Connect with us

Articles

ബദ്ര്‍: ലക്ഷ്യവും സന്ദേശവും

Published

|

Last Updated

ലോകചരിത്രത്തില്‍ ഏറ്റവും ശ്രേഷ്ഠവും ശ്രദ്ധേയവുമായ ധര്‍മസമരത്തിന്റെ നാമമാണ് ബദ്ര്‍. നിത്യവിസ്മയവും ചരിത്ര നിയോഗവുമായി ബദ്ര്‍ സ്മൃതി എന്നുമെന്നും നിലനില്‍ക്കും. തേച്ചുമാച്ചു കളയാന്‍ കഴിയാത്ത വിധം.
ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ പതിനേഴിനായിരുന്നു ബദ്ര്‍. എ ഡി 624 ജനുവരി മാസത്തില്‍. ബദ്‌റിന്റെ ചരിത്രം ഒരു സമുദായത്തിന്റെ ചരിത്രത്തിലുടനീളം ഉത്തേജകമായി വര്‍ത്തിക്കുന്നുണ്ട്. ബദ്‌റിന് ശേഷം ഉണ്ടായിട്ടുള്ള ധര്‍മസമര പോരാട്ടങ്ങളിലെല്ലാം ബദ്‌റിന് വമ്പിച്ച സ്വാധീനമുണ്ട്. ഇസ്‌ലാമിക സമൂഹത്തിന് പിന്നീടുണ്ടായ സര്‍വ വിജയത്തിനും പുരോഗതിക്കും നിമിത്തമായി വര്‍ത്തിച്ച ബദ്ര്‍ നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള നിയമാനുസൃത പോരാട്ടത്തിന്റെ വീര ചരിത്രമാണ് രചിച്ചത്. നിരായുധരായ ചെറു സംഘത്തിനു മുമ്പില്‍ സായുധസജ്ജരായ വന്‍ പട വെറുതെ നിന്നുകൊടുക്കുകയായിരുന്നോ? ഒരിക്കലുമല്ല. ഇസ്‌ലാമിന്റെ വിജയത്തിനും പുരോഗതിക്കും പ്രപഞ്ചനാഥന്‍ ആസൂത്രണം ചെയ്ത വിശുദ്ധ സമരമായിരുന്നു ബദ്ര്‍. നിരായുധരും നിസ്സഹായരും പരമദരിദ്രരുമായൊരു ന്യൂനപക്ഷം സര്‍വായുധസജ്ജരായ ഒരു സൈനിക ശക്തിയെ വിശ്വാസ, ആദര്‍ശ ബലം കൊണ്ട് അതിജയിച്ച അത്ഭുത സംഭവമാണത്.
ആള്‍ബലമോ ആയുധ ശേഷിയോ ആയിരുന്നില്ല ബദ്ര്‍ വിജയത്തിന്റെ ആത്യന്തിക രഹസ്യം. ആദര്‍ശപ്രചോദിതമായ ആത്മധൈര്യവും സത്യവിശ്വാസത്തിന്റെ സവിശേഷമായ ഉള്‍ക്കരുത്തുമായിരുന്നു. ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് പോലെ; “”സത്യാസത്യ വിവേചന ദിനാണ് ബദ്ര്‍. ആണുങ്ങളുടെ ആത്മധൈര്യം പര്‍വതങ്ങളെ പോലും തകര്‍ക്കുമെന്ന ആപ്തവാക്യം ഇവിടെ ചേര്‍ത്തുവായിക്കാം. ബദ്‌റിന്റെ ശരിയായ പശ്ചാത്തലം വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഏത് നിഷ്പക്ഷമതിയും ഉറക്കെ പറയും ബദ്ര്‍ അതിന്റെ പതിമൂന്ന് വര്‍ഷം മുമ്പേ നടക്കേണ്ടതായിരുന്നുവെന്ന്. പ്രവാചക പ്രബോധനത്തിന്റെ ആദ്യ നാള്‍ മുതല്‍ ബദ്ര്‍ വരെ നീണ്ടുനില്‍ക്കുന്ന മുസ്‌ലിംകളുടെ ചരിത്രവും ബദ്‌റിലേക്ക് നയിച്ച സാഹചര്യവും പരിശോധിച്ചാല്‍ അത് ആര്‍ക്കും ബോധ്യമാകും.
