Connect with us

Malappuram

അരീക്കോട്ടെ കൊലപാതകം: ജനരോഷമിരമ്പി

Published

|

Last Updated

അരീക്കോട്: ഭാര്യയെയും മക്കളെയും വെള്ളക്കെട്ടില്‍ തള്ളി മരണം കണ്ടാസ്വദിച്ച പ്രതി വാവൂര്‍ കൂടാംതൊടിക മുഹമ്മദ് ശരീഫിനെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ ജനരോഷമിരമ്പി.
അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിസരത്തും കൃത്യം നടന്ന ആലുക്കല്‍ പെരുങ്കടവ് റോഡിലും തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു.
വന്‍ പൊലീസ് സന്നാഹത്തോടെയാണ് പ്രതിയെ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് 12 മണിയോടെ അരീക്കോടെത്തിച്ചത്. കൂകി വിളിച്ചും തെറിയഭിഷേകം നടത്തിയുമാണ് നാട്ടുകാര്‍ അരിശം തീര്‍ത്തത്. ജനങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ശരീഫിനെ നാട്ടുകാര്‍ക്ക് കാണാനായി അല്‍പ്പസമയം സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തെവെ കൃത്യം നടത്തിയതെങ്ങനെന്ന് ശരീഫ് പൊലീസിനോട് വിശദീകരിച്ചു. നോമ്പ് തുറന്ന ശേഷം ഭാര്യയേയും മക്കളെയും കൂട്ടി ഷോപ്പിംഗിനായി കോഴിക്കോട് പോയത് കുടുംബ വഴക്കുകളൊന്നുമില്ലെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്ന് ശരീഫ് പൊലീസിനോട് പറഞ്ഞു. ആലുക്കലെത്തി പെരുങ്കടവ് റോഡിലേക്ക് പ്രവേശിച്ചതോടെ വഴി തെറ്റിയതായി ഭാര്യ പറഞ്ഞെങ്കിലും ഒന്നും മിണ്ടാതെ നേരെ വെള്ളക്കെട്ടിലേക്ക് ബൈക്ക് ചീറിപ്പായിക്കുകയായിരുന്നു. മൂവരുടെയും മരണം ഉറപ്പാക്കിയ ശേഷമാണ് നാട്ടുകാരെ വിവരമറിയിച്ചത്. ബൈക്ക് വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട സ്ഥലവും ചെറിയ കുട്ടിയെ വെള്ളത്തില്‍ നിന്നെടുത്ത സ്ഥലവും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. രക്ഷിക്കാന്‍ ശ്രമിച്ചു എന്നു വരുത്തിത്തീര്‍ക്കാന്‍ ഭാര്യയെ വെള്ളത്തില്‍ നിന്ന് അല്‍പ്പം വലിച്ചു കരക്കടുപ്പിച്ചിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു.

 

കൂട്ടക്കൊലക്ക് ശേഷം മുഹമ്മദ് ശരീഫിന്റെ
പെരുമാറ്റം സംശയം ജനിപ്പിച്ചു
അരീക്കോട്: കൂട്ടക്കൊലക്കു ശേഷം മുഹമ്മദ് ശരീഫ് ആശുപത്രിയില്‍ നിന്നും മാറിനിന്നത് തുടക്കത്തില്‍തന്നെ സംശയം ജനിപ്പിച്ചു. അപകടം നടന്ന് ഭാര്യയെയും രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച ശേഷം ശരീഫ് തിരികെ പോരുകയും വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ വന്ന് ചികിത്സ തേടുകയായിരുന്നു. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് തന്നെ തിരിച്ചയച്ചു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടാതെ വീട്ടിലേക്ക് പോകുകയാണുണ്ടായത്.
സംഭവം അപകടമാണെന്നും തനിക്കും പരുക്ക് പറ്റിയിട്ടുണ്ടെന്നും വരുത്തി തീര്‍ക്കാനായിരുന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയത് എന്ന് കരുതുന്നു. മെഡിക്കല്‍ കോളജില്‍ ശരീഫിന്റെ അസാന്നിധ്യം ഭാര്യാ ബന്ധുക്കളില്‍ സംശയം ജനിപ്പിക്കുകയും തന്ത്രപരമായി ഫോണ്‍ ചെയ്ത് മെഡിക്കല്‍ കോളജിലേക്ക് തിരിച്ചെത്തിക്കുകയുമായിരുന്നു. ഭാര്യയുടെയും കുട്ടികളുടെയും പോസ്റ്റ്‌മോര്‍ട്ടം ഉടന്‍ ചെയ്തുതരാമെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചതായും അതിന് ശരീഫിന്റ ഒപ്പ് ആവശ്യമാണെന്നും പറഞ്ഞാണ് ബന്ധുക്കള്‍ ശരീഫിനെ മെഡിക്കല്‍ കോളജിലേക്ക് വിളിച്ചുവരുത്തിയത്. ഇത് വിശ്വസിച്ച ശരീഫ് ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തി. ഇവിടെ വെച്ച് പ്രാഥമിക ചോദ്യം ചെയ്യലിനിടെ പരസ്പര വിരുദ്ധമായ ശരീഫിന്റെ മൊഴികള്‍ സംഭവം അപകടമല്ലെന്ന സംശയം ബലപ്പെടുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പഴുതടച്ച പൊലീസിന്റെ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.