സര്‍ക്കുലര്‍ പിന്‍വലിക്കുക തന്നെ ചെയ്യും: മന്ത്രി

Posted on: July 24, 2013 12:14 am | Last updated: July 24, 2013 at 12:14 am

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ പുറപ്പെടുവിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ താന്‍ ആരുടെയും സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് വ്യക്തമാക്കി. വകുപ്പ് സര്‍ക്കാറാണ് ഭരിക്കുന്നത്, ഡയറക്ടറല്ല. സര്‍ക്കാറിന് പ്രത്യേക നയവും സമീപനവുമുണ്ട്. സര്‍ക്കാറിന് യോജിക്കാന്‍ പറ്റാത്ത കാര്യത്തോട് ഡയറക്ടറുടെ അഭിപ്രായമാണെന്ന് കരുതി അംഗീകരിക്കാനാകില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ പരിചയക്കുറവാകാം ഇത്തരമൊരു സര്‍ക്കുലറിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കുലര്‍ പുറപ്പെടുവിച്ച ഡയറക്ടറുമായി സംസാരിക്കുകയാണ് ആദ്യം വേണ്ടതെന്നും എന്നാല്‍ അതിന് തനിക്ക് അവസരം ലഭിച്ചിട്ടില്ലെന്നും മന്ത്രി അബ്ദുര്‍റബ്ബ് പറഞ്ഞു.
എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറാണ് വിവാദമായത്. സര്‍ക്കുലറിലെ നിബന്ധനകള്‍ക്കെതിരെ ചില സാമുദായിക സംഘടനകളും സ്‌കൂള്‍ മാനേജ്‌മെന്റുകളും സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനകളും പരസ്യമായി രംഗത്തുവരികയും വ്യാപകമായ എതിര്‍പ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യാപകമായ തോതില്‍ നടക്കുന്ന അഴിമതി തടയാനും നിലവാരമുറപ്പ് വരുത്താനുമാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും ഇത് പഴയ ഉത്തരവുകളുടെ ഒരു ക്രോഡീകരണം മാത്രമാണെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് വിശദീകരണം നല്‍കിയിരുന്നു. അതിനാല്‍, മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നില്ല. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പരാതികളും കോടതി പരാമര്‍ശങ്ങളും ക്രോഡീകരിച്ചാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാറാണ് ശമ്പളം നല്‍കുന്നത്. ഇതിനാല്‍ നിയമനങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും സെക്രട്ടറിയെ ഡയറക്ടര്‍ അറിയിച്ചിരുന്നു.