കൂടുതല്‍ പ്രവാസികള്‍ മലപ്പുറത്ത് നിന്ന്

Posted on: July 23, 2013 8:31 pm | Last updated: July 23, 2013 at 8:31 pm

pravasiദുബൈ: നാട്ടില്‍ പ്രവാസികളുടെ കണക്കെടുപ്പ് എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയില്‍. 2,66,000 പ്രവാസികള്‍ മലപ്പുറത്തുണ്ട്. ഒന്നേമുക്കാല്‍ ലക്ഷം പ്രവാസികളുള്ള തൃശ്ശൂര്‍ ജില്ലയാണ് തൊട്ടടുത്ത്. വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ്.
പ്രവാസികളുടെ പുനരധിവാസക്ഷേമ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായാണ് സര്‍വേ. കേരളത്തില്‍ എത്ര പ്രവാസികള്‍ ഉണ്ടെന്നതിനെക്കുറിച്ച് സര്‍ക്കാരിന്റെ കൈയില്‍ കൃത്യമായ കണക്കില്ലാത്തത് ഏറെ പരാതികള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് തുടങ്ങിയത്. മലപ്പുറം ജില്ലയില്‍ നോര്‍ക്കയുടെ സഹായത്തോടെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടത്തുന്നത്.
ജില്ലയെ 7,976 ബ്ലോക്കുകളിലായി തിരിച്ചാണ് കണക്കെടുപ്പ് നടത്തിയിരുന്നത്. ഇതില്‍ തിരൂര്‍, തിരൂരങ്ങാടി ബ്ലോക്കുകളിലെ കണക്കുകള്‍കൂടി ല്യിക്കാനുണ്ട്. ഇതുകൂടി പൂര്‍ത്തിയായാല്‍ രണ്ടേമുക്കാല്‍ ലക്ഷം പ്രവാസികള്‍ മലപ്പുറത്തുണ്ടാകും. ഒരു മാസത്തിനകം ജില്ലയിലെ പ്രവാസികളുടെ എണ്ണത്തെക്കുറിച്ചുള്ള കണക്കുകള്‍ പ്രസിദ്ധീകരിക്കും.
പ്രവാസി സര്‍വേ വഴി വിദേശത്ത് ജോലിചെയ്യുന്ന ആളുകളെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ കണ്ടെത്തുകയാണ് ഉദ്ദേശിക്കുന്നത്. ജോലിചെയ്യുന്ന രാജ്യം, തൊഴില്‍, തൊഴിലിന്റെ സ്വഭാവം, വോട്ടര്‍ പട്ടികയിലും മറ്റുരേഖകളിലും ഉള്‍പ്പെടുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.