യുദ്ധവും ബലപ്രയോഗവും ഇസ്‌ലാമിക പ്രബോധനത്തിന്റെ മാര്‍ഗമേ അല്ല. സംഹാരാത്മകതയെ മതം പ്രോത്സാഹിപ്പിക്കുന്നുമില്ല. ആത്മരക്ഷാര്‍ഥവും വിശ്വാസ സംരക്ഷണാര്‍ഥവുമുള്ള പ്രതിരോധമാണ് നബി നിര്‍വഹിച്ചത്. ഖുര്‍ആന്‍ പഠിപ്പിക്കുന്നത് ഇങ്ങനെ: “മതകാര്യങ്ങളില്‍ ബലപ്രയോഗമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വേര്‍തിരിഞ്ഞിരിക്കുന്നു.””നിങ്ങളോട് യുദ്ധം ചെയ്യുന്നവര്‍ക്കെതിരെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ അതിക്രമം അരുത്. നിശ്ചയം അതിക്രമകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. (അല്‍ബഖറ)
അഭിപ്രായ, ചിന്താ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമെതിരെയുള്ള പ്രതിരോധ സമരമാണ് സത്യത്തില്‍ സംഭവിച്ചത്. വിചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അനിവാര്യമായ ധര്‍മസമരം. എല്ലാ ദൈവിക വ്യവസ്ഥകളും രാഷ്ട്രാന്തരീയ യുദ്ധ നീതിന്യായ സമ്പ്രദായങ്ങളും അംഗീകരിക്കുന്ന ഒരു സൈനിക തന്ത്രം മാത്രം. മുസ്‌ലിംകളെ ജന്മഗേഹങ്ങളില്‍ നിന്ന് പുറത്താക്കുകയും ഭവനങ്ങള്‍ കൈയടക്കുകയും അവരുടെ ആയുഷ്‌കാല സമ്പാദ്യങ്ങള്‍ അപഹരിച്ച് വ്യവഹാരം നടത്തുകയും അതിലൂടെ ശക്തി സംഭരിച്ച് വിശ്വാസികളെ നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്ന ഖുറൈശികളെ തടയുക മാത്രമാണ് ലക്ഷ്യം. മദീനയില്‍ നിന്ന് പുറപ്പെടുമ്പോള്‍ പോലും മുസ്‌ലിംകളുടെ ലക്ഷ്യം യുദ്ധമായിരുന്നില്ല.
ജീവല്‍പ്രാധാന്യമുള്ള മൂന്ന് കാരണങ്ങളാണ് ബദ്‌റില്‍ ആയുധമെടുക്കാന്‍ മുസ്‌ലിംകളെ പ്രേരിപ്പിച്ചത്. നിരന്തരം ചോദ്യം ചെയ്യപ്പെട്ട സാമൂഹിക രാഷ്ട്രീയ സുരക്ഷ. കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരുന്ന വിശ്വാസ, അഭിപ്രായ, പ്രബോധന സ്വാതന്ത്ര്യം. തങ്ങള്‍ക്കെതിരില്‍ വരിഞ്ഞുമുറുക്കപ്പെട്ട സാമൂഹിക ദുരാചാരങ്ങളും സാമ്പത്തിക ചൂഷണങ്ങളും. ഈ മൂന്ന് പ്രവണതകളും ഫലപ്രദമായി പ്രതിരോധിക്കേണ്ടത് അനിവാര്യമായി വന്നു.
പ്രതിഷേധത്തിന്റെയും പ്രകോപനത്തിന്റെയും സാമൂഹിക, സാമ്പത്തിക ഒറ്റപ്പെടുത്തലിന്റെയും ഒട്ടേറ അനുഭവങ്ങള്‍. അക്രമത്തിന്റെയും ഉപരോധത്തിന്റെയും സങ്കീര്‍ണമായ സാഹചര്യം വിലയിരുത്തുമ്പോള്‍ ധര്‍മസമരമെന്തേ ഇത്ര വൈകി എന്ന് അതിശയിച്ചുപോകും. തിരുനബി പ്രബോധനം ആരംഭിച്ചതോടെ കടുത്ത വിദ്വേഷവും ശത്രുതയും ഉടലെടുത്തു. പിന്നീടുള്ള നാളുകള്‍ മുസ്‌ലിംകള്‍ക്ക് പീഡനത്തിന്റെതായിരുന്നു. ശാരീരിക മാനസിക സാമ്പത്തിക അതിക്രമങ്ങളുടെതായിരുന്നു. ബന്ധവിച്ഛേദം ശക്തമാക്കാനും ഊരുവിലക്ക് ഏര്‍പ്പെടുത്താനുമാണ് ഖുറൈശികള്‍ ആദ്യം ശ്രമിച്ചത്. നബി(സ)യെയും അനുചരന്മാരെയും ബന്ധപ്പെടാന്‍ മറ്റുള്ളവരെ അനുവദിക്കാതിരിക്കുക. സൂചിപ്പഴുതുകള്‍ പോലുമടച്ച് സാമ്പത്തിക