Connect with us

Wayanad

തോല്‍പ്പെട്ടി അരണപ്പാറയില്‍ അനധികൃത മരം മുറി

Published

|

Last Updated

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി അരണപ്പാറയില്‍ രണ്ട് എസ്‌റ്റേറ്റുകളില്‍ വന്‍ തോതില്‍ അനധികൃത മരം മുറി.
സര്‍വെ നമ്പര്‍ 124ല്‍ പെട്ട ദേവി എസ്‌റ്റേറ്റ്,സര്‍വ്വേ നമ്പര്‍ 110/ബിയില്‍പെട്ട ട്രസ്റ്റ് പ്ലാന്റേഷന്‍ എന്നിവയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ച് കടത്തുന്നത്. വീഴാറായതും ഉണങ്ങിയതുമായ മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് ലഭിച്ച അനുമതിയുടെ മറവിലാണ് മരം കൊള്ള നടത്തുന്നത്.സില്‍വര്‍, ഓക്ക് തുടങ്ങിയ മരങ്ങള്‍ മുറിച്ച് നീക്കുന്നതിനാണ് അനുമതി ലഭിച്ചത്. ദേവി എസ്‌റ്റേറ്റിലാണ് അനുമതിയില്ലാത്ത മരങ്ങള്‍ കൂടുതലായി മുറിച്ചത്. സില്‍വര്‍, ഓക്ക്, പ്ലാവ്, അയിനി, ആഞ്ഞിലി തുടങ്ങിയ മരങ്ങളാണ് മുറിച്ചത്. മുറിച്ചിട്ട മരങ്ങള്‍ ആനയെ ഉപയോഗിച്ച് വാഹനത്തിലേക്ക് എത്തിച്ചുക്കൊണ്ടിരിക്കുകയാണ്. മരം മുറിക്ക് നിരോധനമുള്ള വില്ലേജില്‍പ്പെട്ട സ്ഥലമാണ് തിരുനെല്ലി. മരം മുറിക്കാന്‍ വനം വകുപ്പ് അനുമതി കൊടുത്താല്‍ തന്നെ മുറിച്ച മരങ്ങള്‍ക്ക് വനം വകുപ്പ് നമ്പര്‍ ഇട്ടു നല്‍കിയാന്‍ മാത്രമേ മരങ്ങള്‍ കൊണ്ടുപോകാന്‍ പാടുള്ളു. എന്നാല്‍ നിയമങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തി വന്‍ മരം കൊള്ളയാണ് ഇവിടെ നടക്കുന്നത്. മരം മുറി വിവരം നാട്ടുകാര്‍ വനം വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയും വനംവകുപ്പ് എടുത്തിട്ടില്ല. സാധാരനക്കാരന്‍ ഒരു കമ്പ് മരം മുറിച്ചാല്‍ കേസുമായി വരുന്ന വനം വകുപ്പ് ഈ സംഭവം കണ്ടില്ലെന്ന് നടിക്കുകയാണ്. മരം മുറിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Latest