പരാതി കൊടുത്തപ്പോള്‍ അധോലോക നേതാവ് വിളിച്ച് ഭീഷണിപ്പെടുത്തി: കുരുവിള

Posted on: July 25, 2013 1:30 am | Last updated: July 25, 2013 at 1:30 am

തൃശൂര്‍: മുഖ്യമന്ത്രിക്കെതിരെ താന്‍ പരാതി കൊടുത്തപ്പോള്‍ ദുബൈയിലുള്ള അധോലോക നേതാവ് രവി പൂജാരി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് വിവാദ വ്യവസായി എം കെ കുരുവിള. രവി പൂജാരിയും മുഖ്യമന്ത്രിയുമായി എന്ത് ബന്ധമാണുള്ളതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് കുരുവിള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തനിക്കെതിരെ പോലീസ് നാല് കള്ളക്കേസുകള്‍ കെട്ടിച്ചമച്ചിട്ടുണ്ട്. ഇത് ശരിയല്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ കൈയിലുണ്ട്. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഇത് വെളിപ്പെടുത്തുന്നില്ല.
കോടതിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മണി ചെയിന്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കുരുവിള തൃശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.