പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: അച്ഛനെയും രണ്ടാനമ്മയുടെ ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു

Posted on: July 23, 2013 7:35 am | Last updated: July 23, 2013 at 7:35 am

പാലക്കാട്: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛനെയും രണ്ടാനമ്മയുടെ ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പറളി തേനൂര്‍ സ്വദേശികളായ രാധാകൃഷ്ണന്‍(40), കുട്ടന്‍ എന്ന മണി(55) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് സിഐ കെ എം ബിജു അറസ്റ്റ് ചെയ്തത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ചൈല്‍ഡ് ലൈനിലാണ് പീഡനം സംബന്ധിച്ച് പരാതി അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതനുസരിച്ച് പോലീസ് കേസെടുക്കുകയും വിദ്യാര്‍ഥിനിയെ മുട്ടിക്കുളങ്ങരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു. 
വൈദ്യപരിശോധനാ ഫലത്തില്‍ വിദ്യാര്‍ഥിനി ലൈംഗികവേഴ്ചയ്ക്ക് വിധേയയായതായി തെളിഞ്ഞിട്ടില്ല. അതേസമയം, പീഡിപ്പിച്ചതായുള്ള പരാതിയില്‍ വിദ്യാര്‍ഥിനി ഉറച്ചുനില്‍ക്കുകയാണ്. കുട്ടിയുടെ അമ്മ നേരത്തെ മറ്റൊരാളോടൊപ്പം ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് അച്ഛന്‍ രണ്ടാം വിവാഹം കഴിച്ചു. രണ്ടാനമ്മയുടെ ബന്ധുവിന്റെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ ബന്ധു മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഭാര്യമാര്‍ ജീവിച്ചിരിപ്പില്ല.
പ്രതികളെ ഇന്ന് സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ഥിനിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തുന്നതിനായി പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു.