Connect with us

Ongoing News

തിരക്കുകള്‍ക്കിടയിലെ നോമ്പുകാലം

Published

|

Last Updated

Ramzan Story Photo (Anil Mohammed)

അനില്‍ കെ എം

ആലപ്പുഴയിലെ കയര്‍ഫെഡ് ആസ്ഥാനത്ത് ഇന്നലെ തിരക്കിട്ട ചര്‍ച്ചകളുടെ മണിക്കൂറുകളായിരുന്നു. രാവിലെ ബോര്‍ഡ് മെമ്പര്‍മാരുടെ മീറ്റിംഗ്, അതു കഴിഞ്ഞ് തൊഴിലാളി യൂനിയന്‍ നേതാക്കളുമായുള്ള ചര്‍ച്ച, ഓണക്കാലത്തെ വിപണന സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക മീറ്റിംഗ് . എല്ലാം കഴിഞ്ഞ് കയര്‍ഫെഡ് എം ഡി മുഹമ്മദ് അനില്‍ ഔദ്യോഗിക വാഹനത്തില്‍ കയറുമ്പോള്‍ പതിവിലും വൈകി. ഓഫീസില്‍ നിന്ന് ധൃതിയില്‍ യാത്ര പറഞ്ഞിറങ്ങിയതാണ്. നോമ്പു തുറക്കാന്‍ വീട്ടിലെത്തണം. കൊല്ലം കരുനാഗപ്പള്ളി പുത്തന്‍തെരു ലക്ഷ്യമാക്കി കാര്‍ വേഗത്തില്‍ നീങ്ങി. പക്ഷേ, കൊറ്റുകുളങ്ങരയിലെത്തിയപ്പോള്‍ മഗ്‌രിബ് ബാങ്ക് വിളി കേട്ടു. ഡ്രൈവര്‍ കാര്‍ ഒതുക്കി നിര്‍ത്തി. പള്ളിയില്‍ കയറി നോമ്പു തുറന്ന് നിസ്‌കാരവും കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഡ്രൈവര്‍ അനിലിനുള്ള പഴങ്ങളും പലഹാരങ്ങളും കൈയിലെടുത്തു. 7.20 ഓടെയാണ് പുത്തന്‍തെരുവിലെ വീട്ടിലെത്തിയത്. പത്തിരിയും മീന്‍കറിയുമായിരുന്നു വിഭവങ്ങള്‍. പിന്നെ നേരെ പുത്തന്‍തെരുവിലെ പള്ളിയിലേക്ക്. ഇശാഅും തറാവീഹും വിത്‌റും കഴിഞ്ഞ് പള്ളിയുടെ പടിഞ്ഞാറെ ചെരുവില്‍ അടയാളം വെച്ച മുസ്ഹഫ് എടുത്തു അല്‍പ്പം ഓതി. സുബ്ഹിക്കും ഇതാണ് പതിവ്. ചിലപ്പോള്‍ ഇശാഅ് കഴിഞ്ഞാല്‍ തറാവീഹിന് മുമ്പായും അല്‍പ്പം ഖുര്‍ആന്‍ പാരായണം ചെയ്യും. ഇപ്പോള്‍ പകുതിയോളമായി. എത്ര തിരക്കുണ്ടെങ്കിലും റമസാന്‍ കഴിയുമ്പോഴേക്കും മുഴുവന്‍ ഓതിത്തീര്‍ക്കണം. ഖുര്‍ആന്‍ പാരയണം ചെയ്യുന്നതു പോലെ കേള്‍ക്കാനും സമയം കണ്ടെത്താറുണ്ട്. പുത്തന്‍തെരു പള്ളിയിലെ ഇമാം ഹാഫിളായ സ്വാദിഖ് മൗലവിയുടെ ഖുര്‍ആന്‍ പാരായണം വല്ലാത്തൊരു അനുഭൂതിയാണ് പകരുക. യാത്രകളിലെ ഇടവേളകളിലും ഖുര്‍ആന്‍ പാരായണത്തിനാണ് സമയം കണ്ടെത്താറുള്ളത്.

റമസാനെ വളരെ ഗൗരവത്തോടെയാണ് ഞാന്‍ കാണുന്നതെന്ന് മുഹമ്മദ് അനില്‍ പറയുന്നു. റമസാന്‍ മിതത്വമെന്ന സന്ദേശമാണ് നല്‍കുന്നത്. ആര്‍ഭാടത്തോട് ഒരിക്കലും യോജിക്കാനാകില്ല. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ ഇഫ്താര്‍ പാര്‍ട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കാറാണ് പതിവ്. ഇശാഅ് വരെ നീണ്ടു നില്‍ക്കുന്ന ഇഫ്താര്‍ പാര്‍ട്ടികളില്‍ സംഘാടകര്‍ക്ക് പലപ്പോഴും നിസ്‌കാരത്തിന് സമയം ലഭിക്കാറില്ലെന്നത് ആരും ഗൗരവമായി കാണാറില്ല. വീട്ടിലും മിതമായ ഭക്ഷണ രീതിയാണ് പതിവ്. അത്താഴത്തിന് സ്ഥിരമായി കട്ടന്‍ ചായയും ഈത്തപ്പഴവുമാണ് ഭക്ഷണം. ഇതു കഴിച്ചാണ് നോമ്പ് പിടിത്തം. റമസാന്‍ മുന്നോട്ടുവെക്കുന്ന സന്ദേശം വളരെ വലുതാണ്. അതിനെ വിഭവസമൃദ്ധമായ ഭക്ഷണകൂട്ടുകളുടെ ഉത്സവമാക്കി മാറ്റുന്നത് ഒഴിവാക്കണം. അതിനായി എല്ലാവരും പരിശ്രമിക്കണം. സാധാരണ ദിവസങ്ങളില്‍ ഓഫീസില്‍ രാത്രി എട്ട് വരെ കാണും. റമസാനില്‍ ജോലി നേരത്തെ തീര്‍ത്ത് 5.30 ന് തന്നെ ഇറങ്ങാന്‍ ശ്രമിക്കും. ചില ദിവസങ്ങളില്‍ അതിനു കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ള ദിവസങ്ങളില്‍ വഴിയോരത്തെ പള്ളികളെ ആശ്രയിക്കും.

---- facebook comment plugin here -----

Latest