Connect with us

Wayanad

സോളാര്‍ തട്ടിപ്പ്: വയനാട് കലക്ടറേറ്റ് പടിക്കല്‍ രാപ്പകല്‍ സമരം ആരംഭിച്ചു

Published

|

Last Updated

കല്‍പറ്റ: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും സോളാര്‍ തട്ടിപ്പിലെ സൂത്രധാരനൂമായ ബിജു രാധാകൃഷ്ണന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഒരു മണിക്കൂര്‍ അടച്ചിട്ട മുറിയില്‍ രഹസ്യ ചര്‍ച്ച നടത്താന്‍ സൗകര്യം ഏര്‍പ്പാടാക്കിയ എം ഐ ഷാനവാസ് എം പിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് ചോദ്യം ചെയ്യണമെന്ന് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍ ആവശ്യപ്പെട്ടു.
കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്നുള്ള കടക്കെണി മരണങ്ങളും ആദിവാസി ഭൂമി വിഷയവും രാത്രിയാത്രാ നിരോധനവും അടക്കം വയനാടന്‍ ജനത നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇവിടെ നിന്നുള്ള യു ഡി എഫ് സംഘത്തിന് പോലും ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് ഷാനവാസ് വേദിയൊരുക്കിയിട്ടില്ല. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എം എല്‍ എമാരില്‍ ആര്‍ക്കെങ്കിലും ഇത്തരത്തില്‍ മുഖ്യമന്ത്രിയുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്താനുള്ള സൗകര്യവും ഉണ്ടാക്കിയിട്ടില്ല. എന്നുവെച്ചാല്‍ ജനത്തിന്റെ ജീവത്തായ പ്രശ്‌നങ്ങളില്‍ പോലും മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് വേദിയൊരുക്കാത്ത എം ഐ ഷാനവാസ് എം പി, തട്ടിപ്പുകാരനായ കൊലക്കേസ് പ്രതിക്ക് ഒരുമണിക്കൂര്‍ രഹസ്യ ചര്‍ച്ചയ്ക്ക് അവസരം ഒരുക്കിയതിന് പിന്നില്‍ വലിയ തട്ടിപ്പിന്റെയോ സാമ്പത്തിക ലാഭത്തിന്റെയോ സാധ്യത വളരെ കൂടുതലാണ്. ഷാനവാസിന്റെ പശ്ചാത്തലവും ഈ സംശയം ബലപ്പെടുത്തുന്നുണ്ട്.
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് എല്‍ ഡി എഫ് വയനാട് കലക്‌ടേറ്റ് പടിക്കല്‍ ആരംഭിച്ച രാപ്പകല്‍ സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു സി എന്‍ ചന്ദ്രന്‍. സംസ്ഥാന ഭരണതലത്തില്‍ കാര്യമായ സ്വാധീനമുള്ളതിനാല്‍ ഷാനവാസിനെ ചോദ്യം ചെയ്യാന്‍ പോലീസ് ഭയക്കുകയാണ്. എല്ലാക്കാലവും അയാള്‍ എം പി ആയിരിക്കില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്തെ എല്ലാ സീറ്റുകളും നഷ്ടപ്പെടുമെന്ന് പറയുന്നത് കോണ്‍ഗ്രസ്-ലീഗ്-കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. ഇതില്‍ വയനാട് ലോക്‌സഭാ മണ്ഡലവും ഉള്‍പ്പെടും. അതിനാല്‍ ഷാനവാസിനെ ചോദ്യം ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഭയക്കേണ്ടതില്ല. തട്ടിപ്പുറാണി സരിത നായര്‍ ക്കൊപ്പം നില്‍ക്കുന്ന മന്ത്രിമാരുടെ കൂട്ടത്തില്‍ വയനാട്ടില്‍ നിന്നുള്ള മന്ത്രി പി കെ ജയലക്ഷ്മിയും ഉണ്ട്. ഇവരുമായുള്ള ബന്ധവും അന്വേഷിക്കേണ്ടതുണ്ട്.
അട്ടപ്പാടിയിലേത് പോലെ നവജാതശിശുമരണം വയനാട്ടിലും വളരെ കൂടുതലാണ്. അട്ടപ്പാടിയില്‍ ഗര്‍ഭിണികളായ യുവതികള്‍ ചാരായം കുടിക്കുന്നതും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാത്തതുമാണ് നവജാത ശിശുമരണത്തിന് കാരണമെന്ന് മുഖ്യന്ത്രിയും മന്ത്രി കെ സി ജോസഫും പറയുന്നു. സരിതക്കൊപ്പെ ചങ്ങാത്തം കൂടിയ മന്ത്രി ജയലക്ഷ്മി മുഖ്യമന്ത്രിയുടെയും മന്ത്രി കെ സി ജോസഫിന്റെയും അഭിപ്രായത്തോട് പ്രതികരിക്കണം. ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അവകാശമില്ല.
ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളില്‍ നിന്ന് ഒരേ ദിവസം സര്‍ക്കാറിന് എതിരെ ഉണ്ടായ അതിരൂക്ഷമായ വിമര്‍ശനം സോളാര്‍ തട്ടിപ്പില്‍ എല്‍ ഡി എഫ് ഉയര്‍ത്തുന്ന ആവശ്യം ശരിവെയ്ക്കുന്നതാണ്. സോളാര്‍ തട്ടിപ്പ് കേസ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണമെന്നും മാധ്യമസൃഷ്ടിയെന്നുമൊക്കെയുള്ള മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസിന്റെയും വാദമുഖങ്ങള്‍ കോടതി പരാമര്‍ശത്തിലൂടെ പൂര്‍ണമായും പൊളിഞ്ഞു. യു ഡി എഫിനെയും ഉമ്മന്‍ചാണ്ടിയെയും സഹായിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ വിചാരിച്ചാലും ഇനി സഹായിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് മാനം മര്യാദക്ക് തല ഉയര്‍ത്തി നാട്ടില്‍ നടക്കേണ്ടതാണെന്ന് വിചാരിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം. ഇനിയും നാട്ടില്‍ പൊതുപ്രവര്‍ത്തനം നടത്തേണ്ടതാണെന്ന ധാരണ അദ്ദേഹത്തിന് സ്വന്തമായി ഉണ്ടാവേണ്ടതാണ്. മുഖ്യമന്ത്രിയുടെ രാജിക്കായി യു ഡി എഫുകാര്‍ തന്നെ രംഗത്തിറങ്ങേണ്ടുന്ന കാലം അനതിവിദൂരമല്ലെന്നും സി എന്‍ ചന്ദ്രന്‍ ഓര്‍മപ്പെടുത്തി.