയാണ് മാനവികതയെ എതിര്‍ക്കുന്നത്?. ആ കവിതയുടെ ഏത് ഭാഗമാണ് ജനാധിപത്യ മത നിരപേക്ഷകതയെ തകര്‍ക്കുന്നത്?. ഇതിന് ഉത്തരം പറയാനുള്ള ബാധ്യത കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കുണ്ട്.

കവിതകളേയും കവിയേയും കൂട്ടിക്കുഴക്കുന്ന രീതി അപരിഷ്‌കൃതമാണ്. കവിയുടെ രാഷ്ട്രീയ നിലപാടും കവിതയുടെ അന്തസത്തയും തമ്മില്‍ പല കാരണങ്ങളാല്‍ പൊരുത്തപ്പെടണമെന്നില്ല. ലോകം കണ്ട ഏറ്റവും വലിയ സാംസ്‌കാരിക ഭൂകമ്പമാണ് ഗ്വാണ്ടനാമോ. ചരിത്രത്തില്‍ അതിന് സമാനതകളില്ല. ആ ജയിലില്‍ പീഡനമനുഭവിച്ച ഒരു പ്രതിഭാശാലിയുടെ സര്‍ഗാത്മക ആവിഷ്‌കാരത്തെയാണ് യൂനിവേഴ്‌സിറ്റി പിച്ചിച്ചീന്തിയത്. ഗ്വാണ്ടനാമോയിലെ ഭീകരത നേരിട്ടനുഭവിച്ച ഒരു പ്രതിഭാശാലിയെ സ്വാഗതം ചെയ്യേണ്ടതിന് പകരം അയാളുടെ സര്‍ഗാവിഷ്‌കാരത്തെ തള്ളുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ഒരു വര്‍ഷം കലാലയങ്ങളില്‍ പഠിപ്പിച്ചതിന് ശേഷമാണ് യൂനിവേഴ്‌സിറ്റിക്ക് കവി “ഭീകരനാ”ണന്ന വെളിപാടുണ്ടായത്. ഇങ്ങിനെ പെട്ടന്നൊരു വെളിപാടിന്റെ കാരണമെന്താണെന്ന് അധികൃതര്‍ വ്യക്തമാക്കേണ്ടതുണ്ട്. കേവലം ഒരു പത്രവാര്‍ത്ത കണ്ട് യൂനിവേഴ്‌സിറ്റി എന്തിന് ഭയന്നുവെന്നത് മനസ്സിലാകുന്നില്ല. ഇനി അഥവാ പാഠപുസ്തകത്തിലെ ഒരു വിഷയത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് അക്കാഡമിക സംവാദത്തിന് വെക്കുകയായിരുന്നു യൂനിവേഴ്‌സിറ്റി ചെയ്യേണ്ടിയിരുന്നത്. ഇതൊന്നും ചെയ്യാതെ ഒറ്റയടിക്ക് കവിതയെ തള്ളിപ്പറഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. സെക്കുലറാകാന്‍ യൂനിവേഴ്‌സിറ്റി ഇത്തരം കുറുക്കുവഴികള്‍ തേടുന്നത് അപഹാസ്യം തന്നെ.

സാമ്രാജ്യത്വമാണ് ലോകത്തെ ഏറ്റവും വലിയ ഭീകരവാദം. അങ്ങിനെയുള്ള സാമ്രാജ്യത്വത്തെ പ്രതിരോധിക്കേണ്ടതിന് പകരം അതിനെതിരെ പ്രതികരിക്കുന്നവരെ ഭീകരവാദികളാക്കുന്ന ശൈലിയാണ് സര്‍വകലാശാല സ്വീകരിച്ചിരിക്കുന്നത്. സാമ്രാജ്യത്വം ആഗ്രഹിക്കുന്നതും അതുതന്നെയാണ്. സര്‍വകലാശാലകളെ കുറിച്ച് മുമ്പേ കേള്‍ക്കുന്ന ഒരു പരിഹാസ്യമുണ്ട്. ആസന്ന മരണ ചിന്തകള്‍ക്ക് കിടന്നുമരിക്കാനുള്ള ഒന്നാന്തരം നല്ല ആശുപത്രികളാണ് സര്‍വകലാശാലകള്‍ എന്നാണ് അത്. അത് കൂടുതല്‍ ശരിയാണെന്നാണ് ഇപ്പോഴത്തെ സംഭവം തെളിയിക്കുന്നത്. സര്‍ഗാത്മക ആവിഷ്‌കാരത്തെ ഭയപ്പെടുന്ന സ്ഥാപനമായി നമ്മുടെ യൂനിവേഴ്‌സിറ്റികള്‍ മാറുകയാണോ എന്ന ആശങ്ക ബലപ്പെടുകയാണ്.