സ്രോതസ്സുകള്‍ക്ക് പ്രതിരോധം ശക്തമാക്കി. സാമ്പത്തിക ഭദ്രത തകര്‍ന്നുപോയ ഒരു സമൂഹത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അങ്ങനെ അവര്‍ മുസ്‌ലിംകളുടെ സമ്പത്ത് പൂര്‍ണമായും നശിപ്പിച്ചു. ഉപജീവനത്തിന്റെ മാര്‍ഗങ്ങള്‍ കൊട്ടിയടച്ചു. പട്ടിണിക്കിട്ടു. സാമൂഹിക ബഹിഷ്‌കരണം ഊര്‍ജിതമാക്കി. വിനിമയം തടസ്സപ്പെടുത്തി. സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. വിപണിയില്‍ ഭക്ഷ്യ വിഭവങ്ങള്‍ വില്‍ക്കരുത്. വിവാഹ ബന്ധം സ്ഥാപിക്കരുത്. വ്യാപാര ഇടപാടുകള്‍ നടത്തരുത്. വിട്ടുവീഴ്ചക്കും നീക്കുപോക്കിനും തയ്യാറാകരുത് എന്നിങ്ങനെ നീണ്ട ബഹിഷ്‌കരണ തീരുമാനങ്ങളുടെ പകര്‍പ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും കഅബയില്‍ പതിക്കുകയും ചെയ്തു. തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും ലംഘിക്കുന്നവരെ സസൂക്ഷ്മം നിരീക്ഷിച്ചു കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തു. മൂന്ന് വര്‍ഷം നീണ്ടുനിന്ന ഈ ഉപരോധം മൂലം മുസ്‌ലിംകള്‍ ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കാതെ വലഞ്ഞു. പച്ചിലകളും കാട്ടുകനികളും കഴിച്ചു ജീവിതം തള്ളിനീക്കി. എല്ലാം സഹിച്ചു; ക്ഷമിച്ചു. മക്കയിലെ 13 വര്‍ഷത്തെ പ്രബോധന കാലം തികച്ചും സമാധാനപൂര്‍ണമായിരുന്നു.
“അല്ലാഹുവാണ് ഞങ്ങളുടെ റബ്ബ്” എന്ന് പറഞ്ഞ ഒറ്റക്കാരണത്തിനാണ് വിശ്വാസികള്‍ വീടും നാടും കുടുംബവും ആയുഷ്‌കാല സമ്പാദ്യവുമെല്ലാമുപേക്ഷിച്ച് വിവിധ നാടുകളിലേക്ക് മാറിമാറി പലായനം ചെയ്യേണ്ടിവന്നത്. നിരവധി മുസ്‌ലിംകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. സമ്പാദ്യവുമായി നാട് വിടാന്‍ പോലും ശത്രുക്കള്‍ ആരെയും അനുവദിച്ചില്ല. സഅദുബിന്‍ അബീ വഖാസിന്റെ മനോഹരമായ വീട്ടില്‍ അബൂജഹ്ല്‍ താമസമാക്കി. സുഹൈബ്(റ)വിന്റെ വ്യാപാര സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്തു. എത്ര ഹൃദയഭേദകമായ സംഭവങ്ങള്‍.
മദീനയിലും മുസ്‌ലിംകള്‍ക്ക് നിരന്തര പീഡനമായിരുന്നു. അതിര്‍ത്തി ലംഘിച്ച് മദീനയിലേക്ക് നുഴഞ്ഞുകയറി അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. കൃഷി നശിപ്പിക്കുക, വീടുകള്‍ തകര്‍ക്കുക, കിണറുകള്‍ മലിനമാക്കുക, കാലികളെയും സമ്പത്തും കൊള്ളയടിക്കുക, തീ വെച്ച് നശിപ്പിക്കുക തുടങ്ങിയ അതിക്രമങ്ങളിലൂടെ മുസ്‌ലിംകളെ ദുര്‍ബലമാക്കാനുള്ള ശ്രമം ശക്തമായി തുടര്‍ന്നുകൊണ്ടിരുന്നു. ഇനിയും ഇങ്ങനെ തുടരാന്‍ വയ്യെന്നായി മുസ്‌ലിംകള്‍ക്ക്. മര്‍ദിതരുടെ മോചനം, വിശ്വാസ സംരക്ഷണം, ആരാധനാ സ്വാതന്ത്ര്യം, സംഘര്‍ഷങ്ങളുടെ നിര്‍മാര്‍ജനം, ധാര്‍മിക മൂല്യങ്ങളുടെ സംസ്ഥാപനം തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടി നിയമാനുസൃതമായ സമരം ന്യായമാണല്ലോ.
