ജപ്പാന്‍ ഉപരിസഭാ തിരഞ്ഞെടുപ്പില്‍ ഭരണപക്ഷ സഖ്യത്തിന് മുന്നേറ്റം

Posted on: July 22, 2013 8:09 am | Last updated: July 22, 2013 at 8:09 am

japanടോക്യോ: ജപ്പാന്‍ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ ഡി പി)ക്ക് മുന്നേറ്റം. തിരഞ്ഞെടുപ്പില്‍ എല്‍ ഡി പിക്ക് വ്യക്തമായ ലീഡ് ലഭിച്ചിട്ടുണ്ടെന്ന് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. ഇതോടെ ഇരുസഭകളിലും വ്യക്തമായ ഭൂരിപക്ഷം സൃഷ്ടിച്ചെടുക്കാന്‍ ആബെക്ക് സാധിക്കും. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഭരണപക്ഷ പാര്‍ട്ടിക്ക് ഇരു സഭകളുടെയും അധികാരം ലഭിക്കുന്നത്.
ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം ഇന്നുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആബെയുടെ എല്‍ ഡി പിയും പ്രധാന സഖ്യകക്ഷിയായ ന്യു കോമെയ്‌റ്റോയും കനത്ത തിരിച്ചുവരവാണ് നടത്തിയതെന്നും 242 അംഗമുള്ള സഭയില്‍ 130 സീറ്റ് ഭരണപക്ഷ പാര്‍ട്ടിക്ക് ഉറപ്പിച്ചിട്ടുണ്ടെന്ന് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സീറ്റ് പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഉപരിസഭാ തിരഞ്ഞെടുപ്പിലെ ലീഡ് നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ആബെയുടെ സാമ്പത്തിക നയങ്ങള്‍ക്കും പദ്ധതികള്‍ക്കും പുതിയ തിരഞ്ഞെടുപ്പ് ഫലം ഗുണം ചെയ്‌തേക്കും. ഇരുസഭകളിലും ഭൂരിപക്ഷം കിട്ടിയ സ്ഥിതിക്ക് വേഗത്തില്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രിക്കാകുമെന്ന് ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി മുന്നിട്ടിറങ്ങിയതാണ് പാര്‍ട്ടിക്ക് ഗുണം ചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കരണം ജനം അംഗീകരിച്ചതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി ആബെ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടിയുള്ള പരിഷ്‌കരണത്തില്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.