Connect with us

Malappuram

കൊടുംക്രൂരതക്ക് പിന്നില്‍ സാമ്പത്തിക ലക്ഷ്യം

Published

|

Last Updated

അരീക്കോട്:അരീക്കോട് ആലുക്കല്‍ കൂട്ടക്കൊലക്കേസിലെ പ്രതി മുഹമ്മദ് ശരീഫ്(33)ഭാര്യയെയും മക്കളെയും കൂട്ടക്കൊല ചെയ്തത് 10 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസിയെടുത്ത ശേഷം. ശരീഫ് ഭാര്യയുടെ പേരില്‍ എടുത്ത ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസിയുടെ രേഖകള്‍ പോലീസ് കണ്ടെത്തി. ഇതോടെ കൊലക്ക് പിന്നില്‍ സാമ്പത്തിക താത്പര്യമായിരുന്നുവെന്ന് തെളിഞ്ഞു. ഭാര്യയെ കൊലപ്പെടുത്തി അപകട മരണമാണെന്ന് വരുത്തിത്തീര്‍ത്ത് 10 ലക്ഷം രൂപ കൈക്കലാക്കാമെന്ന ലക്ഷ്യത്തോടെ ഭാര്യയുടെ പേരില്‍ കഴിഞ്ഞ മെയ് 28 നാണ് 10 ലക്ഷം രൂപയുടെ പോളിസി എടുത്തത്. ഇന്നലെ ശരീഫിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇതിന്റെ രേഖകള്‍ കണ്ടെടുത്തത്. ആദ്യ പ്രീമിയം 25,000 രൂപ അടച്ചിട്ടുണ്ട്. എല്‍ ഐ സി യുടെ കോഴിക്കോട്ടെ ഡിവിഷനല്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് പോളിസി എടുത്തത്. പോളിസി പ്രമാണം തപാല്‍ വഴി വീട്ടിലെത്താന്‍ കാത്തിരിക്കാതെ കഴിഞ്ഞ ആഴ്ച കോഴിക്കോട് ഓഫീസില്‍ ഷരീഫ് നേരിട്ടെത്തി കൈപ്പറ്റുകയായിരുന്നു. കൊലപാതകത്തിനായി മാസങ്ങള്‍ക്ക് മുമ്പെ ആസൂത്രണം തുടങ്ങിയെന്ന നിഗമനത്തെ ശക്തിപ്പെടുത്തുന്നതാണ് ഭാര്യയുടെ പേരിലെടുത്ത ഇന്‍ഷ്വറന്‍സ് പോളിസിയെന്ന് പോലീസ് പറഞ്ഞു. ഉടനെത്തന്നെ രണ്ടു കുട്ടികളുടെ പേരിലും പോളിസി എടുക്കാനുള്ള താത്പര്യം ഇന്‍ഷ്വറന്‍സ് ഓഫീസില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഓഫീസ് വഴി കുട്ടികളുടെ പേരില്‍ ഇന്‍ഷ്വറന്‍സ് എടുത്തിട്ടില്ല. മറ്റേതെങ്കിലും ബ്രാഞ്ചില്‍ നിന്ന് കുട്ടികളുടെ പേരില്‍ ഇന്‍ഷ്വറന്‍സ് എടുത്തോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതിയുടെ പേരില്‍ പത്തിലധികം ബേങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ എട്ടെണ്ണത്തിന്റെ പാസ്ബുക്ക് ശരീഫിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ശരീഫ് ഉപയോഗിച്ചിരുന്ന ഒന്നിലധികം സിം കാര്‍ഡുകള്‍ പോലീസിന്റെ കൈവശമുണ്ട്. ഇതിലെ കാള്‍ ഡീറ്റെയില്‍സ് പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതിക്ക് മറ്റു യുവതികളുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ഭാര്യ സാബിറയുടെ സ്വാര്‍ണാഭരണങ്ങള്‍ മുഴുവന്‍ കൈക്കലാക്കിയ പ്രതി ഇതില്‍ അമ്പത് പവന്‍ കൊലക്ക് മുമ്പ് വിറ്റ് കാശാക്കിയിരുന്നു. പണയത്തിലാണെന്നായിരുന്നു സാബിറയെ ധരിപ്പിച്ചത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഭാര്യാ പിതാവില്‍ നിന്ന് പലപ്പോഴായി ഭീമമായ തുക കൈക്കലാക്കിയിരുന്നു. നിലവില്‍ ഒരു ആഢംബര കാര്‍ സ്വന്തമായുള്ള ശരീഫിന് രണ്ടാമതും കാര്‍ വാങ്ങാന്‍ പണം വേണമെന്നാവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിക്കാറുണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തി അപകട മരണമാണെന്നു വരുത്തിത്തീര്‍ത്ത് 10 ലക്ഷം രൂപയും പുതിയ വിവാഹത്തിലൂടെ ലഭിക്കുന്ന പണവുമുള്‍പ്പെടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നെതെന്ന് പോലീസ് പറഞ്ഞു. മഞ്ചേരി സിഐ. വി എ കൃഷ്ണദാസ്, അന്വേഷണ സംഘാംഗങ്ങളായ ശശി കുണ്ടറക്കാട്, മനാട്ട് സത്യനാഥന്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.