അബ്ദുല്ലത്വീഫ് സഅദി പഴശ്ശിയുടെ പ്രഭാഷണം ബുധനാഴ്ച

Posted on: July 22, 2013 10:00 pm | Last updated: July 22, 2013 at 10:00 pm

ദുബൈ: 17-ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി മലയാളികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണ വേദിയില്‍ ഈ മാസം 24 (ബുധന്‍) ന് അബ്ദുല്ലത്വീഫ് സഅദി പഴശ്ശി ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറേറാറിയത്തില്‍ പ്രഭാഷണം നടത്തുമെന്ന് ജാമിഅ സഅദിയ്യ അറബിയ്യ ഇന്ത്യന്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരു നബി മാര്‍ഗദര്‍ശനം ജനങ്ങളില്‍’ എന്നതാണ് പ്രഭാഷണ വിഷയം. ജനങ്ങളുടെ വ്യക്തി ജീവിതം മുതല്‍ അന്താരാഷ്ട്ര തലം വരെ കലുഷമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ‘തിരു നബിയുടെ മാര്‍ഗദര്‍ശനം ജനങ്ങളില്‍’ എന്ന വിഷയം ഏറെ പ്രസക്തമാണ്. പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സഅദിയ്യയുടെ വിവിധ ഘടകങ്ങള്‍, അലുംനി ഫോറം, ഐ സി എഫ്, ആര്‍ എസ് സി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടന്ന് വരികയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രഭാഷണം ശ്രവിക്കാന്‍ എത്തുന്നവര്‍ക്കായി ഓഡിറ്റോറിയത്തിനു പുറത്തും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സ്റ്റേജിലെ പരിപാടികള്‍ ദര്‍ശിക്കാന്‍ വലിയ സ്‌ക്രീനുകളും സ്ഥാപിക്കുന്നുണ്ട്. ജാമിഅ സഅദിയ്യ അറബിയ്യക്ക് ഹോളി ഖുര്‍ആന്‍ പരിപാടിയില്‍ പ്രതിനിധിയെ പങ്കെടുപ്പിക്കാന്‍ അവസരം ലഭിച്ചതു ആദ്യമായിട്ടാണ്. പരിപാടി ശ്രോതാക്കളുടെ പങ്കാളിത്തം കൊണ്ട് വന്‍ വിജയമാക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിററി, മത കാര്യ വകുപ്പ് പ്രതിനിധികള്‍ക്ക് പുറമെ സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സെയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തുടങ്ങി കേരളത്തില്‍ നിന്നുള്ള പണ്ഡിതരും സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളും വ്യവസായിക പ്രമുഖരും മറ്റും അതിഥികളായി പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ശംസുദ്ദീന്‍ ബാ അലവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അഹമ്മദ് മുസ്‌ലിയാര്‍ മേല്‍പ്പറമ്പ്, അബ്ദുല്‍ കരീം തളങ്കര, ശംസുദ്ദീന്‍ പയ്യോളി, ഇസ്മായില്‍ ഉദിനൂര്‍, സംലീം ആര്‍ ഇ സി സംബന്ധിച്ചു.