ലോക ചരിത്രത്തില്‍ എക്കാലത്തും യുദ്ധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിട്ടുണ്ട്. ബാബിലോണിയക്കാരും ഫറോവമാരും ഗ്രീസുകാരും പേര്‍ഷ്യക്കാരുമെല്ലാം നടത്തിയ രക്തരൂഷിത യുദ്ധങ്ങള്‍. നെപ്പോളിയന്‍, തിമൂര്‍, അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ നടത്തിയ പടയോട്ടങ്ങള്‍. പാശ്ചാത്യ, പൗരസ്ത്യ ശക്തികള്‍ നടത്തിയ യുദ്ധങ്ങള്‍… ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങള്‍, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കുരിശു യുദ്ധങ്ങള്‍… ഇങ്ങനെയെത്രയെത്ര യുദ്ധങ്ങള്‍.! കേവല ഭൗതിക താത്പര്യങ്ങളായിരുന്നു, സാമ്പത്തിക ലക്ഷ്യങ്ങളായിരുന്നു, അവയുടെയെല്ലാം ഉന്നം. ഈ യുദ്ധങ്ങള്‍ നേട്ടങ്ങളൊന്നുമുണ്ടാക്കിയില്ല എന്നു മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ കൂട്ടക്കുരിതിക്ക് കാരണമാകുകയും ചെയ്തു. ഈയൊരു യുദ്ധചരിത്രത്തിനിടയിലാണ് ബദ്ര്‍ പ്രസക്തമാകുന്നത്.
ബദ്‌റില്‍ പങ്കെടുത്തവര്‍ക്കുള്ള അതിമഹത്തായ വിശേഷണമാണ് അസ്ഹാബുല്‍ ബദ്ര്‍/ബദ്‌രീങ്ങള്‍ എന്നത്. മറ്റു വിശ്വാസികള്‍ക്കാര്‍ക്കുമില്ലാത്ത വിശേഷണം. നബി(സ)യും സഹാബികളുമടങ്ങിയ 313 വിശ്വാസികളാണവര്‍. 77 മുഹാജിറുകളും 236 അന്‍സാറുകളും. രണ്ട് ലോകത്തും രാജകീയ പ്രൗഢിയോടെ പ്രകാശം പരത്തുന്ന താരകങ്ങളാണ് ബദ്‌രീങ്ങള്‍. അവരുടെ ചരിത്രം എക്കാലത്തുമുള്ള വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഹര്‍ഷപുളകിതമാണ്. ഇസ്‌ലാമിക ലോകത്ത് ഏറ്റവും അനുസ്മരിക്കപ്പെടുന്നവരാണ് അവര്‍.
അവസാനം വരെയുള്ള മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തിലുടനീളം ആ മഹാത്മാക്കളുടെ സൃമൃതി അനശ്വരമായി നിലനില്‍ക്കും. എക്കാലത്തെയും ധര്‍മമുന്നേറ്റങ്ങള്‍ക്ക് ആവേശവും ആത്മധൈര്യവും പകരുന്നതാണത്. അവരെ അനുസ്മരിക്കുക വഴി വലിയൊരു ആത്മധൈര്യമാണ് വിശ്വാസിക്ക് ലഭിക്കുന്നത്. ആ അനുസ്മരണം വഴി സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. അവരുടെ പേര് ഉച്ചരിക്കുന്നിടത്ത് അനുഗ്രഹ വര്‍ഷമുണ്ടാകും. അവരെ മുന്‍നിര്‍ത്തിയുള്ള പ്രര്‍ഥനകള്‍ സ്വീകരിക്കപ്പെടും.

(“സകാത്തും സാമ്പത്തിക സമത്വവും” ലേഖനം നാളെ തുടരും – എഡിറ്റര്‍)

---- facebook comment plugin here -----

Latest