Connect with us

Gulf

ശൈഖുല്‍ അസ്ഹര്‍ അഹ്മദ അല്‍ ത്വയ്യിബ് ഇസ്ലാമിക വ്യക്തിത്വം

Published

|

Last Updated

ദുബൈ:പതിനേഴാമത് അന്താരാഷട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിനോടനുബന്ധിച്ചുള്ള ഇസ്്‌ലാമിക വ്യക്തിത്വ പുരസ്‌കാരം പ്രമുഖ ഇസ്്‌ലാമിക പണ്ഡിതനും ശൈഖുല്‍ അസ്ഹറുമായ ഡോ. അഹ്്മദ് മുഹമ്മദ് അഹ്്മദ് അല്‍ ത്വയ്യിബിന്. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹ ജേതാവിനെ ഇന്നലെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 67 കാരനായ ഡോ, അഹ്്മദ് പണ്ഡിതനും എഴുത്തുകാരനുമാണ്. പണ്ഡിത കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

1977ല്‍ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയ അഹ്്മദ് അല്‍ ത്വയ്യിബ് പാരീസ് യൂനിവേഴ്‌സിറ്റിയില്‍ ആറു മാസക്കാലം ഗവേഷണ വിദ്യാര്‍ഥിയുമായിരുന്നു. അറബിക്കു പുറമെ ഫ്രഞ്ചും നന്നായി കൈകാര്യം ചെയ്യുന്ന അദ്ദേഹം വിവിധ രാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1969ല്‍ അല്‍ അസ്ഹറില്‍ അധ്യാപകനായി സേവനമാരംഭിച്ച ഡോ. അഹ്്മദ് ത്വയ്യിബ്, അസി. പ്രഫസറായും പ്രൊഫസറായും പ്രവര്‍ത്തിച്ചു. 2010ല്‍ അന്തരിച്ച ഡോ. മുഹമ്മദ് സയ്യിദ് തന്‍ത്വാവിയുടെ പിന്‍ഗാമിയായി ശൈഖുല്‍ അസ്ഹറായി നിയമിക്കപ്പെട്ടു. നിരവധി അന്താരാഷ്ട്ര ഇസ്്‌ലാമിക സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം ജാമിഅത്തുല്‍ ഇമാറാത്തില്‍ പ്രൊഫസറഫായും സേവനമനുഷ്ഠിച്ചു. നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയ ഡോ. അഹ്്മദ് അല്‍ ത്വയ്യിബ് ഫ്രഞ്ച് ഭാഷയില്‍ നിന്ന് അറബിയിലേക്ക് ചില ഗ്രന്ഥങ്ങള്‍ ഭാഷാന്തരപ്പെടുത്തിയിട്ടുമുണ്ട്.
2003ല്‍ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിക്കു ലഭിച്ച ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ ഇസ്്‌ലാമിക വ്യക്തിത്വ പുരസ്‌കാരം ഏറ്റുവാങ്ങിയത് ഇദ്ദേഹമായിരുന്നു. ഡോ. അഹ്്മദ് അല്‍ ത്വയ്യിബ് അനുവര്‍ത്തിച്ചുപോരുന്ന തീവ്രവാദവിരുദ്ധവും ഇസ്്‌ലാമിന്റെ തനതുമായ മധ്യനിലപാടുകള്‍ പുരസ്‌കാരത്തിനു തിരഞ്ഞെടുക്കാന്‍ നിര്‍ണായക ഘടകമായിട്ടുണ്ടെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

 

 

Latest