ആണവ ചര്‍ച്ച: റഷ്യന്‍ പ്രസിഡന്റ് ഇറാന്‍ സന്ദര്‍ശിച്ചേക്കും

Posted on: July 25, 2013 7:28 am | Last updated: July 25, 2013 at 7:28 am

vladimir_putin_01മോസ്‌കോ: ഇറാന്റെ വിവാദമായ ആണവ പദ്ധതികള്‍ സംബന്ധിച്ച് മുടങ്ങിക്കിടക്കുന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഇറാന്‍ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് മൂന്നിന് ഇറാന്റെ പുതിയ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് മധ്യത്തോടെ ഇറാന്‍ സന്ദര്‍ശിക്കുന്നതിനാണ് പുടിന്‍ തയ്യാറെടുക്കുന്നതെന്ന് റഷ്യന്‍ സര്‍ക്കാര്‍ വ്യത്തങ്ങളെയും ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തെയും ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് പുടിന്റെ വക്താവ് ദമിത്രി പെസ്‌കോവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആണവ പദ്ധതി സംബന്ധിച്ച് നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പുടിന്റെ സന്ദര്‍ശനത്തിന് കഴിയുമെന്നാണ് മോസ്‌കോ പ്രതീക്ഷിക്കുന്നതെന്നും പത്രം പറയുന്നു.
ആഗസ്റ്റ് 12,13 തിയ്യതികളിലായി പുടിന്റെ സന്ദര്‍ശനമുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടിലുണ്ട്. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് മേഖലയില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ മധ്യസ്ഥം വഹിച്ച റൂഹാനി തന്നെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ചര്‍ച്ചകളില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് പാശ്ചാത്യ ശക്തികള്‍.
സൈനികേതര പദ്ധതികള്‍ക്കെന്ന പേരില്‍ ആണവ പദ്ധതികള്‍ നടപ്പാക്കുന്ന പാശ്ചാത്യരാജ്യങ്ങളും ഇസ്‌റാഈലും ആണവായുധങ്ങള്‍ നിര്‍മിക്കുകയാണെന്നും തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്നുമാണ് ഇറാന്റെ വാദം. ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമൂഹം ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിച്ചിരുന്നു.