നവാസ് ശരീഫിനെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതി തകര്‍ത്തു

Posted on: July 23, 2013 11:23 pm | Last updated: July 23, 2013 at 11:23 pm

nawas sherifഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചാവേര്‍ ആക്രമണ പദ്ധതി തകര്‍ത്തതായി സംയുക്ത അന്വേഷണ സംഘം(ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം-ജെ ഐ ടി). മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനിയുടെ മകന്‍ അലി ഹൈദര്‍ ഗീലാനിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് ലാഹോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വടക്കന്‍ വസീറിസ്ഥാനിലെ ഒരു തീവ്രവാദി സംഘം റായിവിന്‍ദിലെ വീട്ടില്‍വെച്ച് ശരീഫിനെ അപായപ്പെടുത്താന്‍ ലക്ഷ്യമിടുന്നതായി അന്വേഷണ സംഘം കണ്ടെത്തിയതെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദി സംഘം ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതായി പഞ്ചാബ് പോലീസിലെ ഇന്‍സ്‌പെക്ടര്‍ ജനറലിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ വസീറിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെഹരീകെ താലിബാനാണ് പദ്ധതിക്ക് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കമാന്‍ഡര്‍മാരായ മൈതുര്‍ റഹ്മാന്‍, മുഹമ്മദ് യാസിന്‍ എന്ന അസലം എന്നിവരാണ് ഇതിനു പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്.