കാരാപ്പുഴ അണയെ സംരക്ഷിത പ്രദേശമായി വിജ്ഞാപനം ചെയ്യുന്നത് വൈകുന്നു

Posted on: July 23, 2013 7:38 am | Last updated: July 23, 2013 at 7:38 am

കല്‍പറ്റ: വയനാട്ടിലെ കാക്കവയലിനു സമീപമുളള കാരാപ്പുഴ അണയെയും പരിസരങ്ങളെയും 1962ലെ ഇന്ത്യന്‍ ഡിഫന്‍സ് നിയമപ്രകാരം സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യുന്നത് വൈകുന്നു. ഇത് അണക്കടുത്തുളള സ്വകാര്യ ഭൂമികളിലെ റിസോര്‍ട്ടുകളുടേതടക്കം നിര്‍മാണങ്ങള്‍ക്ക് കടിഞ്ഞാണിടുന്നിനു വിഘാതമാകുകയാണ്. കാരാപ്പുഴ പദ്ധതി പ്രദേശത്തെ സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യണമെന്ന് ജലസേചന വകുപ്പ് കഴിഞ്ഞവര്‍ഷം ശിപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ നടപടികള്‍ മന്ദഗതിയിലാണ്. 
കാരാപ്പുഴയെ ജില്ലയിലെ മുഖ്യ വിനോദസഞ്ചാരകേന്ദ്രമാക്കുന്നതിനുള്ള നീക്കം പുരോഗതിയിലാണ്. ടൂറിസം പദ്ധതിയുടെ പ്രഥമഘട്ടം പൂര്‍ത്തിയക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. റോസ് പാര്‍ക്ക് ഉള്‍പ്പെടെ പദ്ധതികളാണ് ആദ്യഘട്ടത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കാരാപ്പുഴയില്‍ ജലവിമാന പദ്ധതിയും ടൂറിസം വകുപ്പിന്റെ പരിഗണനയിലുണ്ട്.
കാരാപ്പുഴ അണക്കടുത്തുള്ള സ്വകാര്യ ഭൂമികളില്‍ റിസോര്‍ട്ടുകളുടേതടക്കം നിര്‍മാണം തകൃതിയിലാണ്. സമീപകാലത്ത് 10 ബഹുനില റിസോര്‍ട്ടുകളാണ് അണയ്ക്കടുത്ത് പ്രവര്‍ത്തനം തുടങ്ങിയത്. 35 റിസോര്‍ട്ടുകളുടെ പണി നടന്നുവരികയാണ്. ടൂറിസം സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ജില്ലയ്ക്ക് പുറത്തുളളവരടക്കം അണയ്ക്ക് സമീപം ഭൂമി വാങ്ങി റിസോര്‍ട്ട് പണിതുകൂട്ടുന്നത്. അണയും സമീപപ്രദേശങ്ങളും സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യുന്നതിനു മുന്‍പ് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ ഇക്കൂട്ടര്‍ തിടുക്കം കാട്ടുന്നുമുണ്ട്. ചെറുകുന്നുകള്‍ ഇടിച്ചുനിരത്തിയാണ് പലേടത്തും നിര്‍മാണങ്ങള്‍.
ഡാം സുരക്ഷാ അതോറിറ്റിയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് അണയ്ക്ക് സമീപമുളള നിര്‍മാണങ്ങളെന്ന് ആരോപണമുണ്ട്. സ്വകാര്യ ഭുമികളില്‍ ഈ മഴക്കാലത്തുപോലും ചെറുകുന്നുകള്‍ ഇടിച്ചുനിരത്തിയതായി വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ പറഞ്ഞു. കാരാപ്പുഴ പദ്ധതി പ്രദേശത്ത് കൈയേറ്റങ്ങളും വ്യാപകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റിസര്‍വോയറിനോടു ചേര്‍ന്ന പ്രദേശങ്ങളാണ് സ്വകാര്യ വ്യക്തികള്‍ അധീനപ്പെടുത്തുന്നത്. ഇതിനെതിരെ ശക്തമായി രംഗത്തുവരാന്‍ ജലസേചന വകുപ്പ് തയാറാകുന്നില്ല. മഴക്കാലത്ത് നിര്‍മാണം നടത്തുന്ന പ്രദേശങ്ങളില്‍നിന്നു ഒലിക്കുന്ന മണ്ണ് അണയിലാണ് എത്തുന്നത്. റിസോര്‍ട്ടുകളില്‍നിന്നുള്ള മാലിന്യം അണയിലെ ജലത്തില്‍ കലരുന്നുമുണ്ട്. അണയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ പലതിലും ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിനു ശാസ്ത്രീയ സംവിധാനമില്ല. മണ്ണൊലിപ്പ് അണക്ക് ഭീഷണിയാണ്. മാലിന്യം കലരുന്നത് അണയിലെ ജലം കൂടുതല്‍ അശുദ്ധമാകുന്നതിനും വഴിയൊരുക്കുന്നു.
കാരാപ്പുഴ അണ ജലസ്രോതസാക്കി നിരവധി കുടിവെള്ള പദ്ധതികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കാരാപ്പുഴയില്‍നിന്നുകല്‍പറ്റ മുന്‍സിപ്പാലിറ്റിയില്‍ കുടിവെളളമെത്തിക്കുന്നതിനുള്ള പദ്ധതി ഈ വര്‍ഷാവസാനത്തോടെ കമ്മീഷന്‍ ചെയ്യാനിരിക്കയാണ്. അമ്പലയല്‍, മുട്ടില്‍, മൂപ്പൈനാട്, മേപ്പാടി, മീനങ്ങാടി പഞ്ചായത്തുകള്‍ക്കായി വാട്ടര്‍ അതോറിറ്റി വിഭാവനം ചെയ്ത വന്‍കിട കുടിനീര്‍ പദ്ധതികളുടെ സ്രോതസും കാരാപ്പുഴ അണയാണ്. രണ്ട് കുടിവെളള പദ്ധതികളുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് കാരാപ്പുഴയിലാണ് നിര്‍മിക്കുന്നത്. ഈ സാഹചര്യത്തില്‍ കാരാപ്പുഴ പദ്ധതി പ്രദേശത്തെ സംരക്ഷിതമേഖലയായി വിജ്ഞാപനം ചെയ്യുന്നതിനും സമീപത്തെ സ്വകാര്യ ഭൂമികളിലെ നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം പൊതുവെ ഉയരുന്നുണ്ട്.