പേരോടിന്റെ റമസാന്‍ പ്രഭാഷണം നാളെ അബുദാബിയില്‍; കാന്തപുരം മുഖ്യാതിഥി

Posted on: July 24, 2013 9:26 pm | Last updated: July 24, 2013 at 9:26 pm

perodeഅബുദാബി: ശൈഖ് ഖലീഫയുടെ റമസാന്‍ അതിഥിയായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ റമസാന്‍ പ്രഭാഷണം നാളെ (വ്യാഴം) അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കും. താറാവീഹ് നിസ്‌കാര ശേഷം നടക്കുന്ന പരിപാടി പ്രമുഖ വ്യവസായി പത്മശ്രീ എം എ യുസുഫലി ഉദ്ഘാടനം ചെയ്യും.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാഥിതിയായിരിക്കും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ പേരോട് ഇത് മൂന്നാം തവണയാണ് യു എ ഇ ഭരണാധികാരിയുടെ അതിഥിയായി റംസാന്‍ പ്രഭാഷണങ്ങള്‍ക്ക് രാജ്യത്ത് എത്തുന്നത്.
മൂന്നു പതിറ്റാണ്ടിലേറെയായി പ്രഭാഷണ വേദിയില്‍ നിറസാന്നിധ്യമായ പേരോട് ഇന്ത്യക്കകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ശ്രദ്ധേയമായ പ്രഭാഷണം നടത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കാന്‍ പതിനായിരങ്ങളാണ് സംബന്ധിക്കാറുള്ളത്. അബുദാബി നാഷണല്‍ തിയേറ്ററില്‍ അയ്യായിരത്തോളം പേര്‍ക്ക് ഇരുന്നു പ്രഭാഷണം ശ്രവിക്കാനുള്ള സൗകര്യമാണ് സംഘാടകര്‍ ഒരുക്കുന്നത്. സ്ത്രീകള്‍ക്കും പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അബുദാബി നഗരസഭയുടെ 32, 56, 52, 54, 34 എന്നീ നമ്പര്‍ ബസുകളില്‍ കയറിയാല്‍ നാഷണല്‍ തിയേറ്ററില്‍ എത്തിചേരാം. കൂടാതെ അന്നേദിവസം തറാവീഹ് നിസ്‌കാര ശേഷം വിവിധ പള്ളികളില്‍ നിന്നും പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശഹാമ, ബനിയാസ്, മുസഫ്ഫ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും ബസ് സൗകര്യം ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 050-5215997.