ലജ്ജിക്കുന്നു, ഞാന്‍

റഫീഖ് അഹമ്മദ്

Rafeeque Ahmedസാംസ്‌കാരികം ഉള്‍പ്പെടെ മലയാളിയുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സംഭവിച്ചുകൊിരിക്കുന്ന ശോഷണത്തിന്റെ ഏറ്റവുമൊടുവിലത്തെ നിദര്‍ശനമാണ് ഈ അല്‍ഖൈ്വദ കവിതാവിവാദം. വൈലോപ്പിള്ളി പറഞ്ഞതു പോലെ ഇത്തിരി വട്ടം മാത്രം കാണുന്നവരും ഇത്തിരി മാത്രംചിന്തിക്കുന്നവരുമായ അധോമുഖ വാമനര്‍ സമസ്ത മണ്ഡലങ്ങളിലും കയറിപ്പറ്റി നാം നടന്നുവന്ന വഴികളെ പിന്നിലേക്കു വലിച്ചു കൊണ്ടിരിക്കുന്നു. സാഹിത്യത്തെക്കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലാത്തവരും ഉണ്ടായിട്ടും പലതരം സങ്കുചിതത്വങ്ങളാണ്. മനസ്സാക്ഷിക്കു വിരുദ്ധമായി സംസാരിക്കേണ്ടി വരുന്നവരെയുമൊക്കെ ഈ വിവാദമണ്ഡലങ്ങളില്‍ കാണേണ്ടി വരുമ്പോള്‍ കേരളം എവിടെ എത്തി നില്‍ക്കുന്നു എന്നോര്‍ത്ത് ലജ്ജ തോന്നുന്നു.

ഒരു ചര്‍ച്ചയ്ക്കു പോലും പ്രസക്തിയില്ലാത്ത വിധം കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സുവ്യക്തമാണ്. മലയാളസാഹിത്യത്തിലും ലോകസാഹിത്യത്തില്‍ തന്നെയും മഹത്തായ സാഹിത്യകൃതികള്‍ സംഭാവന ചെയ്തിട്ടുള്ള എഴുത്തുകാരില്‍ പലരുടെയും വ്യക്തി ജീവിതം അനുകരണീയമോ പൊതുസമൂഹത്തിന്റെ മൂല്യബോധത്തിന് നിരക്കുന്നതോ ആയിരുന്നിട്ടില്ല. കുറ്റവാളികളും ഭീകരവാദികളും അമിതമദ്യപരും വ്യഭിചാരികളുമൊക്കെ അവര്‍ക്കിടയിലുമുണ്ട്. വാല്‍മീകിയുടെയോ കാളിദാസന്റെയോ പൂര്‍വ്വാശ്രമങ്ങള്‍ അവരുടെ സംഭാവനകളുടെ ഗരിമ കുറയ്ക്കുന്നില്ല.

എസ്രാപൗിനും നെരൂദയ്ക്കുമെല്ലാം അവരുടേതായ രാഷ്ട്രീയ വിശ്വാസങ്ങളുായിരുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ മുതല്‍ എ അയ്യപ്പന്‍ വരെയുള്ളവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കഥകളുണ്ട്. വില്യം ഷെയ്ക്‌സ്പിയറുടെയോ ദസ്തയേവ്‌സ്‌കിയുടെയോ നീഷേയുടെയോ ഷെനെയുടെയോ വ്യക്തിജീവിതങ്ങള്‍ അനുകരണീയങ്ങളായിരുന്നു എന്ന് പറയാനാവില്ല. അതുകൊണ്ടാണ് കലാകാരന്റെ കൃതി മാത്രം നോക്കിയാല്‍ മതി അയാള്‍ക്കു മൂലക്കുരു ഉണ്ടോ എന്ന് പരിശോധിക്കേണ്ട എന്ന് ജോണ്‍ അബ്രഹാം പറഞ്ഞത്. ഋഷിമാരുടെയും മഹാനദികളുടെയും മൂലം അന്വഷിച്ചു പോകരുത് എന്നാണ് ആര്‍ഷഭാരതത്തിലെ വിവേകികളായ മനീഷികളും പറഞ്ഞു വെച്ചിട്ടുള്ളത്.

ഒരു ന്യായവുമില്ല

യു കെ കുമാരന്‍

u k kumaranകവിയുടെ ഏതെങ്കിലും സ്വാഭാവഗുണത്തിന്റെ പേരില്‍ കവിതയെ നിരോധിക്കാനുള്ള തീരുമാനം ആവിഷ്‌കാര സ്വാതന്ത്രത്തെ ചോദ്യം ചെയ്യുന്നതാണ്. ഏതൊരു കലാമാധ്യമത്തിലൂടെയും പുറത്തുവരുന്ന ശബ്ദങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അത് നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. പാഠപുസ്തകത്തില്‍ നിന്ന് കവിത നീക്കാനും പാഠപുസ്തകത്തില്‍  അത് ഉള്‍പ്പെടുത്താനും ഉള്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിക്കാനും ന്യായീകരണങ്ങള്‍ ഉണ്ടായേക്കാം. കവിതയെ പുറത്ത് നിര്‍ത്താന്‍ തീരുമാനിച്ച കമ്മീഷന് ചില ന്യായങ്ങള്‍ മുന്നോട്ടുവെക്കാനുമുണ്ടാകും. പക്ഷേ കവിത ഇഷ്ടപ്പെടുന്ന ഒരാളുടെ മുന്നില്‍ നിന്നും കവിതയെ മറച്ചുവെക്കാന്‍ ഇത്തരം ഒരു ന്യായവും പര്യാപ്തമല്ല.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ നടപടിയോട് നിങ്ങള്‍ക്കും പ്രതികരിക്കാം. പ്രതികരണങ്ങള്‍ താഴെ പോസ്റ്റ് ചെയ്യുക.