അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ: ജില്ലാ ബേങ്കും കുടുംബശ്രീയും ധാരണയായി

Posted on: July 24, 2013 4:41 am | Last updated: July 24, 2013 at 4:41 am

കോഴിക്കോട്: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് കുറഞ്ഞ പലി
ശ നിരക്കില്‍ ലിങ്കേജ് വായ്പ ലഭ്യമാക്കാന്‍ ജില്ലാ സഹകരണബേങ്കും കുടുംബശ്രീ ജില്ലാമിഷനും ധാരണയായി.
ആദ്യഘട്ടമായി ഒക്‌ടോബര്‍ 13നുള്ളില്‍ ജില്ലാസഹകരണ ബേങ്കില്‍ അക്കൗണ്ടുള്ള മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും ഗ്രേഡിംഗ് നടത്തി ലിങ്കേജ് വായ്പ അനുവദിക്കും.
വായ്പയുടെ പലിശ ഏഴ് ശതമാനമായി കുറക്കാന്‍ വേണ്ട സബ്‌സിഡി കുടുംബശ്രീ മിഷനില്‍ നിന്ന് അനുവദിക്കും. ബാങ്ക് വായ്പ നേടിയ അയല്‍ക്കൂട്ടങ്ങള്‍ക്ക് 5000 രൂപ വീതം മാച്ചിംഗ് ഗ്രാന്‍ഡ് അനുവദിക്കാനും തീരുമാനിച്ചു.
ലിങ്കേജ് വായ്പ നല്‍കാന്‍ വിമുഖത കാണിക്കുന്ന ബേങ്കുകളില്‍ നിന്ന് അയല്‍ക്കൂട്ടത്തിന്റെ അക്കൗണ്ടുകള്‍ ജില്ലാസഹകരണ ബേങ്കിന്റെ ബ്രാഞ്ചുകളിലേക്ക് മാറ്റുന്നതിന് കുടുംബശ്രീ ജില്ലാമിഷന്‍ അനുമതി നല്‍കും.
സംഘകൃഷി ചെയ്യുന്ന കുടുംബശ്രീ ജെ എല്‍ ജികള്‍ക്ക് വായ്പ അനുവദിക്കാന്‍ ബേങ്ക് പ്രത്യേക പാക്കേജ് തയ്യാറാക്കും. വായ്പ നല്‍കിയ ജെ എല്‍ ജികള്‍ക്ക് വേണ്ടി സി ഡി എസുകള്‍ക്ക് പ്രൊമോഷണല്‍ ഗ്രാന്‍ഡ് നബാര്‍ഡില്‍ നിന്ന് ലഭ്യമാക്കും. ബേങ്ക് ബ്രാഞ്ച് മാനേജര്‍മാരുടെ യോഗം ജില്ലാസഹകരണ ബേങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ രത്‌ന പ്രകാശ് അധ്യക്ഷനായിരുന്നു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ കെ മുഹമ്മദ് ഫൈസല്‍, ലീഡ് ബാങ്ക് ചീഫ് മാനേജര്‍ കെ ഭുവന്‍ ദാസ്, ലീഡ് ബാങ്ക് മാനേജര്‍ ഒ രവീന്ദ്രന്‍, ആര്‍സെറ്റി ഡയറക്ടര്‍ ബാലകൃഷ്ണന്‍, കുടുംബശ്രീ അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍കെ ഹരീഷ് കെ ഡി സി പ്ലാനിംഗ് വിഭാഗം മാനേജര്‍ എന്‍ നവനീത് കുമാര്‍, റീകണ്‍സിലിയേഷന്‍ വിഭാഗം മാനേജര്‍ പ്രദീപ് കുമാര്‍ സംസാരിച്ചു. പി എം താജ് അനുസ്മരണം നാളെ തുടങ്ങും.