സമയ പരിധി അടുത്ത മാസം അവസാനിക്കും

Posted on: July 22, 2013 10:00 pm | Last updated: July 22, 2013 at 10:23 pm

അബുദാബി;എമിറേറ്റില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ മറ്റ് എമിറേറ്റുകളില്‍ താമസിക്കരുതെന്ന നിയമത്തില്‍ നല്‍കിയ ഒരു വര്‍ഷത്തെ ഇളവ് അടുത്ത മാസം അവസാനം അവസാനിക്കാനിരിക്കേ കൂടുതല്‍ പേര്‍ ദുബൈയില്‍ നിന്നും അബുദാബിക്ക് മാറിത്തുടങ്ങി. 2012 സെപ്തംബറിലായിരുന്നു അബുദാബി സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യ വിഭവ വിഭാഗം ഇക്കാര്യം കാണിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. പെട്ടെന്നുള്ള കൂടുമാറ്റം ജീവനക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് കണ്ടതിനാലാണ് ഒരു വര്‍ഷത്തെ സമയം വീടു മാറാന്‍ അനുവദിച്ചത്. ഇതിന് കൂട്ടാക്കത്തവര്‍ക്ക് വീട്ടുവാടക ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് നിര്‍ത്താനും അബുദാബി ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു മനുഷ്യ വിഭവ വിഭാഗം സര്‍ക്കുലര്‍ ഇറക്കിയത്. ആളുകള്‍ കൂട്ടത്തോടെ വീട് മാറാന്‍ ആരംഭിച്ചതോടെ ദുബൈഅബുദാബി റൂട്ടില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കയാണ്.

2013ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ അബുദാബിക്ക് താമസം മാറ്റുന്നവരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് വീട്ടു സാധനങ്ങള്‍ മാറ്റുന്നതില്‍ വിദഗ്ധരായ ഇ മൂവേഴ്‌സ് എന്ന ഓണ്‍ലൈന്‍ സ്ഥാപനം നടത്തിയ പഠനം വ്യക്തമാക്കുന്നു. ഈ വര്‍ഷം മാറുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഇ മൂവേഴ്‌സ് കമ്പനിയുടെ സഹ സ്ഥാപകനായ ചിരന്തന്‍ ജോഷി വ്യക്തമാക്കി.
അബുദാബിക്കും ദുബൈ ക്കും ഇടയില്‍ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കും അബുദാബിയില്‍ പണിപൂര്‍ത്തിയായ നിരവധി കെട്ടിടങ്ങള്‍ താമസക്കാരെ ലഭിക്കാതെ വെറുതെ കിടക്കുന്നതുമാണ് നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത്. രാവിലെയും വൈകുന്നേരവും അബുദാബിക്കും ദുബൈക്കും ഇടയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വന്‍തോതില്‍ സഞ്ചരിക്കുന്നത് കനത്ത ഗതാഗതക്കുരുക്കിനൊപ്പം നിരവധി അപകടങ്ങള്‍ക്കും വഴിവെക്കുന്നതായും സര്‍ക്കാര്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു.
സമയത്തിന് ഓഫീസില്‍ എത്താന്‍ ധൃതിപിടിച്ച് ഗതാഗത നിയമങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാതെയാണ് പലരും വാഹനം ഓടിക്കുന്നത്. ഇത് രാവിലെ ദുബൈക്കും അബുദാബിക്കും ഇടയില്‍ കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. അമിതമായ തോതില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് ഇന്ധന നഷ്ടത്തിനും പരിസ്ഥിതി മലിനീകരണത്തിനും ഇടയാക്കുന്നതും സര്‍ക്കാര്‍ നടപടിയെ സ്വാധീനിച്ച ഘടകമാണ്.
സാധനങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ വിദഗ്ധരായ ബോക്‌സ് സെല്‍ഫ് സ്റ്റോറജ് സര്‍വീസസ് കമ്പനി അധികൃതരും അബുദാബിയിലേക്ക് മാറുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നതായി വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ് മാറിത്താമസിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ദൃശ്യമായതെന്ന് കമ്പനിയുടെ സെയില്‍സ് ആന്‍ഡ് ഓപറേഷന്‍സ് മാനേജര്‍ ലിസ ജാക്‌സണ്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ 30 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളും ബിസിനസില്‍ വര്‍ധനവ് സംഭവിച്ചതായി വെളിപ്പെടുത്തി. ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ പ്രോപര്‍ട്ടിഫൈന്റര്‍ ഡോട്ട് കോമും കൂടുതല്‍ ആളുകള്‍ ബന്ധപ്പെടുന്നതായി അറിയിച്ചു. അബുദാബി പ്രോപര്‍ട്ടി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 125 ശതമാനം വര്‍ധനവാണ് ബിസിനസില്‍ സംഭവിച്ചതെന്ന് വ്യക്തമാക്കുന്നു. 2012 ജൂണില്‍ 14,829 അന്വേഷണങ്ങളായിരുന്നു ഉണ്ടായതെങ്കില്‍ ഈ ജൂണില്‍ അത് 3,21,602 ആയി ഉയര്‍ന്നിരിക്കയാണ്. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ കമ്പനി അധികൃതര്‍ പ്രതികരിച്ചു.
ദുബൈയെ അപേക്ഷിച്ച് അബുദാബിയില്‍ ജീവിത നിലവാരം ഉയര്‍ന്നതാണെന്നതും വീട്ടു വാടകയില്‍ വലിയ അന്തരം നിലനില്‍ക്കുന്നതുമാണ് പലരെയും നിയമത്തിന്‍ അനുവദിച്ച ഇളവ് പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. സെപ്തംബര്‍ ഒന്നു മുതല്‍ കടുത്ത നടപടി ഉറപ്പായതാണ് പലരെയും മാറാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.